Image Credit: x.com
രാഷ്ട്രീയ നേതാവ് ഒസ്മാന്‍ ഹാദിയുടെ കൊലപാതകത്തില്‍ സംശയിക്കുന്ന രണ്ടു പ്രതികള്‍ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ്. കരിം മസൂദ്, അലംഗിര്‍ ഷെയ്ക് എന്നിവരെയാണ് പൊലീസ് പ്രതികളെന്ന് സംശയിക്കുന്നത്. ഹാദിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ബംഗ്ലാദേശ് വീണ്ടും സംഘര്‍ഷഭൂമിയായത്.
മേഘാലയാ അതിര്‍ത്തി വഴിയാണ് ഇവര്‍ ഇന്ത്യയിലേക്ക് കടന്നതെന്ന് അഡീഷണല്‍ കമ്മീഷണര്‍ നസ്‍റുള്‍ ഇസ്‍ലാം പറഞ്ഞു. മൈമെന്‍സിങ് ജില്ലയിലെ ഹലുഘട്ട് വഴി പ്രദേശവാസികളുടെ സഹായത്തോടെയാണ് പ്രതികള്‍ ഇന്ത്യയിലേക്ക് എത്തിയത്. പുര്‍തി എന്നയാളാണ് ഇവര്‍ക്ക് ഇന്ത്യയില്‍ ആദ്യ സഹായം ചെയ്തത്. പിന്നീട് സാമി എന്ന് ടാക്സി ഡ്രൈവര്‍ ഇവരെ മേഘാലയിയിലെ ൃതുറ സിറ്റിയിലെത്തിച്ചു. സഹായിച്ചവരെ ഇന്ത്യന്‍ അധികൃതര്‍ അറസ്റ്റു ചെയ്തതായാണ് അനൗദ്യോഗിക വിവരമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബംഗ്ലാദേശിന്‍റെ വാദം ഇന്ത്യന്‍ സുരക്ഷാ സേന തള്ളി. പ്രതികളെന്ന് സംശയിക്കുന്നവര്‍ ഇന്ത്യയിലേക്ക് കടന്നു എന്നത് തെറ്റിദ്ധാരണപരമാണെന്നാണ് ബിഎസ്എഫ് പറഞ്ഞു. ഹലുഘട്ട് സെക്ടറില്‍ നിന്നും ആരെങ്കിലും രാജ്യാന്തര അതിര്‍ത്തി വഴി മേഘാലയയിലേക്ക് എത്തിയെന്നതിന് തെളിവില്ല. ബിഎസ്എഫ് ഇത്തരം സംഭവം കണ്ടെത്തിയിട്ടില്ലെന്നും വിവരം ലഭിച്ചിട്ടില്ലെന്നും മേഘാലയയിലെ ബിഎസ്എഫ് തലവന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഒപി ഒപാധ്യായ പറഞ്ഞു.
ബംഗ്ലാദേശിലെ പ്രമുഖ രാഷ്ട്രീയ മുഖമാണ് ഒസ്മാൻ ഹാദി. ഇന്ത്യയുടെയും ബംഗ്ലാ പാര്‍ട്ടിയായ അവാമി ലീഗിന്‍റെയും സ്ഥിരം വിമര്‍ശകനാണ് ഒസ്മാന്‍. ഷെയ്ക് ഹസീന സര്‍ക്കാറിന്‍റെ പതനത്തിന് കാരണമായ കഴിഞ്ഞ വര്‍ഷം ആരംഭിച്ച വിദ്യാര്‍ഥി പ്രക്ഷേഭത്തിന്‍റെ നേതാക്കളിലൊരാള്‍ ഒസ്മാന്‍ ഹാദിയായിരുന്നു. വിദ്യാര്‍ഥി മുന്നേറ്റത്തിന് പിന്നാലെ ഹാദി, ഇൻക്വിലാബ് മഞ്ച എന്ന രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചിരുന്നു.
ഫെബ്രുവരിയില്‍ നടക്കുന്ന പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിരിക്കെയാണ് ഡിസംബര്‍ 12 ന് ധാക്കയില്‍ മുഖംമൂടിധാരികള്‍ ഒസ്മാന്‍ ഹാദിയെ വെടിവയ്ക്കുന്നത്. ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് മാറ്റിയ അദ്ദേഹം ആറു ദിവസത്തിന് ശേഷം മരിച്ചു. കൊലപാതകത്തിന് പിന്നാലെയാണ് ധാക്കയിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലും സംഘര്‍ഷമുണ്ടായത്.