baluch-india

തങ്ങളെ പാക്കിസ്ഥാന്‍റെ സ്വന്തം ആളുകളെന്ന് വിളിക്കരുത് ഇന്ത്യന്‍ മാധ്യമങ്ങളോട് ബലൂച് നേതാവ് മിര്‍ യാര്‍ ബലോച്. 'ബലൂചിസ്ഥാന്‍ ഒരിക്കലും പാക്കിസ്ഥാന്‍റെ ഭാഗമായിരുന്നില്ല' എന്ന് മിര്‍ യാര്‍ കൂട്ടിച്ചേര്‍ത്തു. പാക് സര്‍ക്കാറിന്‍റെ നേതൃത്വത്തില്‍ പതിറ്റാണ്ടുകള്‍ നീണ്ട മിസൈല്‍ ആക്രമണങ്ങളും കൂട്ടക്കൊലയും ആളുകളെ തട്ടിക്കൊണ്ടുപോയതും എടുത്തുപറഞ്ഞായിരുന്നു പ്രതികരണം.

"പ്രിയപ്പെട്ട ഇന്ത്യക്കാരുടെ ദേശസ്നേഹികളായ മാധ്യമങ്ങളേ, യൂട്യൂബ് സഖാക്കളേ, ഭാരതത്തെ പ്രതിരോധിക്കാൻ പോരാടുന്ന ബുദ്ധിജീവികളേ, ബലൂചിസ്ഥാനികളെ 'പാകിസ്ഥാന്റെ സ്വന്തം ജനത' എന്ന് വിളിക്കരുതെന്ന് നിർദ്ദേശിക്കുന്നു. ഞങ്ങൾ പാകിസ്ഥാനികളല്ല, ബലൂചിസ്ഥാനികളാണ്. വ്യോമാക്രമണങ്ങളോ നിർബന്ധിത തിരോധാനങ്ങളോ വംശഹത്യയോ ഒരിക്കലും നേരിട്ടിട്ടില്ലാത്ത പഞ്ചാബികളാണ് പാകിസ്ഥാനിലെ സ്വന്തം ജനത,"– പോസ്റ്റിന്റെ പൂര്‍ണരൂപം 

ബലൂചിസ്ഥാന്‍റെ സ്വതന്ത്രത്തെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തന്‍ ചോദ്യമുന്നയിച്ചതിനെ എടുത്ത് പറഞ്ഞിട്ട പോസ്റ്റില്‍‌ തങ്ങള്‍ 1947 ആഗസ്റ്റ് 11ന് ബൃട്ടീഷുകാര്‍ ഇന്ത്യന്‍ ഉപഭൂഘണ്ഡം വിട്ടപ്പോള്‍ തന്നെ സ്വാതന്ത്ര‍്യം പ്രഖ്യാപിച്ചതാണെന്ന് മിര്‍ യാര്‍ എക്സില്‍ മുന്‍പ് പോസ്റ്റിട്ടിരുന്നു. 

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാ – പാക് സംഘര്‍ഷത്തില്‍ ഇന്ത്യക്കാണ് ബലൂചിസ്ഥാന്‍ ജനത പിന്തുണ പ്രഖ്യാപിച്ചത് എന്നും മിര്‍ പറഞ്ഞു. ചൈന പാക്കിസ്ഥാനെ പിന്തുണയ്ക്കുകയാണെന്നും എന്നാല്‍ ബലൂചിസ്ഥാന്‍ എന്നും ഇന്ത്യയ്ക്കൊപ്പമുണ്ടാകുമെന്നും മിര്‍ പോസ്റ്റിട്ടിരുന്നു. 

മുന്‍പും പാക്കിസ്ഥാനെതിരെ കടുത്ത മുന്നറിയിപ്പുമായി ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) രംഗത്തുവന്നിരുന്നു. ദക്ഷിണേഷ്യയില്‍ മാറ്റം വേണമെന്നും പാക്കിസ്ഥാനെ ആക്രമിക്കാന്‍ തയ്യാറാണെന്നും ബിഎല്‍എ ഞായറാഴ്ച ഇറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യ–പാക്ക് സംഘര്‍ഷ സമയത്ത് അധിനിവേശ ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍റെ സൈനിക, ഇന്‍റലിജന്‍സ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 51 ഇടത്ത് 71 ആക്രമണങ്ങള്‍ നടത്തിയതായും സംഘം അവകാശപ്പെട്ടു.

ENGLISH SUMMARY:

Baloch leader Mir Yaar Baloch has urged Indian media not to refer to Baloch people as "Pakistan's own citizens," asserting that Balochistan was never part of Pakistan. He highlighted decades of missile attacks, mass killings, and abductions allegedly carried out by the Pakistani government in the region.