ഓപ്പറേഷന്‍ സിന്ദൂരിന്‍റെ ഭാഗമായി ഇന്ത്യ തകര്‍ത്ത മുരിദ്കെയിലെ ഭീകരകേന്ദ്രങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന് പാക്ക് മന്ത്രി റാണ തന്‍വീര്‍ ഹുസൈന്‍. മുരിദ്കെ സന്ദര്‍ശിച്ച ശേഷമാണ് മന്ത്രിയുടെ പ്രസ്താവന. പാക്ക് സര്‍ക്കാര്‍ സ്വന്തം ചിലവില്‍ കേന്ദ്രം പുനര്‍നിര്‍മിക്കുമെന്നും ഇന്ത്യയുടെ അഭിമാനമായ സാങ്കേതികവിദ്യ ലഹോറിലെ ബിലാല്‍ ഗഞ്ച് മാര്‍ക്കറ്റില്‍ ഉടനെ കാണാന്‍ സാധിക്കുമെന്നും പരിഹസിച്ചു.
തകര്‍ന്ന പള്ളികള്‍ പുനര്‍നിര്‍മിക്കാന്‍ പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫും ആര്‍മി തലവന്‍ ജനറല്‍ ആസിഫ് മുനീറും വ്യക്തിപരമായി സംഭാവന നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. മേയ് ഏഴിന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂരില്‍ ലക്ഷ്യമിട്ട ഭീകരകേന്ദ്രങ്ങളില്‍ ഒന്നാണ് മുരിദ്കെ.
ലഹോറില്‍ നിന്നും 33 കിലോമീറ്റര്‍ മാറിയുള്ള ഇവിടെയാണ് ലഷ്കറെ തയ്ബെയുടെ ആസ്ഥാനം പ്രവര്‍ത്തിക്കുന്നത്. മർകസ്-ഇ-തൊയ്ബ എന്നറിയപ്പെടുന്ന ലഷ്കർ ആസ്ഥാനം ജമ്മാത്-ഉദ്‍വ എന്ന ചാരിറ്റബിൾ സംഘടനയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. 200 ഏക്കറില്‍ അധികം വ്യാപിച്ച് കിടക്കുന്ന കേന്ദ്രം ലോകത്തെ ഏറ്റവും വലിയ ഭീകരവാദ കേന്ദ്രമാണ്. 1980 തില്‍ ഹഫീസ് സെയ്ദ് ലഷ്കര്‍ സ്ഥാപിച്ച ലഷ്കറിന് 2000 ത്തിലാണ് മുരിദ്കെയില്‍ ആസ്ഥാനവും ഒരുക്കിയത്. പാക്കിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐയുടെ സഹായത്തോടെയായിരുന്നു ഇത്. 2008ല്‍ ഇന്ത്യയെ നടുക്കിയ മുംബൈ ആക്രമണത്തിനു പിന്നിലെ പ്രധാന ഭീകരന്‍ അജ്മല്‍ കസബിന് പരിശീലനം നല്‍കിയ ഇടംകൂടിയാണ് മുരിദ്കെ.
ഓപ്പറേഷൻ സിന്ദൂറിൽ ഒൻപത് ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. മുരിദ്കെ കൂടാതെ മുസാഫറാബാദ്, സർജാൽ, കോട്‌ലി, ഗുൽപുർ, സിയാൽകോട്ട്, ബർണാൽ, ഭവൽപുർ, സവായ് എന്നിവിടങ്ങളിലെ ഭീകര ക്യാംപുകളാണ് ഇന്ത്യൻ സേന ലക്ഷ്യമിട്ടത്.