Image Credit: X@TIgerNS3

Image Credit: X@TIgerNS3

ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാക്കിസ്ഥാന്‍റെ ആണവസംഭരണ കേന്ദ്രമായ കിരാന കുന്നുകളില്‍ ആണവ ചോര്‍ച്ചയെന്ന് അഭ്യൂഹം. വിഡിയോയും കുറിപ്പുകളും വിദഗ്ധരുടെ പ്രതികരണവുമെല്ലാം ചേര്‍ത്ത് സോഷ്യല്‍ മീഡിയയില്‍ കാട്ടുതീ കണക്കെ പടരുകയാണ് കിരാന ഹില്‍സും ആണവ ചോര്‍ച്ചയും. 

ഇന്ത്യ പാക്കിസ്ഥാന്‍റെ വ്യോമകേന്ദ്രങ്ങളില്‍ നടത്തിയ തിരിച്ചടിക്ക് പിന്നാലെയാണ് അഭ്യൂഹം പരന്നത്. ഇന്ത്യന്‍ ലക്ഷ്യങ്ങളില്‍ ഉള്‍പ്പെട്ട സര്‍ഗോധ, നുര്‍ ഖാന്‍ എന്നിവ ആണവ സൗകര്യങ്ങള്‍ക്ക് അടുത്തുള്ള എയര്‍ബേസുകളാണ്. റാവല്‍പിണ്ടിയില്‍ സ്ഥിതിചെയ്യുന്ന നൂര്‍ ഖാന്‍ എയര്‍ബേസ്, ആണവായുധങ്ങള്‍ കൈകാര്യം ചെയ്യുന്ന പാക്കിസ്ഥാന്‍റെ സ്ട്രാറ്റജിക് പ്ലാന്‍ ഡിവിഷനോട് ചേര്‍ന്നാണ്. അതേസമയം കിരണ ഹില്‍സില്‍സിനോട് ചേര്‍ന്നാണ് സര്‍ഗോധ എയര്‍ബേസ്. ഇവിടെയാണ് പാക്കിസ്ഥാന്‍ ജെ-16, ജെഎഎഫ് വിമാനങ്ങളുടെ പ്രവര്‍ത്തനകേന്ദ്രം. 

കിരാന ഹില്‍സ്

പാക്കിസ്ഥാന്‍റെ പ്രധാനപ്പെട്ട സൈനിക മേഖലയിലൊന്നാണ് കിരാന ഹില്‍സ്. 10 ഭൂഗര്‍ഭ ആണവായുധ ടണലുകള്‍ ഇവിടെയുണ്ടെന്നാണ് കരുതപ്പെടുന്നത്. കുഷബ് ആണവ കോംപ്ലക്സില്‍ നിന്നും 75 കിലോമീറ്റര്‍ ദൂരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ആയുധ-ഗ്രേഡ് പ്ലൂട്ടോണിയം ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുന്ന നാല് ഹെവി വാട്ടർ റിയാക്ടറുകൾ ഇവിടെയുണ്ട്. ഇവിടെ നിന്നും കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ സഹിതമാണ് സമൂഹ മാധ്യങ്ങളിലെ ഒരു പ്രചരണം. 

പ്രചാരണങ്ങള്‍ ഇങ്ങനെ

ആണവ വികരണം കണ്ടെത്താന്‍ ശേഷിയുള്ള യുഎസ് വിമാനം പാക്കിസ്ഥാന്‍റെ എയര്‍സ്പേസിന് മുകളിലൂടെ പറന്നു എന്നതാണ് അഭ്യൂഹത്തെ ചൂടുപിടിപ്പിക്കുന്ന മറ്റൊരു കാരണം. യുഎസ് ബ്രീച്ച്ക്രാഫ്റ്റ് ബി350 ഏരിയല്‍ മെഷറിങ് സിറ്റം എയര്‍ക്രാഫ്റ്റ് പാക്കിസ്ഥാന്‍റെ എയര്‍സ്പേസിന് മുകളിലൂടെ പറന്നു എന്നാണ് ഫ്ലൈറ്റ്റെഡാറിലുള്ള ഡാറ്റ. N111SZ എന്ന ടെയിൽ നമ്പറുള്ള ഈ വിമാനം അടിയന്തര സാഹചര്യങ്ങളിൽ റേഡിയോ ആക്ടീവ് മലിനീകരണം കണ്ടെത്തുന്നതിനായി രൂപകൽപ്പന ചെയ്തതാണ്. യുഎസ് ഊർജ്ജ വകുപ്പിന് കീഴിലുള്ള വിമാനമാണിത്.  

മുന്‍ സിഐഎ ഓഫീസറും നിലവില്‍ റാന്‍ഡ് കോര്‍പ്പറേഷനില്‍ അനലിസ്റ്റുമായ ഡെറക് ഗ്രോസ്മാന്‍റെ പ്രതികരണമാണ് മറ്റൊന്ന്. ഇന്ത്യയുടെ നൂര്‍ ഖാന്‍ എയര്‍ബേസിലെ വ്യോമാക്രമണം പാക്കിസ്ഥാന്‍റെ ആണവായുധങ്ങള്‍ക്ക് ഭീഷണിയായി എന്നും ഇത് ആണവ ചോര്‍ച്ചയുണ്ടാക്കിയെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്. ഇതിനോട് ഇന്ത്യയോ യുഎസോ പ്രതികരിച്ചിട്ടില്ല. 

ഇന്ത്യൻ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ ഒരു ഈജിപ്ഷ്യൻ സൈനിക ഗതാഗത വിമാനം മുറിയിൽ ഇറങ്ങുകയും പോകുകയും ചെയ്തതായി റിപ്പോർട്ടുണ്ട്, ഇത് ഗൂഢാലോചനയ്ക്ക് ആക്കം കൂട്ടുന്നു. റേഡിയോ ആക്ടീവ് വികരണം തടയാൻ ഉപയോഗിക്കുന്ന ബോറോൺ വിമാനത്തിൽ ഉണ്ടായിരുന്നതായാണ് സോഷ്യല്‍ മീഡിയയിലെ അവകാശവാദം.

ആണവവികിരണം സ്ഥിരീകരിച്ചുകൊണ്ടുള്ള പാക്ക് സര്‍ക്കാറിന്‍റെ കുറിപ്പ് എന്ന രീതിയില്‍ പ്രചരിക്കുന്ന രേഖയാണ് മറ്റൊന്ന്.  റേഡിയേളജിക്കല്‍ സേഫ്റ്റി ബുള്ളറ്റിന്‍ എന്ന പേരില്‍ പുറത്തിറക്കിയ രേഖയില്‍ മെയ് 11-ന് അറ്റകുറ്റപ്പണികള്‍ക്കിടെ ചോര്‍ച്ചയുണ്ടായി എന്നാണ് പറയുന്നത്. എന്നാലിത് വ്യാജമാണെന്ന് ആള്‍ട്ട് ന്യൂസിന്‍റെ ഫാക്ട് ചെക്കില്‍ കണ്ടെത്തിയിട്ടുണ്ട്. 

ഇന്ത്യന്‍ നിലപാട് എന്ത് 

കിരാന ഹില്‍സ് ആക്രമിച്ചിട്ടില്ല എന്ന് എയര്‍മാര്‍ഷല്‍ എ.കെ. ഭാരതി കൃത്യമായി വാര്‍ത്തസമ്മേളനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. കിരാന ഹില്‍സ് ആണവായുധമുണ്ടെന്ന് പറഞ്ഞു തന്നതിന് നന്ദി. ഞങ്ങള്‍ക്ക് ഇതിനെ പറ്റി അറിയില്ല. അവിടെ എന്തുതന്നെ ഉണ്ടായാലും കിരാന ഹില്‍സ് ഞങ്ങള്‍ ആക്രമിച്ചിട്ടില്ല' എന്നാണ് ഇന്ത്യ വ്യക്തമാക്കിയത്.

ENGLISH SUMMARY:

After Operation Sindoor, rumors of a nuclear leak at Pakistan’s Kiran Hills nuclear facility have spread like wildfire on social media. Videos, notes, and expert opinions are fueling the suspicion about a potential nuclear leak.