Image Credit: Maxar, x.com/Indianinfoguide

Image Credit: Maxar, x.com/Indianinfoguide

  • പാക്കിസ്ഥാന് ഏറ്റത് കനത്ത പ്രഹരം
  • വ്യോമത്താവളങ്ങളിലെ റണ്‍വേയിലടക്കം വന്‍ ഗര്‍ത്തങ്ങള്‍
  • തെളിവായി സാറ്റലൈറ്റ് ചിത്രങ്ങള്‍

പഹല്‍ഗാമിന് മറുപടിയായി  ഓപറേഷന്‍ സിന്ദൂറിന് പിന്നാലെയുണ്ടായ പാക് ആക്രമണത്തിന് ഇന്ത്യ നല്‍കിയത് പാക്കിസ്ഥാന് മറക്കാനാവാത്ത തിരിച്ചടി. പാക് വ്യോമ താവളങ്ങള്‍ക്ക് സാരമായ ക്ഷതമാണ് ഇന്ത്യ ഏല്‍പ്പിച്ചതെന്ന് സാറ്റലൈറ്റ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. രാജ്യാന്തര അതിര്‍ത്തിക്ക് 200 കിലോമീറ്റര്‍ അപ്പുറം സ്ഥിതി ചെയ്യുന്ന ജക്കോബാബാദ് വ്യോമ താവളത്തിന്‍റെ ഒരുഭാഗമാണ് ഇന്ത്യ തച്ചുടച്ചത്. ഏപ്രില്‍ മുപ്പതിനും മേയ് പതിനൊന്നിനുമുള്ള വ്യോമതാവളത്തിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങളാണ് പുറത്തുവന്നത്. പാക്കിസ്ഥാന്‍റെ സിന്ധ് പ്രവിശ്യയില്‍ രാജസ്ഥാന്‍റെ ലോങേവാലയ്ക്ക് പടിഞ്ഞാറു ഭാഗത്തായാണ് ജക്കോബാബാദ് സ്ഥിതി ചെയ്യുന്നത്.

ജക്കോബാബാദ് വ്യോമതാവളത്തില്‍ വിമാനങ്ങള്‍ അറ്റകുറ്റപ്പണിക്കായും അല്ലാതെയും സൂക്ഷിക്കുന്ന ഹാങറുകളാണ് ഇന്ത്യ തകര്‍ത്തത്. ഹാങര്‍ പൂര്‍ണമായി തകര്‍ത്തതിനൊപ്പം സമീപത്തുള്ള കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ വരുത്തിയതും സാറ്റലൈറ്റ് ചിത്രങ്ങളില്‍ കാണാം. സര്‍ഗോദ, നുര്‍ ഖാന്‍, ഭൊലാരി, സുക്കുര്‍, റഹിം യാര്‍ ഖാന്‍ എന്നീ വ്യോമതാവളങ്ങളിലും ഇന്ത്യ കാര്യമായ നാശം വിതച്ചു. മാക്സര്‍ ടെക്നോളജീസാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. പാക്കിസ്ഥാനിലെ തിരഞ്ഞെടുത്ത വ്യോമ താവളങ്ങളില്‍ തിരഞ്ഞെടുത്ത ഭാഗങ്ങളില്‍ മാത്രമാണ് ഇന്ത്യ കൃത്യമായ ആസൂത്രണത്തോടെ ആക്രമണം നടത്തിയതെന്ന്  ഡിജിയായ എയര്‍ മാര്‍ഷല്‍ എ.കെ. ഭര്‍ത്രിയും കഴിഞ്ഞദിവസത്തെ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുറത്തുവന്ന ചിത്രങ്ങള്‍. 

സിന്ധ് പ്രവിശ്യയിലെ തന്നെ വ്യോമ താവളമായ ഭോലാരി 2017 മുതലാണ് പ്രവര്‍ത്തനക്ഷമമായത്. ഭോലാരിയിലെയും ഹാങറും അതിന്‍റെ മേല്‍ക്കൂരയും ഇന്ത്യ തകര്‍ത്തിട്ടുണ്ട്. ഏപ്രില്‍ 27ന് ഭൊലാരിയിലെ വ്യോമതാവളത്തിന് മേല്‍ക്കൂരയുള്ളതായും മേയ് 11 ലെ ചിത്രത്തില്‍ മേല്‍ക്കൂരയുടെ നാലിലൊന്ന് തകര്‍ന്നതായും കാണാം. 

sukkur-airbase

സുക്കുര്‍ വ്യോമത്താവളം മേയ് 3ന് (ഇടത്) മേയ് 10ന് (ഇടത്) Image: Maxar, https://x.com/Indianinfoguide

പാക്കിസ്ഥാന്‍റെ തന്ത്രപ്രധാന വ്യോമ താവളങ്ങളിലൊന്നാണ് സുക്കുര്‍. പാക്കിസ്ഥാന്‍റെ ദക്ഷിണ വ്യോമ കമാന്‍ഡിന് കീഴിലാണ് ഇത് വരുന്നത്.  മേയ് മൂന്നിന് സുക്കുര്‍ വ്യോമത്താവളത്തില്‍ രണ്ട് കെട്ടിടം കാണാമായിരുന്നുവെങ്കില്‍ മേയ് 10 ലെ സാറ്റലൈറ്റ് ചിത്രങ്ങളില്‍ ഒരെണ്ണം നാമാവശേഷമായതായാണ് കാണുന്നത്. പരിസരത്തുണ്ടായിരുന്ന പച്ചപ്പും കത്തിനശിച്ചതായും വ്യാപക നഷ്ടം സംഭവിച്ചതായും ചിത്രങ്ങളില്‍ വ്യക്തമാണ്. 

റാവല്‍പിണ്ടിക്കും ഇസ്​ലാമാബാദിനും ഇടയിലുള്ള നുര്‍ഖാനിലും ഇന്ത്യന്‍ സൈന്യം മിസൈലെത്തിച്ചുവെന്നാണ് സാറ്റലൈറ്റ് ചിത്രങ്ങള്‍ പറയുന്നത്. 1971 ലെ യുദ്ധത്തിലും ഇന്ത്യ അന്ന് ചക്​ലാല എന്നറിയപ്പെട്ടിരുന്ന ഈ വ്യോമ താവളം ആക്രമിച്ചിരുന്നു. ഇവിടെ നടത്തിയ ആക്രമണത്തില്‍ രണ്ട് വലിയ ട്രക്കുകള്‍ സഹിതമാണ് ഇന്ത്യ നശിപ്പിച്ചത്. 

nur-khan-airbase

Image: Maxar, https://x.com/Indianinfoguide

ബഹവര്‍പുറില്‍ നിന്നും 200 കിലോമീറ്റര്‍ തെക്കായി സ്ഥിതി ചെയ്യുന്ന പാക് പഞ്ചാബിലെ റഹിം യാര്‍ ഖാനില്‍ കനത്ത ആക്രമണമാണ് ഇന്ത്യ നടത്തിയത്. വ്യോമതാവളത്തിന്‍റെ റണ്‍വേയ്ക്കാണ് ഇവിടെ സാരമായ നാശമുണ്ടാക്കിയത്. വലിയ ഗര്‍ത്തം ഇവിടെ രൂപപ്പെട്ടതായും ചിത്രങ്ങളില്‍ കാണാം.

സര്‍ഗോദയിലെ മുഷാഫ് വ്യോമത്താവളം ഓപറേഷന്‍ സിന്ദൂറിലാണ് ഇന്ത്യ ആക്രമിച്ചത്. പഞ്ചാബിലെ രാജ്യാന്തര അതിര്‍ത്തിയില്‍ നിന്നും 200 കിലോമീറ്റര്‍ അപ്പുറം സ്ഥിതി ചെയ്യുന്ന സര്‍ഗോദ ലഹോറിന് പടി​ഞ്ഞാറു ഭാഗത്തായുള്ള പ്രദേശമാണ്. 1965 ലെയും 71ലെയും യുദ്ധങ്ങളില്‍ ഇന്ത്യ ഇവിടെ ആക്രമണം നടത്തിയിരുന്നു. എട്ട് മീറ്ററെങ്കിലും വിസ്താരമുള്ള വലിയ ഗര്‍ത്തങ്ങളാണ് ഇന്ത്യന്‍ തിരിച്ചടിക്ക് പിന്നാലെ ഇവിടെ ഉടലെടുത്തത്. 

പഹല്‍ഗാമില്‍ 26 നിരപരാധികളുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് മറുപടിയായാണ് മേയ് ഏഴിന് പാക്കിസ്ഥാനിലെ 9 ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ ആക്രമണം നടത്തിയത്. കൃത്യമായി ഭീകരകേന്ദ്രങ്ങള്‍ മാത്രം ലക്ഷ്യമിട്ട് നടത്തിയ തിരിച്ചടിയില്‍ സാധാരണ പൗരന്‍മാര്‍ക്ക് ഒരു നാശവും സംഭവിച്ചിരുന്നില്ല. ഇതിന് പിന്നാലെ നിയന്ത്രണരേഖയിലെ വെടിനിര്‍ത്തല്‍ ലംഘിച്ച് പാക്കിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 26 സാധാരണക്കാര്‍ കൊല്ലപ്പെടുകയും അഞ്ച് ജവാന്‍മാര്‍ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. 

ENGLISH SUMMARY:

Satellite images have emerged showing significant damage to the Jacobabad airbase in Pakistan, a target of India's retaliatory action following Pakistan's attack on India post-Operation Sindoor. The images, taken between April 30 and May 11, reveal the destruction of hangars and substantial damage to surrounding structures. India’s precision strikes on selected Pakistani airbases like Jacobabad, Sargodha, and Sukkur are confirmed, according to Air Marshal A.K. Bhadauria's statements. The Maxar Technologies satellite imagery provides clear evidence of the attack's effectiveness and strategic planning.