ഉറങ്ങി വാഹനമോടിക്കരുത്. എല്ലാവര്‍ക്കും അറിയുന്ന സംഭവമായിരിക്കും ഇത്. എന്നാല്‍ നോര്‍വേയില്‍ നിന്നും പുറത്തുവരുന്നത് ഉറങ്ങി വാഹനമോടിച്ച ഒരാളുടെ വാര്‍ത്തയാണ്. വാഹനമേതെന്ന് കേട്ടാല്‍ കാറോ ബൈക്കോ ആണെന്ന് കരുതേണ്ട.. 135 മീറ്റര്‍ നീളമുള്ള ഒരു കണ്ടെയ്നര്‍ ഷിപ്പാണ്. അത് അപകടത്തിലും പെട്ടു.
കടലിനോട് ചേര്‍ന്ന ഒരു വീടിന്‍റെ മുറ്റത്തേക്ക് കപ്പല്‍ ഇടിച്ചു കയറുകയായിരുന്നു. വീടില്‍ വയോധികനായ ജോണ്‍ ഹെല്‍ബെര്‍ഗ് മാത്രമാണ് ഉണ്ടായിരുന്നത്. കപ്പല്‍ വളരെ വേഗത കുറച്ചാണ് സഞ്ചരിച്ചിരുന്നത് എന്നതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. മുറ്റത്തേക്ക് കയറിയ കപ്പല്‍ വീടിന് രണ്ടോ മുന്നോ മീറ്റര്‍ ചേര്‍ന്ന് നില്‍ക്കുകയായിരുന്നു. രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം മാത്രമാണ് വയോധികന്‍ കപ്പല്‍ തന്‍റെ മുറ്റത്തെത്തിയത് അറിഞ്ഞത്.
യുക്രെയിനില്‍ നിന്നുള്ള ചരക്കുകപ്പലാണ് അപകടത്തില്‍ പെട്ടത്. താന്‍ ഉറങ്ങിപ്പോയതാണ് കാരണമെന്ന് കപ്പലിന്‍റെ ക്യാപ്റ്റന്‍ സമ്മതിച്ചു. കരയ്ക്കടിഞ്ഞ കപ്പലിനെ തിരിച്ച് കടലിലെത്തിക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 16 പേരാണ് അപകടസമയത്ത് കപ്പലിലുണ്ടായിരുന്നത്. 2023ല്‍ സമാനമായ രീതിയില്‍ കപ്പല്‍ കരയ്ക്കടിഞ്ഞിരുന്നു.