ബംഗ്ലാദേശിൽ ഷെയ്ഖ് ഹസീനയെ പുറത്താക്കിയ സംഘര്‍ഷത്തിന് പിന്നില്‍ ഹാഫീസ് സെയ്ദിന്‍റെ ജമാഅത്ത് ഉദ്-ദവ (ജെയുഡി)ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. ഭീകര സംഘടനയുടെ ഭാഗമായ സെയ്ഫുള്ള കസൂരി, മുസമ്മിൽ ഹാഷ്മി എന്നിവരുടെ പ്രസംഗത്തിലാണ് ഇത്തരം അവകാശവാദം.
'1971-ൽ പാകിസ്ഥാൻ വിഭജിക്കപ്പെട്ടപ്പോൾ എനിക്ക് നാല് വയസ്സായിരുന്നു. അന്നത്തെ ദ്വിരാഷ്ട്ര സിദ്ധാന്തം ബംഗാൾ ഉൾക്കടൽ മുക്കിക്കൊല്ലുകയാണെന്ന് ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രഖ്യാപിച്ചു. മെയ് 10-ന്... 1971-ന്റെ പ്രതികാരം നമ്മൾ ചെയ്തു' എന്നാണ് ലാഹോറിലെ റഹിം യാർ ഖാനില്‍ കസൂരി പ്രസംഗിച്ചത്.
ദിവസങ്ങൾക്ക് മുമ്പ് പാക്കിസ്ഥാനിലെ ഗുജ്രൻവാലയിൽ നടത്തിയ പ്രസംഗത്തിലാണ് ഹാഷ്മിയുടെ അവകാശവാദം. കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ ഞങ്ങൾ നിങ്ങളെ പരാജയപ്പെടുത്തി എന്നാണ് ഇന്ത്യയെ സൂചിപ്പിച്ച് ഹാഷമി സംസാരിച്ചത്. ഓഗസ്റ്റിലെ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളെത്തുടർന്ന് ഹസീനയെ പുറത്താക്കിയതിനെ പറ്റിയാണ് ഹാഷ്മി സംസാരിച്ചത്.
ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്യുകയും മൂന്ന് ദിവസത്തിന് ശേഷം മുഹമ്മദ് യൂനുസ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി ചുമതലയേല്‍ക്കുകയായിരുന്നു. ഹസീനയെ പുറത്താക്കിയതിന് ശേഷം ബംഗ്ലാദേശ് പാക്കിസ്ഥാനുമായി കൂടുതല്‍ അടുക്കുകയും ചെയ്തു.