columbia

TOPICS COVERED

ഇന്ത്യ–പാക് സംഘര്‍ഷത്തില്‍ പാകിസ്ഥാന പിന്തുണക്കുന്ന നിലപാട് പിന്‍വലിച്ച് കൊളംബിയ. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സര്‍വ കക്ഷി സംഘം ഇന്ത്യയുടെ നിലപാട് വിശദീകരിച്ച് എതിര്‍പ്പ് അറിയിച്ചതിന്  പിന്നാലെയാണ് നടപടി. അതേസമയം മുംബൈ ഭീകരാക്രമണത്തിന് ശേഷം പാകിസ്താന് ശക്തമായ മറുപടി നല്‍കേണ്ടകതായിരുന്നു എന്ന് യുപിഎ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു. ഭീകരാക്രമണം സംബന്ധിച്ച് കോണ്‍ഗ്രസ് ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് പ്രധാനമന്ത്രി എന്ന് മറുപടി പറയും എന്ന് ജയറാം രമേശ് ചോദിച്ചു. 

ഇന്ത്യയുടെ ആക്രമണത്തിൽ പാകിസ്ഥാനിൽ  കൊല്ലപ്പെട്ടവർക്ക് കൊളംബിയ അനുശോചനം രേഖപ്പെടുത്തിയതില്‍ ശക്തമായ പ്രതിഷേധമാണ് ശശി തരൂര്‍ തലവനായ സര്‍വ കക്ഷി സംഘം അറിയിച്ചിരുന്നത്. ഭീകരരെ അയക്കുന്നവരെയും പ്രതിരോധിക്കുന്നവരെയും തിരിച്ചറിയണമെന്നും ഇന്ത്യയുടെ നടപടിയെ  ആഴത്തിൽ മനസിലാക്കണമെന്നും കൊളംബിയ ഭരണകൂടവുമായുള്ള ചര്‍ച്ചയില്‍ തരൂര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മറുപടി പ്രസംഗത്തില്‍  മന്ത്രി റോസ യോലാന്‍ഡ പാകിസ്ഥാനെ പിന്തുണക്കുന്ന പ്രസ്താവന  പിന്‍വലിച്ചത് . അതേസമയം ഭീകരവാദത്തെ സ്പോൺസർ ചെയ്യുന്ന പാകിസ്ഥാന് മുംബൈ ഭീകരാക്രമണത്തിന് ശേഷം ശക്തമായ തിരിച്ചടി നല്‍കേണ്ടതായിരുന്നു എന്ന്  യുപിഎ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് വഡോദരയിലെ പരിപാടിയില്‍  വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ പറഞ്ഞു.

ട്രംപിന്‍റെ അവകാശവാദവും ഭീകരാക്രമണം സംബന്ധിച്ച അവ്യക്തതകളും രാജ്യത്ത് തുടരുകയാണെന്നും പ്രധാനമന്ത്രി എന്ന് മറുപടി നല്‍കും എന്നും കോണ്‍ഗ്രസ് ചോദിച്ചു.  21 ദിവസത്തിനിടെ  11  തവണയാണ് ട്രംപ് വെടിനിര്‍ത്തല്‍ മധ്യസ്ഥതയില്‍ അവകാശവാദം ഉന്നയിച്ചത് എന്നും ജയറാം രമേശ്‌ ചൂണ്ടിക്കാട്ടി. ഇതിനിടെ ഓപ്പറേഷന്‍ സിന്ദൂരിനെ പറ്റി  അപകീർത്തികരമായ പ്രസ്താവന നടത്തിയ വിദ്യാർഥിനി ഗുരുഗ്രാമിൽ നിന്ന് അറസ്റ്റിലായി.  നിയമ വിദ്യാർഥിനിയായ ശർമിഷ്ഠ പനോലിയെയാണ് കൊൽക്കത്ത പോലീസ് അറസ്റ്റ് ചെയ്തത്. ശർമിഷ്ഠ ഒരു മതവിഭാഗത്തെ മോശമായി ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചു എന്ന് പോലീസ് അറിയിച്ചു