Cordon tape is attached to a train at Hamburg's main train station, after several people were injured in a knife attack, in Hamburg, Germany, May 23, 2025. REUTERS/Fabian Bimmer
ഹാംബര്‍ഗ് റെയില്‍വേ സ്റ്റേഷനിലുണ്ടായ കത്തി ആക്രമണത്തില്‍ 12 പേര്‍ക്ക് പരുക്ക്. മൂന്നു പേര്‍ ഗുരുതരാവസ്ഥയിലാണ്. മൂന്നുപേര്‍ക്ക് മാരകമായി പരുക്കേറ്റിട്ടുണ്ട്. ആറുപേരെ നിസാര പരുക്കുകളോടെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. അക്രമിയെന്ന് സംശയിക്കുന്ന 39കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ വൈകുന്നേരം നാലുമണി( GMT)യോടെയാണ് ജര്‍മനിയിലെ തന്നെ രണ്ടാമത്തെ വലിയ നഗരമായ ഹാംബര്‍ഗില്‍ അക്രമം ഉണ്ടായത്. ജോലി കഴിഞ്ഞ് ആളുകള്‍ മടങ്ങുന്ന സമയമായതിനാല്‍ റെയില്‍വേ സ്റ്റേഷനിലും നല്ല തിരക്കുണ്ടായിരുന്നു. പ്രധാന സ്റ്റേഷനിലായിരുന്നു അക്രമിയെത്തിയതെന്നും. അതിവേഗത്തില്‍ ഓടിയെത്തി ആളുകളെ കുത്തിയ ശേഷം ഇവര്‍ കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും അക്രമിയുടെ ലക്ഷ്യമെന്തായിരുന്നുവെന്നതടക്കം കണ്ടെത്തേണ്ടതുണ്ടെന്നും ഹാംബര്‍ഗ് പൊലീസ് വക്താവ് അറിയിച്ചു. ചുരുങ്ങിയ സമയത്തില്‍ പരമാവധിപ്പേരെ മുറിവേല്‍പ്പിക്കാന്‍ അക്രമി ശ്രമിച്ചുവെന്നാണ് പ്രാഥമിക നിഗമനം.
Photo by Jonas Walzberg / AFP
സംഭവം നടന്നയുടന്‍ സ്ഥലത്തെത്തിയ പൊലീസും മെഡിക്കല്‍ സംഘവും വേണ്ട ചികില്‍സ നല്‍കി. അപ്രതീക്ഷിതമായുണ്ടായ കത്തി ആക്രമണത്തെ തുടര്‍ന്ന് ഹാംബര്‍ഗില്‍ നിന്നുമുള്ള ദീര്‍ഘദൂര ട്രെയിന്‍ സര്‍വീസുകളടക്കം തടസപ്പെട്ടു. കഴിഞ്ഞ ഞായറാഴ്ച ബെലെഫെല്‍ഡിലെ ബാറിലുണ്ടായ കത്തിക്കുത്തില്‍ നാലുപേര്‍ക്ക് പരുക്കേറ്റിരുന്നു. പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.