ദക്ഷിണാഫ്രിക്കയില്‍ വെളുത്തവര്‍ഗക്കാര്‍ക്ക് നേരെ വംശീയവിവേചനം നടക്കുന്നുവെന്ന് വാദിക്കാന്‍ വൈറ്റ് ഹൗസില്‍ നാടകീയ നീക്കങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിൽ റാമഫോസയുടെ സന്ദര്‍ശനത്തിനിടെയായിരുന്നു സംഭവം. വെള്ളക്കാരായ കര്‍ഷകരെ കൊല്ലണമെന്ന് ദക്ഷിണാഫ്രിക്കന്‍ നേതാക്കള്‍ ആഹ്വാനം ചെയ്യുന്ന വിഡിയോയാണ് ട്രംപ് തെളിവായി പ്രദര്‍ശിപ്പിച്ചത്.
വൈറ്റ്ഹൗസ് വാതിലില്‍ നേരിട്ടെത്തി സ്വീകരിച്ച ഡോണള്‍ഡ് ട്രംപില്‍ നിന്ന് ഇങ്ങനെയൊരു നീക്കം സിറിൽ റാമഫോസ സ്വപ്നത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല. ദക്ഷിണാഫ്രിക്കയില്‍ വെളുത്തവര്‍ഗക്കാര്‍ക്ക് നേരെ കടുത്ത നടപടികളുണ്ടാകുന്നുവെന്നും വംശഹത്യയാണ് നടക്കുന്നതെന്നുമായിരുന്നു ട്രംപിന്‍റെ വാദം. എന്നാല്‍ അത്തരം വിവേചനങ്ങള്‍ സര്‍ക്കാരിന്‍റെ നയമല്ലെന്ന് റാമഫോസ പ്രതികരിച്ചു. തൊട്ടുപിന്നാലെയാണ് ലൈറ്റുകള്‍ അണയ്ക്കാനാവശ്യപ്പെട്ട് ട്രംപ്, കരുതിവച്ചിരുന്ന വിഡിയോ സമീപത്തെ ടിവിയില്‍ പ്രദര്‍ശിപ്പിച്ചത്.
ഓവല്‍ ഓഫിസില്‍ പ്രത്യേകം ടി.വി. സജ്ജീകരിച്ചായിരുന്നു ട്രംപ് റാമഫോസയുടെ വാദം ഖണ്ഡിച്ചത്. എന്നാല്‍, സര്‍ക്കാരിന് അങ്ങനൊരു നയമില്ലെന്ന് ആവര്‍ത്തിച്ച് റാമഫോസ സ്ഥിതി ശാന്തമാക്കാന്‍ ശ്രമിച്ചു. വെള്ളക്കാര്‍ക്കെതിരെ വംശീയവിവേചനം കാണിക്കുന്നുവെന്നാരോപിച്ച് ദക്ഷിണാഫ്രിക്കയ്ക്കുള്ള യുഎസ് സഹായം ട്രംപ് വെട്ടിക്കുറച്ചിരുന്നു,. വിവേചനം നേരിടുന്ന വെള്ളക്കാര്‍ക്ക് അഭയം നല്‍കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ട്രംപിനൊപ്പം വ്യവസായി ഇലോണ്‍ മസ്കും ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.