പരസ്പരം പോരടിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും വ്യവസായി ഇലോണ്‍ മസ്കും. ട്രംപ് നന്ദികേട് കാണിച്ചെന്നും തന്‍റെ സഹായം ഇല്ലായിരുന്നുവെങ്കില്‍ തിരഞ്ഞെടുപ്പില്‍ തോറ്റേനേയെന്നും മസ്ക് എക്സില്‍ കുറിച്ചു. മസ്കിന് നല്‍കുന്ന ഇളവുകള്‍ അവസാനിപ്പിച്ചാല്‍ പണം ലാഭിക്കാമെന്ന് ട്രംപ് തിരിച്ചടിച്ചു.
തിരഞ്ഞെടുപ്പില്‍ മസ്ക് നല്‍കിയ സാമ്പത്തിക,സമൂഹമാധ്യമ പിന്തുണയില്‍ തുടങ്ങിയ ബന്ധം ഒടുവില്‍ സമൂഹമാധ്യമത്തിലെ വിഴുപ്പലക്കലില്‍ അവസാനിക്കുന്നു. പ്രാദേശിക നികുതികള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ട്രംപ് അവതരിപ്പിച്ച നികുതി നയത്തിനെതിരെ മസ്ക് വിമര്‍ശനമുന്നയിച്ചതാണ് അകല്‍ച്ചയ്ക്ക് കാരണം. പെന്‍സില്‍വേനിയയിലെ തിരഞ്ഞെടുപ്പ് ജയിച്ചത് മസ്കിന്‍റെ സഹായമില്ലാതെയാണെന്ന് ട്രംപ് പറഞ്ഞത് മസ്കിനെ പ്രകോപിപ്പിച്ചു. തുടര്‍ന്ന് ട്രംപിനെതിരെ എക്സില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍. ട്രംപിന്‍റെ താരിഫ് നയം അമേരിക്കയെ സാമ്പത്തികമാന്ദ്യത്തിലേക്ക് നയിക്കുമെന്ന് മസ്ക്. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്നും പകരം ജെ.ഡി.വാന്‍സിനെ പ്രസിഡന്റ് ആക്കണമെന്ന പോസ്റ്റിനോട് യെസ് എന്നായിരുന്നു മസ്കിന്‍റെ പ്രതികരണം.
മധ്യവര്‍ഗക്കാരെ പ്രതിനിധീകരിക്കുന്ന പുതിയ പാര്‍ട്ടിയുണ്ടാക്കേണ്ടതുണ്ടോയെന്ന എക്സ് സര്‍വേയ്ക്കും മസ്ക് തുടക്കമിട്ടു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീകമായി ഉപയോഗിച്ചുവെന്നതടക്കം കേസുകള്‍ നേരിട്ട ശതകോടീശ്വരനായ ജെഫ്രി എപ്സ്റ്റീന്‍റെ കേസ് ഫയലുകളില്‍ ട്രംപിന്‍റെ പേരുണ്ടെന്നും മസ്ക് പറഞ്ഞു. എപ്സ്റ്റീന്‍ സംഘടിപ്പിച്ച പാര്‍ട്ടിയില്‍ ട്രംപ് പങ്കെടുക്കുന്ന ദൃശ്യങ്ങളും മസ്ക് എക്സില്‍ ഷെയര്‍ ചെയ്തു.
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള നികുതി ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുന്ന വ്യവസ്ഥയാണ് പ്രശ്നം സൃഷ്ടിക്കാന്‍ കാരണമെന്ന ട്രംപിന്‍റെ പ്രസ്താവന മസ്ക് നിഷേധിച്ചു. നികുതി നിയമം തന്നെ കാണിച്ചെന്ന ട്രംപിന്‍റെ പ്രസ്താവനയും മസ്ക് തള്ളി. മസ്കിനെ ധാരാളം സഹായിച്ചിട്ടുണ്ടെന്നും ആ സൗഹൃദം എത്രകാലം തുടരുമെന്ന് പറയാനാകില്ലെന്ന് ട്രംപും വ്യക്തമാക്കി. ഒടുവില്‍ മസ്കിന് നല്‍കിയിരുന്ന ഇളവുകളും കരാറുകളും അവസാനിപ്പിച്ചാല്‍തന്നെ കോടികള്‍ ലാഭിക്കാമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.