നിയമവിരുദ്ധമായി അതിർത്തി കടന്നുള്ള വിവാഹങ്ങളിൽ ഏർപ്പെടരുതെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ബംഗ്ലാദേശിലെ ചൈനീസ് എംബസി. കൂടാതെ മാച്ച്മേക്കിങ് സ്കീമുകളെ വിശ്വസിക്കരുതെന്നും ക്രോസ്ബോര്‍ഡര്‍ ഡേറ്റിങ്ങില്‍ നിന്ന് വിട്ടുനില്‍ക്കാനും എംബസി ചൈനീസ് പൗരന്‍മാരെ ഉപദേശിച്ചു. മാച്ച് മേക്കിങ് ഏജന്‍സികള്‍ വഴിയും മറ്റും വിദേശ സ്ത്രീകളെ ഭര്യമാരായി സ്വീകരിക്കുന്നത് ചൈനയില്‍ നിരോധിച്ചിട്ടുള്ളതാണ്.
വിദേശ ഭാര്യ എന്ന ആശയം ചൈനീസ് ജനത നിരസിക്കണമെന്നും വിദേശത്ത് നിന്ന് വിവാഹം കഴിക്കുന്നതിന് മുമ്പ് ഗൗരവമായി ചിന്തിക്കണമെന്നും എംബസി പറഞ്ഞു. ചൈനയിലേക്ക് ഭാര്യമാരായി വിദേശ സ്ത്രീകള്‍ എത്തുന്നത് വര്‍ധിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനം. നിയമവിരുദ്ധമോ അല്ലെങ്കില്‍ മറ്റേതെങ്കിലും തെറ്റായ മാര്‍ഗത്തിലൂടെയോ ആണ് ഇത്തരം വിവാഹങ്ങളിൽ പലതും നടക്കുന്നത്, ഇത് ഗുരുതരമായ നിയമപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും എംബസി കൂട്ടിച്ചേര്‍ത്തു.
ലിംഗപരമായ അസന്തുലിതാവസ്ഥ ഇന്നും രാജ്യത്ത് നിലനിൽക്കുന്നു. ചൈനയില്‍ 30 ലക്ഷം പുരുഷന്‍മാര്‍ക്ക് സ്വന്തം രാജ്യത്ത് നിന്ന് പങ്കാളികളെ ലഭിക്കുന്നില്ല. ഇതാണ് അവര്‍ പുറം രാജ്യങ്ങളില്‍ നിന്ന് കല്യാണം കഴിക്കാനുള്ള പ്രധാന കാരണം. ഇതേതുടര്‍ന്ന് വിവാഹത്തട്ടിപ്പുകളും വര്‍ധിക്കുന്നു.
ദ ഡെയ്‌ലി സ്റ്റാറിന്റെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിവാഹ വാഗ്ദാനം നൽകി ബംഗ്ലാദേശി സ്ത്രീകളെ ചൈനയിൽ വിൽക്കുന്ന സംഭവങ്ങളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. ഇതിന് പിന്നില്‍ ക്രിമിനല്‍ സംഘങ്ങളാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത്തരം നിയമവിരുദ്ധ വിവാഹങ്ങളിൽ ഏർപ്പെടുന്നവർക്ക് ചൈനയിലും ബംഗ്ലാദേശിലും ശിക്ഷ ലഭിക്കുമെന്ന് ചൈനീസ് എംബസി വ്യക്തമാക്കിയിട്ടുണ്ട്. ചൈനയിൽ ലാഭത്തിനുവേണ്ടി അതിർത്തി കടന്നുള്ള വിവാഹം നിരോധിതമാണ്. ബംഗ്ലാദേശിൽ മനുഷ്യക്കടത്ത് വിരുദ്ധ നിയമപ്രകാരം പ്രതികള്‍ക്ക് ജീവപര്യന്തം തടവോ വധശിക്ഷയോ വരെ ലഭിക്കാം.
ഇത്തരം തട്ടിപ്പുകൾക്ക് ഇരയായവർ ഉടൻ തന്നെ ചൈനയിലെ പൊതു സുരക്ഷാ അധികാരികളെ അറിയിക്കണമെന്നും എംബസി ആവശ്യപ്പെട്ടു. 2021-ൽ, ബംഗ്ലാദേശി സ്ത്രീകളെ ലൈംഗിക വ്യാപാരത്തിലേക്ക് ആകർഷിക്കാൻ ടിക് ടോക്ക് ഉപയോഗിച്ച 11 പ്രതികളെ ധാക്ക പോലീസ് അറസ്റ്റ് ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തിരുന്നു.