File Image: AFP

പാക് സൈനിക മേധാവി അസിം മുനീറിനെതിരെ ഗുരുതര ആരോപണവുമായി പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടും വഴങ്ങാതെ വന്നതോടെയാണ് തന്‍റെ ഭാര്യയായ ബുഷറ ബീവിയെ കള്ളക്കേസ് ചുമത്തി സൈന്യം ജയിലിലടച്ചതെന്നും ഇമ്രാന്‍ ആരോപിച്ചു. 14 മാസമാണ് ബുഷ്റയെ കരുതല്‍ തടങ്കലിലിട്ട് പീഡിപ്പിച്ചതെന്നും തീര്‍ത്തും മനുഷ്യത്വരഹിതമായാണ് ഇടപെട്ടതെന്നും ഇമ്രാന്‍ പറയുന്നു. 

ബുഷ്റയെ കാണാന്‍ ഇടനിലക്കാരെ ആദ്യം അയച്ചു. ആവശ്യം നിരസിച്ച ബുഷ്റ, ഭരണപരമായ കാര്യങ്ങളിലും തീരുമാനങ്ങളിലും താന്‍ ഇടപെടില്ലെന്ന് മറുപടിയും നല്കി

ഇമ്രാന്‍റെ ഭരണകാലത്ത്, അസിം മുനീറിനെ ഐഎസ്ഐ മേധാവിയുടെ പദവിയില്‍ നിന്ന് നീക്കിയിരുന്നു. ഇതിന് പിന്നാലെ സ്ഥാനം തിരിച്ചു കിട്ടുന്നതിനായി ഇടനിലക്കാര്‍ വഴി ബുഷ്റയുമായി ബന്ധപ്പെടാന്‍ മുനീര്‍ ശ്രമിച്ചെന്നാണ് എക്സിലെ വെളിപ്പെടുത്തല്‍. അസിം മുനീറിന്‍റെ ആവശ്യം നിരസിച്ച ബുഷ്റ, ഭരണപരമായ കാര്യങ്ങളിലും തീരുമാനങ്ങളിലും താന്‍ ഇടപെടില്ലെന്ന് അറിയിക്കുകയും ചെയ്തു. ഇതിന്‍റെ പ്രതികാരമായാണ് കള്ളക്കേസുകളില്‍ കുടുക്കി ബുഷ്റയെ തടവിലാക്കിയെതന്നും യാതൊരു രാഷ്ട്രീയ ആഭിമുഖ്യങ്ങളും താല്‍പര്യവുമില്ലാതെ സ്വകാര്യ ജീവിതം നയിച്ച അവരെ മാനസികമായി പീഡിപ്പിച്ചുവെന്നും ഇമ്രാന്‍ കുറിച്ചു. ബുഷ്റയ്ക്കെതിരെ ആരോപിക്കപ്പെട്ട കുറ്റങ്ങളില്‍ ഒന്നുപോലും ഇതുവരെയും തെളിയിക്കാനായില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ നാലാഴ്ചയായി ഭാര്യയെ കാണാന്‍ തന്നെ അനുവദിച്ചിട്ടില്ലെന്നും ഇമ്രാന്‍ വെളിപ്പെടുത്തി.

തന്നെയും തന്‍റെ പാര്‍ട്ടിയെയും രാഷ്ട്രീയമായും അല്ലാതെയും തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും ഇമ്രാന്‍ ആരോപിച്ചു. 2023 മേയ് ഒന്‍പതിലെ അക്രമങ്ങളില്‍ തെഹ്​രീക് ഇ ഇന്‍സാഫ് അനുയായികളായ 11 പേര്‍ കുറ്റക്കാരെന്ന് പാക് കോടതി വിധിച്ചിരുന്നു. 72കാരനായ ഇമ്രാനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ അനുയായികള്‍ ഇസ്​ലമാബാദിലെങ്ങും അക്രമം അഴിച്ചുവിടുകയായിരുന്നു. പൊതുസ്ഥലത്തെ വസ്തുവകകള്‍ നശിപ്പിച്ച പ്രവര്‍ത്തകര്‍ വലിയ നാശനഷ്ടങ്ങളും ഉണ്ടാക്കി. വിവിധ കേസുകളിലായി റാവല്‍പിണ്ടിയിലെ അഡ്യാല ജയിലിലാണ് ഇമ്രാന്‍. 

അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിനും ഇന്ത്യയ്​ക്കെതിരായ സൈനിക നടപടിക്കും പിന്നാലെ അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് ഉയര്‍ത്തിയിരുന്നു. 2018 കാലയളവില്‍ ഐഎസ്ഐ മേധാവിയായിരുന്ന ജനറല്‍ മുനീര്‍,  2022 നവംബറിലാണ് പാകിസ്ഥാന്റെ കരസേനാ മേധാവിയാകുന്നത്. ഒരു വർഷത്തിനുശേഷം, പാർലമെന്ററി നിയമ ഭേദഗതിയിലൂടെ കാലാവധി അഞ്ച് വർഷമായി ഉയർത്തിയിരുന്നു. സാധാരണ സേനാമേധാവിയുടെ കാലാവധി മൂന്ന് വർഷമായിരുന്നു.

ENGLISH SUMMARY:

Former Pakistan PM Imran Khan alleges Army Chief Asim Munir tried to influence his wife, Bushra Bibi, and then falsely imprisoned her for 14 months after she refused. Khan claims this was retaliation for her non-interference in political matters.