Image: AP
പഹല്‍ഗാമില്‍ ഇന്ത്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചെങ്കിലും ചൈനയോട് കൂടുതല്‍ അടുത്ത് താലിബാന്‍. അഫ്ഗാനിസ്ഥാന്‍റെ മണ്ണില്‍ ഒരുതരത്തിലുള്ള ചൈനാ വിരുദ്ധ പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് അഫ്ഗാനിസ്ഥാന്‍ ചൈനയ്ക്ക് ഉറപ്പ് നല്‍കി. അഫ്ഗാനിസ്ഥാന്‍ വിദേശകാര്യമന്ത്രി ആമിര്‍ ഖാന്‍ മുത്താഖ്വി ചൈനയുടെ പ്രതിനിധി വാങ് യിയ്ക്കാണ് കൂടിക്കാഴ്ചയ്ക്കിടയില്‍ ഉറപ്പ് നല്‍കിയത്. പ്രതിരോധ രംഗത്തെ സഹകരണം മെച്ചപ്പെടുത്താനും കുറ്റകൃത്യങ്ങള്‍ ചെറുക്കാനും പ്രാദേശിക സുസ്ഥിരത നിലനിര്‍ത്താനുമായി ചൈനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും മുത്താഖ്വി അറിയിച്ചു.
പാക് വിദേശമന്ത്രിയുമായും രഹസ്യ കൂടിക്കാഴ്ച
അഫ്ഗാന്‍റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി ചൈനയുടെ വിദേശകാര്യമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചൈനയ്ക്ക് പുറമെ പാക് വിദേശകാര്യമന്ത്രിയുമായും മുത്താഖ്വി അനൗദ്യോഗിക കൂടിക്കാഴ്ച നടത്തി. ഒന്നിച്ചും അല്ലാതെയും ഉഭയ കക്ഷി ചര്‍ച്ചകള്‍ ഇരുരാജ്യത്തെയും വിദേശകാര്യ മന്ത്രിമാരുമായി മുത്താഖ്വി നടത്തിയെന്ന റിപ്പോര്‍ട്ടും പുറത്തുവന്നു.
താലിബാന്‍–ചൈന ഭായ് ഭായ്
2021 ല്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ താലിബാന് പിന്തുണ പ്രഖ്യാപിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ചെയ്ത രാജ്യമാണ് ചൈന. നയതന്ത്രബന്ധവും അതേസമയത്ത് തന്നെ ചൈന ആരംഭിച്ചു. ചൈനയുമായുണ്ടായിരുന്ന പരമ്പരാഗത സൗഹൃദത്തെ അഫ്ഗാനിലെ ഇടക്കാല സര്‍ക്കാര്‍ മാനിക്കുന്നെന്നും വിദേശകാര്യ നയത്തില്‍ ചൈനയ്ക്ക് പ്രത്യേക പരിഗണന എല്ലാക്കാലവുമുണ്ടെന്നും മുത്താഖ്വി വാങിനെ അറിയിച്ചു. ചൈനയുടെ ആഭ്യന്തരകാര്യങ്ങളില്‍ മറ്റുള്ളവര്‍ ഇടപെടുന്നതിനെ പ്രോല്‍സാഹിപ്പിക്കില്ലെന്നും ഏക ചൈന നയത്തിനാണ് അഫ്ഗാന്‍റെ പിന്തുണയെന്നും മുത്താഖ്വി കൂട്ടിച്ചേര്‍ത്തു. അഫ്ഗാന്‍–ചൈന നയതന്ത്രബന്ധത്തിന്‍റെ 70–ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് കൂടിക്കാഴ്ചയെന്നാണ് റിപ്പോര്‍ട്ട്.
താലിബാന്‍ അഫ്ഗാന്‍ ജനതയുടെ തിരഞ്ഞെടുപ്പെന്ന് ചൈന
അഫ്ഗാനിസ്ഥാന്‍റെ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ചൈന അംഗീകരിക്കുന്നുവെന്നും അഫ്ഗാന്‍ ജനതയുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പാണ് നിലവിലെ ഭരണകൂടമെന്നും വാങ് പ്രതികരിച്ചു. അഫ്ഗാനിസ്ഥാന് നല്‍കുന്ന സഹായ സഹകരണങ്ങള്‍ തുടരുമെന്നും സമാധാനവും സ്ഥിരതയും ഉറപ്പുവരുത്താന്‍ സഹകരിക്കുമെന്നും ചൈന വ്യക്തമാക്കി.
അഫ്ഗാനിസ്ഥാന്‍റെ ബദാക്ഷാന്‍ പ്രവിശ്യയിലെ വാഖാന്‍ ഇടനാഴി ചൈനയിലെ സിന്‍ജിയാങുമായി നേര്‍ത്ത അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ്. അല്‍ ഖായിദയും ഇസ്ലാമിക് സ്റ്റേറ്റുമായും ബന്ധമുള്ള ഈസ്റ്റ് തുര്‍ക്മെനിസ്ഥാന്‍ ഇസ്ലാമിക് മൂവ്മെന്‍റിനെതിരെ ബെയ്ജിങ് ഈ പ്രദേശത്ത് കഴിഞ്ഞയിടെ ആക്രമണം നടത്തിയിരുന്നു. ഇവിടെ സഹകരിച്ചുള്ള പ്രവര്‍ത്തനം നടത്താനും രാജ്യങ്ങളുടെ പരമാധികാരത്തിന് വിഘാതമാകുന്ന ശക്തികളെ കൂട്ടായി ചെറുക്കാനും ചൈനയും അഫ്ഗാനും ധാരണയിലുമെത്തി.
ഇന്ത്യയ്ക്ക് ആശങ്ക വേണോ?
അതേസമയം, അഫ്ഗാനിസ്ഥാനില്‍ ചൈനയുടെ സ്വാധീനം വര്‍ധിച്ചുവരുന്നത് ഇന്ത്യ ഗൗരവമായാണ് വീക്ഷിക്കുന്നത്. ഈ വര്‍ഷം ആദ്യം നടന്ന നയതന്ത്ര ചര്‍ച്ചകള്‍ക്ക് ശേഷം അഫ്ഗാനുള്ള സാമ്പത്തിക സഹായവും സഹകരണവും ഇന്ത്യ വര്‍ധിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും 50,000 മെട്രിക് ടണ്‍ ഗോതമ്പും 300 ടണ്‍ മരുന്നടക്കമുള്ള സഹായവും ശൈത്യകാലത്തേക്കുള്ള വസ്ത്രവും മറ്റ് അവശ്യ സാധനങ്ങളും ഇന്ത്യ കൈമാറിയിരുന്നു. വ്യാപാര–വാണിജ്യ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിനായി ചബഹാര്‍ തുറമുഖം കരുത്തുറ്റതാക്കുന്നതിനും ഇന്ത്യ മുന്‍കൈയെടുത്തിരുന്നു. എന്നാല്‍ സെന്‍ട്രല്‍ ബാങ്ക് ആസ്തിയിലടക്കം ചൈന നിക്ഷേപം നടത്തുന്നത് ആശങ്കയുണ്ടാക്കുന്നതാണ്. കാബൂളിലെ നഗര വികസന പ്രവര്‍ത്തനങ്ങള്‍ക്കായി പണം മുടക്കുന്ന ചൈന, അഫ്ഗാനിസ്ഥാന്‍റെ പ്രകൃതി വിഭവങ്ങളിലാണ് കണ്ണുവയ്ക്കുന്നത്.