U.S. President Donald Trump looks on as he gives remarks outside the West Wing at the White House in Washington, D.C., U.S., May 8, 2025. REUTERS/Kent Nishimura
ഇന്ത്യക്കാരടക്കം അമേരിക്കയില്‍ താമസിക്കുന്ന പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന തീരുമാനവുമായി അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രപ്. എച്ച്-1ബി വിസ ഉടമകളും ഗ്രീൻ കാർഡ് ഉടമകളും ഉൾപ്പെടെ യുഎസ് പൗരന്മാരല്ലാത്തവർ രാജ്യത്തിന് പുറത്തേക്ക് അയയ്ക്കുന്ന എല്ലാ പണമിടപാടുകൾക്കും 5% നികുതി ചുമത്താനാണ് പുതിയ തീരുമാനം.
ഇതുമായി ബന്ധപ്പെട്ട ബില്‍ യുഎസ് പ്രതിനിധി സഭയിൽ അവതരിപ്പിച്ചു കഴിഞ്ഞു. 'ദി വൺ ബിഗ് ബ്യൂട്ടിഫുൾ ബിൽ' എന്ന് ഔദ്യോഗികമായി പേരിട്ടിരിക്കുന്ന ബിൽ യുഎസ് ഹൗസ് വേയ്‌സ് ആൻഡ് മീൻസ് കമ്മിറ്റിയാണ് അവതരിപ്പിച്ചത്.
പണം അയക്കുന്നയാള്‍ അമേരിക്കന്‍ പൗരനല്ലെങ്കില്‍ ചെറിയ തുകയ്ക്ക് പോലും നികുതി ചുമത്തപ്പെടും. എന്നാല്‍ പണം നല്‍കുന്നയാള്‍ ഒരു യുഎസ് പൗരനാണെങ്കില്‍ ഈ നിബന്ധന ബാധകമാകില്ല എന്നതാണ് ബില്‍. യുഎസിൽ താമസിക്കുന്നവരും ജോലി ചെയ്യുന്നവരുമായ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ഈ നീക്കം നേരിട്ട് ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്ത്യയിലേക്കുള്ള പണമയയ്ക്കലിലും നിക്ഷേപത്തിലും ഇത് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാരില്‍ നിന്നായി കോടിക്കണക്കിന് ഡോളര്‍ ഇന്ത്യയിലേക്ക് എത്തുന്നുണ്ട്. ഇതിനൊരു തിരിച്ചടിയായിരിക്കുകയാണ് ട്രംപിന്റെ പുതിയ തീരുമാനം.
2024 മാർച്ചിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ സർവേ പ്രകാരം പ്രകാരം യുഎസില്‍ നിന്ന് കൂടുതല്‍ പണമയക്കലുകള്‍ നടത്തുന്നത് ഇന്ത്യക്കാരാണ്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, യുഎസിൽ ഏകദേശം 45 ലക്ഷം ഇന്ത്യക്കാരുണ്ട്, അതിൽ 32 ലക്ഷം പേർ ഇന്ത്യൻ വംശജരാണ്. പുതിയ നികുതി നയം ഇത്തരത്തില്‍ തുടരുകയാണെങ്കില്‍ ഇന്ത്യൻ പ്രവാസികൾക്ക് പ്രതിവർഷം ഏകദേശം 1.6 ബില്യൺ ഡോളർ നഷ്ടമുണ്ടാക്കും. കൂടാതെ ഈ ബില്ല് പാസാക്കാനുള്ള സാധ്യത കൂടുതലാണെന്നാണ് നിക്ഷേപക ഉപദേഷ്ടാക്കളുടെ വാദം. അംഗീകാരം ലഭിച്ചാൽ ജൂൺ അല്ലെങ്കിൽ ജൂലൈ മാസത്തോടെ ഇത് നിയമമാകും.