bangladesh-fuel-crisis

ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വിതരണം തടസപ്പെട്ടതോടെ അധിക ഡീസല്‍ വിതരണത്തിനായി ഇന്ത്യയെ സമീപിച്ച് ബംഗ്ലാദേശ്. മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ 50,000 മെട്രിക് ടണ്‍ ഡീസലാണ് ബംഗ്ലാദേശ് ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുള്ളത്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ എണ്ണ റിസര്‍വ് സുസ്ഥിരപ്പെടുത്താനും ക്ഷാമം തടയാനുമാണ് നടപടി. 

മാർച്ച് ഒന്‍പതിന് ബംഗ്ലാദേശ് ധനകാര്യ മന്ത്രി അമീർ ഖസ്രു മഹ്മൂദ് ചൗധരിയും ബംഗ്ലാദേശിലെ ഇന്ത്യൻ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയും തമ്മിൽ നടന്ന കൂടിക്കാഴ്ചയിലാണ് ഡീസല്‍ അഭ്യര്‍ഥിച്ചതെന്ന് ദേശിയമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.  നേരത്തെ തന്നെ ഇന്ത്യയുമായി ബംഗ്ലാദേശിന് ഡീസല്‍ വിതരണത്തിന് കരാറുണ്ട്. കരാറിന്‍റെ ഭാഗമായി നുമലിഗഡ് റിഫൈനറിയിൽ നിന്നുള്ള പൈപ്പ്‌ലൈൻ വഴി 5000 മെട്രിക് ടണ്‍ ഡീസല്‍ ഇന്ത്യ ബംഗ്ലാദേശിന് കൈമാറിയിട്ടുണ്ട്. ഇന്ത്യൻ ഓയിലിൽ നിന്ന് ഏകദേശം 30,000 മെട്രിക് ടൺ ഉറപ്പാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.  

ആറ് മാസത്തിനുള്ളിൽ 90,000 ടൺ ഡീസൽ ബംഗ്ലാദേശിലേക്ക് ഇന്ത്യ കയറ്റുമതി ചെയ്യണം എന്നതാണ് കരാര്‍.  അടുത്ത രണ്ട് മാസത്തിനുള്ളിൽ ആറ് മാസത്തേക്കാവശ്യമായ മുഴുവൻ ഡീസലും എത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതെന്ന് ബംഗ്ലാദേശ് പെട്രോളിയം കോര്‍പ്പറേഷന്‍ ചെയർമാൻ പറഞ്ഞു. അസമിലെ നുമലിഗഡ് റിഫൈനറിയിൽ നിന്ന് ബംഗ്ലാദേശ്-ഇന്ത്യ ഫ്രണ്ട്ഷിപ്പ് പൈപ്പ്‌ലൈൻ വഴിയാണ് വടക്കൻ ബംഗ്ലാദേശിലെ ദിനാജ്പൂരിലുള്ള പർബതിപൂര്‍ ഡിപ്പോയിലേക്ക് 5,000 മെട്രിക് ടണ്‍ ഡീസല്‍ എത്തിച്ചത്. 

എണ്ണ വിതരണം തടസപ്പെടുന്നതോടെയുള്ള പ്രതിസന്ധി മുന്നില്‍ കണ്ട് കടുത്ത നടപടികളാണ് ബംഗ്ലാദേശില്‍. പെരുന്നാള്‍ അവധി മുന്നോട്ടാക്കി തിങ്കളാഴ്ച മുതൽ രാജ്യത്തുടനീളമുള്ള എല്ലാ പൊതു, സ്വകാര്യ സർവകലാശാലകളും അടച്ചു. വൈദ്യുത ഉപഭോഗം കുറയ്ക്കാനും എണ്ണ ഉപയോഗം കുറയ്ക്കാനുമാണ് നടപടി. എണ്ണ വില്‍പ്പനയ്ക്കും സര്‍ക്കാര്‍ പരിധി വച്ചിട്ടുണ്ട്. വൈദ്യുതിക്കും ഗതാഗതത്തിനും എണ്ണ ഉപയോഗിക്കുന്ന ബംഗ്ലാദേശ് സിംഹഭാഗവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ്. 

ENGLISH SUMMARY:

Bangladesh diesel import requests are soaring as India is approached for additional diesel supplies. This move comes amid disruptions in supply through the Strait of Hormuz and aims to stabilize the country's oil reserves and prevent shortages.