Image Credit: youtube.com/@IsraelAntiquities
ജറുസലേമില്‍ ഏകദേശം 2,300 വർഷം പഴക്കമുള്ള ചുവന്ന രത്നക്കല്ല് പതിച്ച സ്വർണ്ണ മോതിരം കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ. ഒരു വർഷം മുമ്പ് കണ്ടെത്തിയ മറ്റൊരു ആഭരണത്തോട് സാമ്യമുള്ള മോതിരമാണെന്ന് കണ്ടെടുത്തതെന്നും പുരാവസ്തു ഗവേഷകരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോതിരത്തെ കൂടാതെ ചെറിയ രണ്ട് വളയങ്ങളും ജറുസലേം വാൾസ് നാഷണൽ പാർക്കിലെ സിറ്റി ഓഫ് ഡേവിഡ് സൈറ്റിൽ നിന്ന് ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തിയായാല്‍ നടത്തുന്ന ആചാരാനുഷ്ഠാനങ്ങളുമായി ഈ ആഭരണങ്ങള്‍ക്ക് ബന്ധമുണ്ടെന്നാണ് ഗവേഷകര്‍ കരുതുന്നത്.
ആചാരങ്ങളുടെ ഭാഗമായി ഈ ആഭരണങ്ങള്‍ മനഃപൂർവ്വം കുഴിച്ചിട്ടതാണെന്നാണ് സൂചന. മോതിരത്തെ കൂടാതെ വെങ്കലത്തില്‍ തീര്‍ത്ത കമ്മലുകൾ, കൊമ്പുള്ള മൃഗത്തോട് സാമ്യമുള്ള ഒരു സ്വർണ്ണ കമ്മൽ, അലങ്കരിച്ച ഒരു സ്വർണ്ണ കൊന്ത എന്നിവയും മുന്‍പ് ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവ ജറുസലേമിലെ ഹെല്ലനിസ്റ്റിക് കാലഘട്ടത്തിൽ നിന്നുള്ളതാണെന്ന് ഗവേഷകർ പറയുന്നു. ബിസി 332 മുതൽ 141 വരെയായിരുന്നു ജറുസലേമിൽ ഹെല്ലനിസ്റ്റിക് യുഗം നിലനിന്നിരുന്നത്. എങ്കിലും ഈ കാലഘട്ടത്തിൽ നിന്ന് ഇത്രയധികം സ്വർണ്ണാഭരണങ്ങൾ കണ്ടെത്തുന്നത് ഇതാദ്യമായാണ്.
കണ്ടെടുത്ത സ്വര്‍ണാഭരണങ്ങള്‍ ജറുസലേമിന്‍റെ സമ്പന്നതയെയും നഗരവാസികളുടെ ഉയർന്ന ജീവിത നിലവാരത്തിന്‍റെയും തെളിവാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു വലിയ കെട്ടിടത്തിന്‍റെ അടിത്തറയിൽ നിന്നാണിവ കണ്ടെടുത്തത്. പുരാതന ഗ്രന്ഥങ്ങളിൽ പറയപ്പെടുന്ന ജറുസലേമിന്റെ ചരിത്രത്തിലേക്കാണ് ഈ കണ്ടെത്തലുകള്‍ വെളിച്ചം വീശുന്നത്. പുതുതായി കണ്ടെത്തിയ സ്വർണ്ണ മോതിരത്തിൽ ജീവിതത്തിൽ അഭിവൃദ്ധിയുണ്ടാകാന്‍ പാശ്ചാത്യ ജ്യോതിഷപ്രകാരം ധരിക്കാറുള്ള രത്നമായ ഗാർനറ്റ് പതിപ്പിച്ചിരുന്നു.
ആധുനിക കാലത്തെ ആഭരണമാണെന്നാണ് ആദ്യം ഗവേഷകര്‍ കരുതിയത്. എന്നാല്‍ പരിശോധനയിലാണ് പുരാവസ്തു മൂല്യം തിരിച്ചറിഞ്ഞത്. രണ്ട് മോതിരങ്ങളും ഒരു സ്ത്രീയുടെ ചെറുവിരലില്‍ മാത്രമേ ധരിക്കാനാകൂ എന്നാല്‍ ഒരു പെൺകുട്ടിയുടെ വിരലുകള്‍ക്ക് എളുപ്പം ധരിക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. മോതിരം ലഭിച്ച കെട്ടിടത്തിന്‍റെ തറയുടെ അടിയിൽ നിന്ന് എല്ലാ ആഭരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. അവ മനഃപൂർവ്വം അവിടെ വച്ചതായിരിക്കാമെന്നാണ് സൂചന.
ബാല്യത്തിൽ നിന്ന് പ്രായപൂർത്തിയാകുന്നതിനെ പ്രതിനിധീകരിച്ച് വിവാഹനിശ്ചയം കഴിഞ്ഞ സ്ത്രീകൾ വീടിന്റെ അടിത്തറയിൽ ആഭരണങ്ങളും മറ്റ് ബാല്യകാല വസ്തുക്കളും കുഴിച്ചിടുന്ന ആചാരം ഹെല്ലനിസ്റ്റിക് യുഗത്തില്‍ നിലനിന്നിരുന്നത്രേ. ഈ സ്ഥലത്ത് മുമ്പ് കണ്ടെത്തിയ സ്വർണ്ണ കമ്മലും സ്വർണ്ണ കൊന്തയും ഇതേ കാലഘട്ടത്തിലേതാണെന്നാണ് കരുതുന്നത്. ഇതുവരെ പുരാവസ്തു രേഖകളിൽ പരാമര്‍ശിച്ചിട്ടില്ലാത്ത ബിസി ഒന്നാം നൂറ്റാണ്ടിനും ഒമ്പതാം നൂറ്റാണ്ടിനും ഇടയിലുള്ള ജറുസലേമിനെക്കുറിച്ചറിയാന്‍ ഈ തെളിവുകള്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഇസ്രയേൽ പുരാവസ്തു അതോറിറ്റിയും ടെൽ അവീവ് സർവകലാശാലയും സംയുക്തമായാണ് ഖനനം നടത്തിയത്. മോതിരം കണ്ടെത്തിയ ഡേവിഡ് നഗരത്തിലെ ഗിവാറ്റി പാർക്കിങ് സ്ഥലത്ത് ഖനനം തുടരുകയാണ്.