• ഇടക്കാലും സര്‍ക്കാറും സൈന്യവും ഉടക്കില്‍
  • മുഹമ്മദ് യൂനുസിന്‍റെ നടപടികളെ ചോദ്യം ചെയ്ത് സൈനിക മേധാവി
  • സര്‍ക്കാറിനെ അട്ടിമറിക്കുമോ എന്ന് ആശങ്ക

ഇടക്കാല സർക്കാറിന്‍റെ  നടപടികൾക്കെതിരെ സൈന്യം രം​ഗത്തെത്തിയതോടെ ബംഗ്ലാദേശില്‍  വീണ്ടും രാഷ്ട്രീയപിരിമുറുക്കം. ഇടക്കാല സർക്കാറിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെ നടപടികളെ ചോദ്യം ചെയ്ത് സൈനിക മേധാവി ജനറൽ വക്കർ-ഉസ്-സമൻ രം​ഗത്തെത്തിയതോടെയാണ് രാജ്യത്ത് പുതിയ പ്രതിസന്ധി. സൈനിക മേധാവിയുടെ ഇടപെടൽ ഇടക്കാല സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തിലേക്ക് കടക്കുമോ എന്നാണ് ആശങ്ക. 

2024 ഓ​ഗസ്റ്റിൽ ബം​ഗ്ലാദേശിൽ ആരംഭിച്ച  വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്നാണ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ പുറത്താക്കി മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാരിനെ നിയമിക്കുന്നത്. ഈ നടപടിയെ തുടക്കത്തിൽ അംഗീകരിച്ച സൈനിക മേധാവിയാണ് ഇപ്പോൾ സർക്കാറുമായി ഇടഞ്ഞത്. 

തിരഞ്ഞെടുപ്പ് നടത്താൻ യൂനുസ് സർക്കാർ വൈകുന്നതും മ്യാൻമാറിലെ റാഖൈനിൽ സ​ഹായമെത്തിക്കാൻ   ഇടനാഴി സ്ഥാപിക്കുന്നതും കേസുകളിൽ ശിക്ഷിക്കപ്പെട്ട ഇസ്‍ലാമിക നേതാക്കളെ വിട്ടയക്കുന്നതുമാണ്  സർക്കാറും സൈന്യവും തമ്മിലുള്ള ബന്ധത്തെ സാരമായി ബാധിച്ചത്. ബുധനാഴ്ച ധാക്കയിൽ സൈനിക ഉദ്യോഗസ്ഥരുടെ  യോഗത്തിൽ സംസാരിക്കവെ റാഖൈൻ ഇടനാഴി എന്ന ആശയം സൈനിക മേധാവി തള്ളി .

ഈ ഡിസംബറോടെ രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ് നടത്തണമെന്നും തിരഞ്ഞെടുക്കപ്പെട്ട സർക്കാറിന് മാത്രമേ രാജ്യത്തിന്റെ ഗതി നിർണ്ണയിക്കാവൂ എന്നും അദ്ദേഹം പറഞ്ഞു. ബംഗ്ലാദേശ് റൈഫിൽസ് കലാപകാരികളെ വിട്ടയക്കാനുള്ള തീരുമാനം വഞ്ചനയായാണ് സൈന്യം കാണുന്നത്. 2009 ഫെബ്രുവരിയിൽ നടന്ന കലാപത്തിൽ 57 സൈനിക ഉദ്യോഗസ്ഥരെയും മറ്റു 16 പേരെയും വധിച്ച സംഭവത്തിൽ 300  ഓളം കലാപകരികളെയാണ് ശിക്ഷിച്ചത്. ഇവരെ ഈ വർഷം വെറുതെ വിട്ടിരുന്നു. യൂനുസ് ഭരണകൂടവുമായി അടുത്ത ബന്ധമുള്ള ഹിസ്ബുത്-തഹ്‌രിർ പോലുള്ള ഇസ്‍ലാമിക സംഘടനകളാണ് മോചനത്തിനായി വാദിച്ചത്.  

നിലവിൽ യൂനസ് സർക്കാറിന്റെ സൈനിക ഉപദേഷ്ടാവായ ലെഫ്റ്റനൻ്റ് ജനറൽ കമറുൽ ഹസൻ അടുത്ത സൈനിക മേധാവിയാകാൻ യുഎസിന്റെ സ​ഹായം തേടിയിരുന്നു. സൈനിക ചട്ടങ്ങളുടെ ലംഘനമായതിനാൽ കമറുൽ ഹസനെ ഒഴിവാക്കണമെന്നാണ് സൈനിക മേധാവിയുടെ നിലപാട്. മെയ് 11 ന് സൈനിക മേധാവി കമറുൽ ഹസനെ പിരിച്ചുവിടാൻ ശ്രമിച്ചിരുന്നെങ്കിലും യൂനുസ് ഉത്തരവ് തടഞ്ഞതും സർക്കാറുമായുള്ള സൈന്യത്തിന്‍റെ ഭിന്നത ഇരട്ടിപ്പിച്ചു. 

ബം​ഗ്ലാദേശിൽ ഭരണഘടന അസാധുവാക്കാനടക്കം യൂനസ് സർക്കാർ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇത് സംഭവിച്ചാൽ പുതിയ ക്രമീകരണം ഉണ്ടാകുന്നതുവരെ സേനയുടെ കമാൻഡറായ പ്രസിഡന്റ് സ്ഥാനം ഇല്ലാതാകും. ഈ അവസരത്തിൽ ജനറൽ വക്കാറിനെ ഒഴിവാക്കി ഹസനെ ഈ സ്ഥാനത്തേക്ക് നിയമിക്കാൻ യൂനുസ് തീരുമാനം എടുക്കുമെന്നാണ് റിപ്പോർട്ട്. നിലവിൽ ഭരണകാര്യങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാൻ സൈനിക മേധാവി നീക്കങ്ങൾ നടത്തിയിട്ടില്ലെങ്കിലും സൈനിക മേധാവിയിൽ നിന്ന് കർശന നടപടികൾ തള്ളിക്കളയുന്നില്ലെന്നാണ് നിരീക്ഷകരുടെ നിലപാട്. 

ENGLISH SUMMARY:

Tensions rise in Bangladesh as Army Chief General Saman criticizes interim PM Mohammad Yunus. Delays in elections and controversial decisions raise fears of a military coup. Rift deepens over Rakhine corridor and Islamist leader pardons.