വളര്‍ത്തുനായയുമായി നടക്കാനിറങ്ങുന്നതുപോലെ കടുവയുടെ കഴുത്തില്‍ ചങ്ങലയിട്ട് ഗമയില്‍ നടക്കുന്ന ഒരു വിഡിയോയും കുറച്ച് ചിത്രങ്ങളും. അതുമോഹിച്ചാണ് ഇന്ത്യക്കാരനായ യുവാവ് തായ്‌ലന്‍റിലെ ഫുക്കേട്ടിലെത്തിയത്. പക്ഷേ കടുവയ്ക്കൊപ്പമുണ്ടായിരുന്ന സമയത്തെക്കുറിച്ച് ചോദിച്ചാല്‍, ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം എന്നേ ആ യുവാവ് പറയൂ. തലനാരിഴയ്ക്കാണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് യുവാവ് രക്ഷപ്പെട്ടത്. 

ടൈഗര്‍ ക്യാറ്റ് എന്ന തീം പാര്‍ക്കില്‍ വച്ചാണ് യുവാവിന് ദാരുണ അനുഭവമുണ്ടായത്. കടുവയ്ക്കൊപ്പം നടക്കാനും സെല്‍ഫിയെടുക്കാനുമൊക്കെ സൗകര്യമൊരുക്കുന്ന പാര്‍ക്കാണിത്. എന്നാല്‍ സുരക്ഷാകാര്യങ്ങളില്‍ യാതൊരു ഉത്തരവാദിത്വവും കാട്ടിയില്ല എന്നാണ് വിഡിയോ കാണുന്നവരെല്ലാം പറയുന്നത്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായി പലവിധത്തിലുള്ള സംവിധാനങ്ങളും പരീക്ഷിക്കുന്ന തായ്‌ലന്‍റില്‍ എന്ത് സുരക്ഷാമാനദണ്ഡമാണ് പാലിക്കപ്പെടുന്നതെന്ന ചോദ്യവും ശക്തമാണ്.

യുവാവിനെ കടുവ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലാണ്. കടുവയുടെ കഴുത്തില്‍നിന്ന് നീണ്ടുകിടക്കുന്ന ചങ്ങലയുടെ അറ്റം കയ്യില്‍ പിടിച്ചാണ് യുവാവ് നടക്കുന്നത്. കൂടെ ‘കടുവയുടെ പാപ്പാന്‍’ എന്ന് തോന്നിക്കുന്ന തരത്തില്‍ കയ്യില്‍ ഒരു വടിയുമായി വിനോദസഞ്ചാരകേന്ദ്രത്തിലെ മറ്റൊരാളുമുണ്ട്. ഇയാള്‍ കടുവയ്ക്ക് ചില നിര്‍ദേശങ്ങള്‍ നല്‍കുന്നത് കാണാം. കുറച്ച് നടന്നതിനു ശേഷം കടുവ ഒരിടത്ത് നില്‍ക്കുകയാണ്. യുവാവാകട്ടെ കടുവയുടെ അടുത്ത് മുട്ടില്‍ കുത്തിനിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയാണ്. ഈ തക്കത്തിന് കടുവ യുവാവിന്‍റെ നേരെ തിരിഞ്ഞ് ആക്രമിക്കുകയാണ്. നിലത്തുവീണ വിനോദസഞ്ചാരിയുടെ അലര്‍ച്ചയാണ് പിന്നീട് കേള്‍ക്കുന്നത്. 

യുവാവിന് ഗുരുതര പരുക്കില്ലെന്നാണ് വിവരം. പക്ഷേ സംഭവം വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. തായ്‌ലന്‍റിലേക്ക് യാത്ര പോകുന്നതൊക്കെ കൊള്ളാം കടുവ കൂട്ടിലേക്ക് കയറരുതേ എന്ന ഉപദേശമാണ് വിഡിയോ പങ്കുവച്ചുകൊണ്ട് പലരും നല്‍കുന്നത്. ഇത്തരത്തിലുള്ള ‘കടുവ ഷോ’കള്‍ നിര്‍ത്തലാക്കിയില്ലെങ്കില്‍ തായ്‌ലന്‍റ് ടൂറിസത്തിന് നിരോധനമേര്‍പ്പെടുത്തണം എന്ന ആവശ്യമടക്കം ചിലര്‍ ഉന്നയിക്കുന്നുണ്ട്. ഇതേ പാര്‍ക്കില്‍ വച്ച് ഓസ്ട്രേലിയയില്‍ നിന്നെത്തിയ വിനോദസഞ്ചാരി 2014ല്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഗുരുതര പരുക്കായിരുന്നു യുവാവിനേറ്റത്. ഇതോടെ പാര്‍ക്കിലെ ഈ ഭാഗം താല്‍ക്കാലികമായി അടച്ചിടുകയുണ്ടായി. 

ENGLISH SUMMARY:

A video and several photos showing a person casually walking a tiger with a chain around its neck—much like walking a pet dog—recently went viral. Captivated by this, an Indian youth traveled to Phuket, Thailand, hoping for a similar experience. However, when asked about his encounter with the tiger, the young man could only say he was lucky to be alive. He narrowly escaped a sudden attack from the tiger, surviving by mere inches.