car-bomb-blast-ai-image

എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം

TOPICS COVERED

പാകിസ്ഥാനിലെ ബലൂചിസ്ഥാനില്‍  കാര്‍ പൊട്ടിത്തെറിച്ച് നാല് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോര്‍ട്ട്. അഫ്ഗാനിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖില്ല അബ്ദുല്ല എന്ന നഗരത്തില്‍ ഞായറാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായതെന്ന് ഡെപ്യൂട്ടി കമ്മിഷണർ അബ്ദുല്ല റിയാസ് പറഞ്ഞു.

സ്ഫോടനത്തെത്തുടർന്ന് ഒ‍ട്ടേറെ കടകൾ തകർന്നതായും ഒന്നിലധികം കടകളില്‍ തീപിടുത്തമുണ്ടായതായും ദി എക്സ്പ്രസ് ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിൽ അർദ്ധസൈനിക സേനകൾ താമസിക്കുന്ന സമീപത്തുള്ള കെട്ടിടത്തിന്റെ പുറം മതിലിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഫ്രോണ്ടിയർ കോർപ്സ് (എഫ്‌സി) ഫോർട്ടിന്റെ പിൻവശത്തെ മതിലിനോട് ചേർന്നാണ് മാർക്കറ്റ് സ്ഥിതി ചെയ്യുന്നത്. സ്‌ഫോടനത്തെത്തുടർന്ന്, തിരിച്ചറിയാത്ത അക്രമികളും സൈനികരും തമ്മിൽ വെടിവയ്പ്പ് നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം, ബോംബാക്രമണത്തിന്റെ ഉത്തരവാദിത്തം ഒരു സംഘടനയും ഉടൻ ഏറ്റെടുത്തിട്ടില്ല. എന്നിരുന്നാലും, ബലൂചിസ്ഥാനിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സുരക്ഷാ സേനയെയും സാധാരണക്കാരെയും പതിവായി ലക്ഷ്യമിടുന്ന ബലൂച് വിഘടനവാദികളാണ് ആക്രമണത്തിന് പിന്നിലെന്ന സംശയം ഉയരുന്നതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

പാകിസ്ഥാനിൽ ദീർഘകാലമായുള്ള കലാപമേഖലയാണ് ബലൂചിസ്ഥാൻ. 2019-ൽ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ച നിരോധിത ബലൂചിസ്ഥാൻ ലിബറേഷൻ ആർമി ഉൾപ്പെടെയുള്ള വിഘടനവാദ ഗ്രൂപ്പുകൾ ഇവിടെ തുടരെ ആക്രമണങ്ങൾ നടത്തുന്നുണ്ട്. അതേസമയം, പാക്കിസ്ഥാൻ സേനയ്ക്ക് ബലൂചിസ്ഥാൻ പ്രവശ്യയുടെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും ഈ സാഹചര്യം സാഹചര്യം പ്രയാജനപ്പെടുത്തി പാക്കിസ്ഥാനിൽനിന്നു വേർപിരിയാൻ ധീരമായ നീക്കങ്ങൾ നടത്തുകയാണെന്നും പ്രമുഖ ബലൂച് നേതാവായ മിർ യാർ ബലൂച് പ്രതികരിച്ചിരുന്നു. സ്വതന്ത്ര ബലൂചിസ്ഥാനെ അംഗീകാരിക്കാനും പിന്തുണ നൽകാനുമായി ഇന്ത്യയോടും ഐക്യരാഷ്ട്ര സംഘടനയോടും ബലൂച് നേതാക്കൾ അഭ്യർഥിച്ചിരുന്നു. ബലൂചിസ്ഥാനിൽ നിന്ന് പാക്കിസ്ഥാൻ സുരക്ഷാ ഉദ്യോഗസ്ഥരെ ഉടൻ പിൻവലിക്കാനും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു.

ENGLISH SUMMARY:

A car bomb exploded near a market in Khil Abdullah, Balochistan province of Pakistan, killing four people and injuring twenty others, according to Deputy Commissioner Abdullah Riyas. The blast caused extensive damage to nearby shops and buildings housing paramilitary forces. While no group has claimed responsibility, suspicion falls on Baloch insurgents, who frequently target security forces and civilians in the region. Balochistan remains a conflict zone with ongoing attacks by separatist groups like the banned Balochistan Liberation Army. Prominent Baloch leader Mir Yaar Baloch claims Pakistan has lost control over the region and called for international recognition and support for an independent Balochistan, urging withdrawal of Pakistani security personnel.