‘സൗദി ഇസ്രയേലുമായി സമാധാനക്കരാറില്‍ എത്തണം. പക്ഷേ, അതിനുവേണ്ട സാവകാശമെടുക്കാന്‍ സൗദിക്ക് അവകാശമുണ്ട്. ഇസ്രയേലിനെ അംഗീകരിക്കുന്നതിനും സമാധാനം ഉറപ്പാക്കാനും സൗദി വൈകാതെ അബ്രഹാം ഉടമ്പടിയില്‍ പങ്കാളിയാകുമെന്നാണ് പ്രതീക്ഷ’, ഡോണള്‍ഡ് ട്രംപ്, യുഎസ് പ്രസിഡന്റ്
യുഎസ് പ്രസിഡന്റായി ഡോണള്‍ഡ് ട്രംപിന്‍റെ ആദ്യ ഭരണകാലത്തായിരുന്നു യുഎഇയും ബഹ്റൈനും ഇസ്രയേലുമായി നയതന്ത്ര ബന്ധം തുടങ്ങിയത്. 2020 ഓഗസ്റ്റിലായിരുന്നു ആ ചരിത്രസംഭവം. ആദ്യമായാണ് ഒരു ഗള്‍ഫ് രാജ്യം അന്ന് ഇസ്രയേലുമായി നയതന്ത്ര ബന്ധം തുടങ്ങിയത്. ഇസ്രയേലുമായി നയതന്ത്രബന്ധം തുടങ്ങിയ മൂന്നാമത്തെ അറബ് രാജ്യവുമായി യുഎഇ. ഇസ്രയേല്‍–യുഎഇ ബന്ധം അഞ്ചാം വര്‍ഷത്തിലേക്കെത്തുമ്പോള്‍ വ്യാപാരബന്ധത്തിലടക്കം ഏറ്റവും മികച്ച സഹകരണമാണ് ഇരുരാജ്യങ്ങളും തുടരുന്നത്.
യുഎഇയുടെ വഴിയേ സൗദി വരുമോ?
യുഎഇയും ബഹ്റൈനും ഇസ്രയേലുമായി നയതന്ത്രബന്ധം സ്ഥാപിച്ചതിന് പിന്നാലെ രാജ്യാന്തരവേദികളില്‍ ഉയര്‍ന്നുകേട്ട ചോദ്യം ആ വഴിയേ സൗദിയും കടന്നുവരുമോ എന്നായിരുന്നു. അങ്ങനെ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് ട്രംപിന് പകരം ജോ ബൈഡന്‍ അമേരിക്കയില്‍ അധികാരത്തിലേറുന്നത്. ബൈഡന്‍റെ കാലത്ത് ഗള്‍ഫില്‍ യുഎസിന്‍റെ ഇടപെടല്‍ കുറഞ്ഞിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. അവിടെ സൗദിയും ഇറാനുമായി ബന്ധം പുനഃസ്ഥാപിക്കുന്നതിന് ചൈന ഇടപെടല്‍ നടത്തിയതും ലോകം കണ്ടു.
അങ്ങനെ ബൈഡന്‍ മാറി ട്രംപ് വീണ്ടുമെത്തുമ്പോള്‍ അന്നത്തെ സാഹചര്യമല്ല ഇന്നത്തേത്. ഗാസയിലെ യുദ്ധം എല്ലാ സമാധാനനീക്കങ്ങള്‍ക്കും തിരിച്ചടിയായി. അതിനാല്‍തന്നെ അത്രവേഗത്തില്‍ ബന്ധം സ്ഥാപിക്കണമെന്നൊരു നിര്‍ദേശം ട്രംപിന്‍റെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. ദ്വിരാഷ്ട്ര പരിഹാരമുണ്ടാകാതെ ഇസ്രയേലുമായുള്ള ബന്ധം ആലോചിക്കുക പോലുമില്ലെന്ന നിലപാട് സൗദി ആവര്‍ത്തിക്കുന്നുമുണ്ട്.
ചര്‍ച്ച സജീവമാക്കി വീണ്ടും ട്രംപ്
രണ്ടാം തവണയും ട്രംപ് അധികാരത്തിലേറിയതിന് പിന്നാലെ സൗദിയിലെത്തിയ ട്രംപ് അങ്ങനെ വീണ്ടും സൗദി–ഇസ്രയേല്‍ ബന്ധം സജീവചര്‍ച്ചയാക്കിയിരിക്കുകയാണ്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള അടുത്തബന്ധമായിരിക്കാം ട്രംപിന്‍റെ ആത്മവിശ്വാസത്തിന് പിന്നില്‍. പക്ഷേ, ഉടന്‍ അത് യാഥാര്‍ഥ്യമാകില്ലെന്ന യാഥാര്‍ഥ്യം ട്രംപിനുമറിയാം.
ഇസ്രയേലിനെതിരെ യുദ്ധം നടത്തുന്ന ഹമാസിന്‍റെ ഏറ്റവും വലിയ പിന്തുണ ഹൂതികളാണെന്നതും അതേ ഹൂതികളാണ് സൗദിക്ക് ഏറ്റവും വലിയ ഭീഷണിയെന്നതും ചേര്‍ത്തുവായിക്കണം. ശത്രുവിന്‍റെ മിത്രത്തിന്‍റെ ശത്രുവാണ് ഇസ്രയേലെന്ന തിരിച്ചറിവ് സൗദിക്കുള്ളതിനാല്‍, ചര്‍ച്ചകളെ പൂര്‍ണമായും തള്ളിക്കളയുന്നതിനപ്പുറം സജീവമാക്കി വയ്ക്കുന്നതില്‍ റിയാദിന് താല്‍പര്യക്കുറവൊന്നുമില്ലെന്നുവേണം അനുമാനിക്കാന്‍.
ഭാവിയില്‍ കൈകോര്‍ക്കുമോ?
ട്രംപിനെപ്പോലൊരാള്‍ അധികാരത്തിലുള്ളപ്പോള്‍ മാത്രം സംഭവിക്കാന്‍ സാധ്യതയുള്ള കാര്യമാണ് സൗദി- ഇസ്രയേല്‍ നയതന്ത്ര ബന്ധം. ഗാസയില്‍ ട്രംപ് പുതിയ പദ്ധതികളൊക്കെ പ്രഖ്യാപിച്ചെങ്കിലും സംഘര്‍ഷം പൂര്‍ണമായും അകന്നിട്ടില്ല എന്നതിനാല്‍ സൗദി- ഇസ്രയേല്‍ ബന്ധം ഉടന്‍ പ്രാബല്യത്തിലാകാന്‍ പോകുന്നൊരു സാധ്യതയല്ല. പക്ഷേ, ട്രംപിന്‍റെ മരുമകന്‍ ജാറെദ് കുഷ്നറും കിരാടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായുള്ള അടുത്ത ബന്ധവുമെല്ലാം വലിയ ഇടപെടലുകള്‍ക്ക് വഴിയൊരുക്കുമെന്നുറപ്പാണ്. പരസ്യമായൊരു കൈകോര്‍ക്കലിനപ്പുറം യോജിക്കാവുന്ന മേഖലകളില്‍ സഹകരിക്കുമെന്നൊരു പ്രഖ്യാപനം കേട്ടാല്‍ അതിശയിക്കപ്പെടേണ്ടതില്ലെന്നതാണ് യാഥാര്‍ഥ്യം.