A Ryanair passenger jet stands on the apron at Memmingen Airport, southern Germany, Wednesday, June 4, 2025, as the plane made an emergency landing due to the turbulence. (Jason Tschepljakow/dpa via AP)
പറന്നുപൊങ്ങിയതിനു തൊട്ടുപിന്നാലെയുണ്ടായ ഇടിമിന്നലിലുണ്ടായ ആകാശച്ചുഴിയില്‍പെട്ട് വിമാനം. യാത്രക്കാരായ ഒന്‍പതുപേര്‍ക്ക് പരുക്ക്. ജര്‍മനിയിലെ മെമ്മിങ്ജെന്‍ വിമാനത്താവളത്തിലാണ് സംഭവം. റയാന്‍എയറിന്‍റെ വിമാനം അടിയന്തര ലാന്‍ഡിങ്ങിന് വിധേയമാക്കി എന്നാണ് വിവരം. കാലാവസ്ഥ പ്രതികൂലമായിരുന്നുവെന്ന് പൈലറ്റ് വ്യക്തമാക്കി.
ബെര്‍ലിനില്‍ നിന്ന് മിലനിലേക്ക് പറന്ന വിമാനമാണ് ആകാശച്ചുഴിയില്‍പെട്ടത്. മ്യൂണിക്കില്‍ നിന്ന് 115 കിലേമീറ്റര്‍ അകലെയുള്ള മെമ്മിങ്ജെന്‍ വിമാനത്താവളത്തില്‍ അടിയന്തരമായി വിമാനം ലാന്‍ഡ് ചെയ്തശേഷം പരുക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കി. പരുക്കേറ്റവരില്‍ രണ്ടുവയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. ഒരു യുവതിയുടെ തലയ്ക്ക് ഗുരുതര പരുക്കേറ്റു. 59 വയസ്സുള്ള മറ്റൊരു സ്ത്രീ കലശലായ നടുവേദന അനുഭവപ്പെടുന്നു എന്നുപറഞ്ഞാണ് ചികിത്സ തേടിയിരിക്കുന്നത്. പരുക്കേറ്റ ഒന്‍പതുപേരും ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുന്നതിനു മുന്‍പ് തന്നെ പൈലറ്റ് വൈദ്യസഹായത്തിനായി അഭ്യര്‍ഥിച്ചു എന്നാണ് റയാന്‍എയറിന്‍റെ ഔദ്യോഗിക വിശദീകരണത്തിലുള്ളത്. ഖേദം പ്രകടിപ്പിച്ച വിമാനക്കമ്പനി യാത്രക്കാര്‍ക്ക് മിലനിലേക്ക് മറ്റ് വിമാനത്തില്‍ യാത്ര ചെയ്യാനുള്ള സൗകര്യവുമൊരുക്കി.