ലിയോ പതിനാലാമന്‍ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണച്ചടങ്ങുകള്‍ക്ക് യുഎസ് വൈസ് പ്രസിഡന്റ് അടക്കം രാഷ്ട്രനേതാക്കളെത്തും. ഞായറാഴ്ചത്തെ ചടങ്ങുകള്‍ക്കായുള്ള ഒരുക്കങ്ങള്‍ വത്തിക്കാനില്‍ പുരോഗമിക്കുകയാണ്. അതേസമയം, വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളുമായി പാപ്പാ ഇന്ന് കൂടിക്കാഴ്ച നടത്തും.
സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് ഒന്ന് മുപ്പതിനാണ് ചടങ്ങുകള്‍ തുടങ്ങുന്നത്. സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വിശുദ്ധ പത്രോസിന്‍റെ കല്ലറയില്‍ പ്രാര്‍ഥനയ്ക്ക് ശേഷം വിശുദ്ധകുര്‍ബാനയ്ക്ക് ലിയോ പതിനാലാമന്‍ പാപ്പാ മുഖ്യകാര്‍മികനാകും. ആദ്യ പാപ്പായായിരുന്ന വിശുദ്ധ പത്രോസിന്‍റെ തൊഴിലിനെ ഓര്‍മപ്പെടുത്തി മുക്കുവന്‍റെ മോതിരവും ഇടയന്‍മാരുടെ ഓര്‍മപ്പെടുത്തലോടെ കഴുത്തിലണിയുന്ന പാലിയവും സ്വീകരിക്കുന്നതാണ് പ്രധാന ചടങ്ങ്. പോപ്പ് മൊബീലിലൂടെയെത്തി പാപ്പാ വിശ്വാസികളെ ആശീര്‍വദിക്കുകയും കുര്‍ബാനയ്ക്കിടെ പ്രഭാഷണം നടത്തുകയും ചെയ്യും. വിവിധരാജ്യങ്ങളുടെ ഭരണാധികാരികളടക്കമുള്ളവര്‍ ചടങ്ങിന് സാക്ഷികളാകാനെത്തും.
പാപ്പാ സേവനമനുഷ്ടിച്ച പെറുവില്‍ നിന്ന് ഭരണാധികാരികള്‍ക്കൊപ്പം വിശ്വാസികളുടെ പ്രതിനിധികളും ചടങ്ങിനെത്തും. പാപ്പായുടെ കുടുംബാംഗങ്ങളുമെത്തുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വിവിധ രാജ്യങ്ങളുടെ വത്തിക്കാനിലെ നയതന്ത്ര പ്രതിനിധികളുമായി പാപ്പാ ഇന്ന് കൂടിക്കാഴ്ച നടത്തും. വത്തിക്കാന്‍ രാജ്യത്തിന്‍റെ ഭരണാധികാരിയെന്ന നിലയില്‍ വിവിധരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതടക്കം കാര്യങ്ങള്‍ ചര്‍ച്ചയാകും. അതിനിടെ, കത്തോലിക്കാ സഭയ്ക്ക് നിയന്ത്രണങ്ങളുള്ള ചൈനയില്‍ പുതിയ രണ്ട് ദേവാലയങ്ങള്‍കൂടി തുറന്നതായി വത്തിക്കാന്‍ അറിയിച്ചു.