വിദേശവിദ്യാര്‍ഥികളുടെയും ഗവേഷകരുടെയും വീസ അഭിമുഖങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി ട്രംപ് ഭരണകൂടം. വീസ അപേക്ഷകരുടെ സമൂഹമാധ്യമങ്ങളിലെ നീക്കങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തുന്നതിനാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ നടപടി.
ട്രംപ് ഭരണകൂടത്തിനും ഇസ്രയേല്‍ അടക്കം സഖ്യകക്ഷികള്‍ക്കുമെതിരെ യു.എസില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ ഉയരുന്നതിനിടെയാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്റിന്റെ പുതിയ നീക്കം. രാജ്യത്ത് എത്തുന്നവരുടെ പശ്ചാത്തലവും രാഷ്ട്രീയ ആഭിമുഖ്യങ്ങളും അറിയുന്നതിന് സോഷ്യല്‍മീഡിയ ഇടപെടലുകള്‍ സൂക്ഷ്മമായി വിലയിരുത്തും. ഇതുസംബന്ധിച്ച് ഉത്തരവ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റുബിയോ എംബസികള്‍ക്ക് അയച്ചു. നിലവില്‍ അഭിമുഖത്തീയതി ലഭിച്ചവര്‍ക്ക് വിലക്ക് ബാധകമാകില്ല. അതിനിടെ ഹാര്‍വഡ് സര്‍വകലാശാലയ്ക്കെതിരെ ട്രംപ് നടപടി കര്‍ശനമാക്കി. ഫെഡറല്‍ ഏജന്‍സികള്‍ സര്‍വകലാശാലയുമായുള്ള എല്ലാ ഇടപാടുകളും കരാറുകളും പുനഃപരിശോധിക്കാന്‍ യുഎസ് ജനറല്‍ സര്‍വീസ് അഡ്മിനിസ്ട്രേഷന്‍ നിര്‍ദേശം നല്‍കി. സര്‍വകലാശാലയ്ക്കുള്ള 100 മില്യണ്‍ ഡോളര്‍ സഹായം തടയാന്‍ ലക്ഷ്യമിട്ടാണ് നീക്കം. കഴിഞ്ഞയാഴ്ച ട്രംപ് ഭരണകൂടം ഇടപെട്ട് ഹാര്‍വാഡ് യൂണിവേഴ്സ്റ്റിയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത് നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ കോടതി ഇത് സ്റ്റേ ചെയ്തിട്ടുണ്ട്.