AI Generated Image
സ്കൂബ ഡൈവിങിനിടെ കയ്യിലിരുന്ന കാമറ വെള്ളത്തില്‍ വീണത് തിരികെ എടുക്കാന്‍ ആഴക്കടലിലേക്ക് ഇറങ്ങിയ യുവതി മുങ്ങിമരിച്ചു. ഇന്തൊനേഷ്യയിലാണ് ചൈനക്കാരിയായ യുവതി മുങ്ങിമരിച്ചത്. പ്രഫഷനല്‍ മുങ്ങല്‍ വിദഗ്ധയായ സാങ് സിയോഹനാണ് ദാരുണ അന്ത്യം. 12 വിനോദസഞ്ചാരികളുമായി കിഴക്കന്‍ കലിമാന്‍റനിലെ കകാബന്‍ ദ്വീപിലെത്തിയതായിരുന്നു സാങ് സിയോഹന്‍.
കടലിനടിയിലെ പവിഴപ്പുറ്റുകള്‍ കാണുന്നതിനായി സഞ്ചാരികളുമായി ഇറങ്ങിയതാണ് സാങ്. പക്ഷേ കയ്യിലിരുന്ന ഗോ പ്രൊ കാമറ വഴുതി എട്ടുമീറ്ററോളം താഴ്ചയിലേക്ക് പോയി. ഒപ്പമുണ്ടായിരുന്ന ഗൈഡ് വിലക്കിയെങ്കിലും കാമറ എടുക്കാനായി സാങ് വീണ്ടും മുങ്ങാംകുഴിയിട്ടിറങ്ങി. പൊങ്ങി വരേണ്ട സമയം കഴിഞ്ഞിട്ടും സാങിനെ കാണാതായതോടെ സംഘത്തിലെ ഗൈഡുമാര്‍ തിരിഞ്ഞിറങ്ങി തിരഞ്ഞു. പക്ഷേ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തകരും സൈനികരും തിരച്ചിലിനിറങ്ങി.
ദിവസങ്ങള്‍ക്ക് ശേഷം ഉപരിതലത്തില്‍ നിന്നും 88 മീറ്റര്‍ അടിയില്‍ നിന്ന് സാങിന്‍റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. ശക്തമായ അടിയൊഴുക്കില്‍പ്പെട്ടതാവാം അപകടത്തിന് കാരണമായതെന്നാണ് വിലയിരുത്തല്‍. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
അതിവിദഗ്ധയായ നീന്തല്‍ക്കാരിയായിരുന്നു സാങ് എന്നും കടുത്ത ദുഃഖമുണ്ടെന്നും സുഹൃത്തുക്കള്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ജീവനെക്കാള്‍ വലുതല്ല ഒരു കാമറയും ദൃശ്യങ്ങളുമെന്നും പ്രഫഷനല്‍ ആയാലും ശ്രദ്ധ വേണമെന്നും ചിലര്‍ കുറിച്ചു. തനിച്ച് ഒരിക്കലും ആഴക്കടലിന്‍റെ അടിത്തട്ടിലേക്ക് ഇറങ്ങരുതെന്നും ചിലര്‍ കമന്‍റ് ചെയ്തിട്ടുണ്ട്.