വേട്ടയ്ക്ക് ഇറങ്ങിയ ചാള്‍സ് മൂന്നാമന്‍ രാജാവിന് വെടിവയ്ക്കാന്‍ ഫെസന്റുകള്‍ കുറവ്. ദേഷ്യം പിടിച്ച കിങ് ചാള്‍സ്, എസ്റ്റേറ്റിലെ ജീവനക്കാരനെപുറത്താക്കി. രാജകുടുംബത്തിന്റെ നോര്‍ഫോക്കിലെ സാന്‍ഡ്രിംഗ്ഹാം എസ്റ്റേറ്റിലാണ് ചാള്‍സ് വേട്ടയ്ക്ക് എത്തിയത്. നേരത്തേ എലിസബത്ത് രാഞ്ജിയും, ഇപ്പോള്‍ ചാള്‍സ് രാജാവും വിനോദത്തിനായി എത്തുന്നത് ഇവിടെയാണ്.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ സ്വകാര്യവസതികളില്‍ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങളും ഇവിടെത്തന്നെയാണ് നടക്കാറുള്ളത്. ബ്രീട്ടീഷ് രാജകുടുംബത്തിന് കീഴിലുള്ള ഈ എസ്റ്റേറ്റില്‍ വേട്ടയാടുന്ന പക്ഷികളുടെ എണ്ണം കുറയുന്നതായാണ് വിവരം.
വിനോദത്തിനായി കിങ് ചാള്‍സ് പക്ഷികളെ വേട്ടയാടുന്നത് പതിവാണ്. പ്രത്യേകിച്ച് , ഫെസന്റ് വെടിവയ്പ് രാജാക്കന്‍മാര്‍ക്കിടയിലെ ഒരു ശൈത്യകാല വിനോദവുമാണ്. വേട്ടയാടലിനായി ഇംഗ്ലണ്ടില്‍ വളര്‍ത്തുന്ന പക്ഷികളില്‍ ഒന്നാണ് ഫെസന്റുകള്‍. വേട്ടയാടുക എന്ന ലക്ഷ്യത്തോടെയാണ് ഫെസന്റുകളെ വളര്‍ത്തുന്നത് തന്നെ. എന്തായാലും സാന്‍ഡ്രിംഗ് ഹാമിലെ പക്ഷി പ്രതിസന്ധിയില്‍ അസ്വസ്ഥനാണ് ചാള്‍സ്.
എല്ലാ വര്‍ഷവും, സാന്‍ഡ്രിംഗ് ഹാമില്‍ ബോക്സിങ് ഡേ ഷൂട്ടിങ് നടത്താറുണ്ട്. എന്നാല്‍ ഇത്തവണ ഷൂട്ടിങ് പാര്‍ട്ടി തന്നെ റദ്ദാക്കുമെന്നാണ് ചാള്‍സ് പറയുന്നത്. പക്ഷികളെ ഇറക്കുമതി ചെയ്യുന്നതിലും കിങ് ചാള്‍സിന് താല്‍പര്യമില്ല.