A.I generated representative image.
മസ്തിഷ്ക മരണം സംഭവിച്ച ഗര്‍ഭിണി മൂന്നുമാസമായി വെന്‍റിലേറ്ററില്‍ തുടരുന്നു. ഗര്‍ഭഛിദ്രത്തിന് അനുമതി ഇല്ലാത്തതിനാലാണിതെന്ന് ഡോക്ടര്‍മാര്‍ യുവതിയുടെ ബന്ധുക്കളെ അറിയിച്ചു. ഇതോടെ സംഭവം വലിയ ചര്‍ച്ചകളിലേക്ക് വഴിമാറി. തങ്ങളുടെ അറിവോടെയല്ല ആശുപത്രി ഇങ്ങനെയൊരു നടപടിയിലേക്ക് കടന്നതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. ജോര്‍ജിയയിലാണ് സംഭവം.
ഒന്‍പത് ആഴ്ച ഗര്‍ഭിണിയായിരിക്കെയാണ് അഡ്രിയാന സ്മിത്ത് എന്ന യുവതി തലവേദന കാരണം ആശുപത്രിയിലെത്തിയത്. ഫെബ്രുവരിയിലായിരുന്നു ഇത്. മരുന്ന് നല്‍കി ഡോക്ടര്‍ യുവതിയെ മടക്കിവിട്ടു. എന്നാല്‍ തലവേദന കലശലായി പിറ്റേദിവസം രാവിലെ ഇവരെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നഴ്സായ അഡ്രിയാനയെ ഇവര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ തന്നെയാണ് ബന്ധുക്കള്‍ കൊണ്ടുവന്നത്. വിശദമായ പരിശോധനയില്‍ യുവതിയുടെ തലച്ചോറില്‍ പലയിടത്തായി രക്തം കട്ട പിടിച്ച് കിടക്കുന്നതായി കണ്ടെത്തി. പിന്നാലെ അഡ്രിയാനയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചു.
ഒന്‍പത് ആഴ്ച ഗര്‍ഭിണിയാണെന്ന കാരണത്താല്‍ മസ്തിഷ്ക മരണം സംഭവിച്ചിട്ടും അഡ്രിയാനയെ ഡോക്ടര്‍മാര്‍ വെന്‍റിലേറ്ററിലാക്കി. ജോര്‍ജിയയിലെ നിയമപ്രകാരം ആറാഴ്ചയ്ക്കുമേല്‍ പ്രായമായ ഭ്രൂണം നശിപ്പിക്കാനാകില്ല. നെഞ്ചിടിപ്പ് തുടങ്ങിക്കഴിഞ്ഞു എന്ന കാരണത്താലാണ് (heartbeat law) ആറാഴ്ച പ്രായമുള്ള ഭ്രൂണം പോലും നശിപ്പിക്കാനാകില്ല എന്ന നിയമം ഇവിടെ നടപ്പാക്കുന്നത്. എന്നാല്‍ ഇങ്ങനെ അസാധാരണമായ ഒരവസ്ഥയില്‍ ഈ നിയമം വെല്ലുവിളിയായി.
നിയമത്തിന് എതിരായി ഒന്നും ചെയ്യാനാകില്ല എന്ന് ചൂണ്ടിക്കാട്ടി ‘മരിച്ച അമ്മ’യുടെ വയറ്റില്‍ ആ കുഞ്ഞ് വളരുകയാണ്. ഇപ്പോള്‍ 21 ആഴ്ച പ്രായമുണ്ട് അഡ്രിയാനയുടെ ഗര്‍ഭസ്ഥശിശുവിന്. എന്ത് ചെയ്യണം എന്നറിയാതെ ആശുപത്രിയില്‍ ബന്ധുക്കള്‍ ഇവര്‍ക്ക് കൂട്ടിരിക്കുകയാണ്. കുഞ്ഞിനെ ഇല്ലാതാക്കണമെന്ന് ഞങ്ങള്‍ പറയുന്നില്ല, പക്ഷേ അഡ്രിയാനയെ വെന്‍റിലേറ്ററിലാക്കും മുന്‍പ് ഞങ്ങളോട് ഒരുവാക്ക് ചോദിക്കാമായിരുന്നില്ലേ എന്ന ചോദ്യമാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്.
ഗര്‍ഭസ്ഥശിശു പൂര്‍ണവളര്‍ച്ചയിലെത്തിയതിനു ശേഷം മാത്രമേ അഡ്രിയാനയെ വെന്‍റിലേറ്ററില്‍ നിന്ന് മാറ്റാനാകൂ എന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. പൂര്‍ണ ആരോഗ്യമുള്ള കുഞ്ഞിനെ പുറത്തെടുക്കാനാകുമോ എന്ന കാര്യത്തിലും ഡോക്ടര്‍മാര്‍ക്ക് സംശയമുണ്ട്. അതികൊണ്ടു തന്നെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാണ്. അഡ്രിയാനയ്ക്ക് മൂത്ത ഒരു മകന്‍ കൂടിയുണ്ട്.
അമ്മയില്ലാതെ ഒരു കുഞ്ഞിനെ വളര്‍ത്തേണ്ടി വരുന്നതിലെ പ്രശ്നങ്ങളും കുഞ്ഞിന്‍റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകളും ചേര്‍ത്തുവച്ച് ആ കുടുംബത്തിന് ഒരവസരം നല്‍കാമായിരുന്നു എന്നാണ് നിയമവിദഗ്ധര്‍ പോലും പറയുന്നത്. ജോര്‍ജിയയിലെ നിയമം ഇതാണ്, പക്ഷേ ഇതൊരു അസാധാരണ സംഭവമല്ലേ ഇളവ് നല്‍കേണ്ടതല്ലേ എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടലുണ്ടാകാത്തതിനാല്‍ അഡ്രിയാനയും വയറ്റിലെ ആ കുഞ്ഞും വെന്‍റിലേറ്ററില്‍ തുടരുകയാണ്.