Smoke rises following an Israeli army bombardment in Gaza Strip, seen from southern Israel, Tuesday, May 20, 2025. AP/PTI(AP05_20_2025_000524B)
ഇസ്രായേൽ സൈന്യത്തിന്റെ ആക്രമണം രൂക്ഷമായ ഗാസയിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുന്നു. സാധാരണ ജനങ്ങൾക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക്, ജീവിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് യുഎൻ ഉൾപ്പെടെയുള്ള രാജ്യാന്തര ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു. ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യുകെ ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവെച്ചതായാണ് റിപ്പോർട്ട്.
ഗാസയുടെ വടക്കും തെക്കും ഇസ്രയേൽ സൈന്യം കരയുദ്ധം ശക്തിപ്പെടുത്തുന്നതായും രാജ്യാന്തര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ശനിയാഴ്ച രാത്രി മുതൽ ഇതുവരെ 135 പലസ്തീൻകാർ കൊല്ലപ്പെട്ടതായും, കഴിഞ്ഞ ഒരാഴ്ച മാത്രം 464 പേർക്ക് ജീവൻ നഷ്ടമായതായുമാണ് റിപ്പോർട്ട്.
Palestinian boys look on at the site of an Israeli strike on a house, in Jabalia, northern Gaza Strip May 21, 2025. REUTERS/Mahmoud Issa
ഇസ്രയേൽ സേനയും ഹമാസ് പോരാളികളും തമ്മിൽ കനത്ത ഏറ്റുമുട്ടലുകൾ തുടരുകയാണ്. വടക്കൻ ഗാസയിലെ മിക്ക ആശുപത്രികളും പ്രവർത്തനം നിലച്ച നിലയിലാണ്. ആകെയുണ്ടായിരുന്ന ഇന്തോനേഷ്യൻ ഹോസ്പിറ്റലും കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽ പ്രവർത്തനരഹിതമായി.
ഭക്ഷണ ദൗർലഭ്യം, യുഎൻ മുന്നറിയിപ്പ്
ഗാസയിൽ അവശ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമവും വിലക്കയറ്റവും രൂക്ഷമായി. രണ്ടാഴ്ചത്തേക്കുള്ള ഭക്ഷണം മാത്രമേ ഗാസയിൽ അവശേഷിക്കുന്നുള്ളൂ. മാനുഷിക സഹായങ്ങൾ തടയുന്നത് തുടർന്നാൽ അടുത്ത 48 മണിക്കൂറിനകം 14,000 കുട്ടികൾ മരിച്ചേക്കാമെന്ന് യുഎൻ മുന്നറിയിപ്പ് നൽകി. ഇത് ഗാസയിലെ കുട്ടികളുടെ ദയനീയ സാഹചര്യം വ്യക്തമാക്കുന്നു.
Palestinians inspect the site of an Israeli strike on a house, in Jabalia, northern Gaza Strip May 21, 2025. REUTERS/Mahmoud Issa
ഗാസയിലെ സാഹചര്യം അസഹനീയമാണെന്നും, ആക്രമണം ഉടൻ അവസാനിപ്പിക്കണമെന്നും ബ്രിട്ടനും ഫ്രാൻസും കാനഡയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇസ്രയേലിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി, ഗാസയിലെ പുതിയ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് യുകെ ഇസ്രയേലുമായുള്ള വ്യാപാര ചർച്ചകൾ നിർത്തിവെച്ചു. ഹമാസിന്റെ ബന്ദികളെ മോചിപ്പിക്കാൻ സമ്മർദ്ദം ചെലുത്തുന്നതിന്റെ ഭാഗമായാണ് ഇസ്രായേൽ ഗാസയിലേക്കുള്ള സഹായവിതരണം തടസ്സപ്പെടുത്തുന്നതെന്ന് റിപ്പോർട്ടുകളുണ്ട്.
Palestinians inspect the site of an Israeli strike on a house, in Jabalia, northern Gaza Strip May 21, 2025. REUTERS/Mahmoud Issa
അതേസമയം, ഹമാസ് ഉന്നത രാഷ്ട്രീയ നേതാക്കൾ ഇസ്രായേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇസ്രായേലിന്റെ ആക്രമണങ്ങൾ രാജ്യാന്തര നിയമങ്ങളെ ലംഘിക്കുന്നുവെന്ന് ഖത്തറും യുഎഇയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ ശക്തമായി അപലപിച്ചു. യുദ്ധം അവസാനിപ്പിച്ച് സാധാരണ ജീവിതം പുനഃസ്ഥാപിക്കാൻ അടിയന്തര വെടിനിർത്തൽ ആവശ്യമാണെന്ന് ലോകരാജ്യങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നു.