FILE - Israel's Iron Dome anti-missile system fires to intercept as air raid sirens sound in Tel Aviv, on Oct. 23, 2024. (Nathan Howard/Pool Photo via AP, File)

ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതര്‍ ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം നടത്തിയെന്ന് റിപ്പോര്‍ട്ട്. യെമനില്‍ നിന്ന് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തതിനെ തുടര്‍ന്ന് ടെല്‍ അവീവിലും മധ്യ ഇസ്രയേലിലും മുന്നറിയിപ്പ് സൈറണുകള്‍ മുഴങ്ങി. ഇതിന്  പുറമെ ഇന്നലെ ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമാക്കി ഹൈപ്പര്‍ സോണിക് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തുവെന്നും ഹൂതികള്‍ അവകാശപ്പെട്ടു. ഇസ്രയേലിന് നേരെ ഹൂതികള്‍ ഇത് മൂന്നാം തവണയാണ് ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിക്കുന്നത്. ഗാസയിലെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുന്നത് വരെ ഇസ്രയേലിനെതിരെ ആക്രമണം തുടരുമെന്നും ഹൂതികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

Protesters, predominantly Houthi supporters, demonstrate to show solidarity with the Palestinians in the Gaza Strip, in Sanaa, Yemen May 23, 2025. REUTERS/Khaled Abdullah

ടെല്‍ അവീവ് ലക്ഷ്യമിട്ട് യെമനില്‍ നിന്നും ബാലിസ്റ്റിക് മിസൈല്‍ എത്തിയെന്ന വാര്‍ത്ത ഇസ്രയേലും സ്ഥിരീകരിച്ചു. ഏത് ഭീഷണിയെയും നിര്‍വീര്യമാക്കാന്‍ ഇസ്രയേലിന്‍റെ വ്യോമപ്രതിരോധം പ്രാപ്തമാണെന്ന് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചു. സുരക്ഷാര്‍ഥം ജനങ്ങളെ ഷെല്‍ട്ടറുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഇസ്രയേലിന്‍റെ ആരോ 3 മിസൈല്‍ വേധ സംവിധാനമാണ് ബാലിസ്റ്റിക് മിസൈലിനെ തകര്‍ത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ വിമാന സര്‍വീസുകള്‍ ഭാഗികമായി തടസപ്പെട്ടിരുന്നു. ബെന്‍ ഗുറിയോണ്‍ വിമാനത്താവളം ലക്ഷ്യമിട്ട് തങ്ങള്‍ നടത്തിയ ആക്രമണം ഫലം കണ്ടെന്നായിരുന്നു ഹൂതികളുടെ അവകാശവാദം. ടെല്‍ അവീവും ഹാഫിയയും ലക്ഷ്യമിട്ട് രണ്ട് ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയതായും ഹൂതികള്‍ അവകാശപ്പെട്ടു.

Image: facebook, Reuters

അതേസമയം, ഇസ്രയേലിന് നേരെ ആക്രമണങ്ങള്‍ തുടരുകയാണെങ്കില്‍ ഹൂതി തലവനെ തന്നെ വകവരുത്തുമെന്ന് നേരത്തെ ഇസ്രയേല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് 'നെതന്യാഹുവിനെ വധിക്കുമെന്നും , ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നെതന്യാഹു ഉണ്ടായിരുന്ന സമയത്ത് ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതാണെന്നും ഹൂതികള്‍ പ്രതികരിച്ചിരുന്നു. 

ENGLISH SUMMARY:

Houthi rebels claim to have launched hypersonic ballistic missiles at Israel from Yemen, triggering sirens in Tel Aviv and central Israel. Israel confirmed the attack and activated its Arrow-3 defense system. This marks the third such missile strike by the Houthis amid ongoing Gaza conflict.