ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഏപ്രില്‍ ഏഴിന് വൈറ്റ് ഹൗസില്‍ എത്തിയപ്പോള്‍
അമേരിക്കന്‍ പ്രസിഡന്‍റ ഡോണള്‍ഡ് ട്രംപ് നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഗള്‍ഫിലെത്തി. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നീ രാജ്യങ്ങളിലാണ് പര്യടനം. സമ്പന്നരായ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് അമേരിക്കയിലേക്ക് നിക്ഷേപം ആകര്‍ഷിക്കുകയാണ് മുഖ്യലക്ഷ്യം. അതിനൊപ്പം പരിഹാരം തേടുന്ന ഒട്ടേറെ നിര്‍ണായക പ്രശ്നങ്ങളും ട്രംപിന് മുന്നിലുണ്ട്. ഗാസയിലെ യുദ്ധം അവസാനിപ്പിക്കല്‍, സിറിയ, യെമന്‍, യുക്രെയ്ന്‍ വെടിനിര്‍ത്തല്‍, ഇറാന്‍റെ ആണവപദ്ധതി തുടങ്ങിയവ അതില്‍പ്പെടുന്നു. എന്നാല്‍ ഈ യാത്രയില്‍ ഏറ്റവും ശ്രദ്ധേയമായ ഘടകം ട്രംപ് ഇസ്രയേലിലേക്ക് പോകുന്നില്ല എന്നതാണ്.
ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഡോണള്‍ഡ് ട്രംപും വൈറ്റ് ഹൗസില്‍
ട്രംപ് ഇസ്രയേലില്‍ പോയില്ലെങ്കില്‍ എന്ത്?: ഇസ്രയേല്‍ ഇന്നത്തെ രൂപത്തില്‍ സ്ഥാപിക്കപ്പെട്ടതുമുതല്‍ അവരുടെ നിലനില്‍പ്പിന്‍റെ പ്രധാനഘടകം അമേരിക്ക നല്‍കിവന്ന കലവറയില്ലാത്ത പിന്തുണയാണ്. സൈനികവും സാമ്പത്തികവും തന്ത്രപരവും നയതന്ത്രപരവുമായ ഉറച്ച പിന്തുണ! ലോകം മുഴുവന്‍ ഇസ്രയേലിനെ വിമര്‍ശിച്ച, നിന്ദിച്ച അവസരങ്ങളിലൊക്കെ – തെറ്റും ശരിയും നോക്കാതെ – അവര്‍ക്കൊപ്പം ഉറച്ചുനിന്ന രാജ്യമാണ് അമേരിക്ക. അതില്‍ ഉണ്ടാകുന്ന നേരിയ ചാഞ്ചാട്ടം പോലും ഇസ്രയേലിനെ വല്ലാതെ ബാധിക്കും. അറബ് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഇസ്രയേലില്‍ പോകേണ്ടെന്ന ട്രംപിന്‍റെ തീരുമാനം അവരെ ഞെട്ടിച്ചതും അതുകൊണ്ടാണ്.
സന്ദര്‍ശനം ഒഴിവാക്കിയത് മാത്രമാണോ പ്രശ്നം?: പ്രസിഡന്‍റിന്‍റെ സന്ദര്‍ശനം എന്നത് പ്രതീകാത്മകമായ പിന്തുണയാണ്. അതിനപ്പുറം ഇസ്രയേലിനെ നിരാശപ്പെടുത്തിയ, ചൊടിപ്പിച്ച പല തീരുമാനങ്ങളും ട്രംപ് കഴിഞ്ഞ ദിവസങ്ങളില്‍ എടുത്തിരുന്നു. അതിലൊന്ന് ഗാസയില്‍ ഹമാസിനെതിരായ യുദ്ധം ശക്തിപ്പെടുത്തുമെന്ന് ഇസ്രയേല്‍ പ്രഖ്യാപിച്ചതിനുപിന്നാലെ ഹമാസുമായി അമേരിക്ക നേരിട്ട് ചര്‍ച്ച നടത്തിയതാണ്. അതിന്‍റെ ഫലമായി അമേരിക്കന്‍ പൗരന്‍ ഈഡന്‍ അലക്സാണ്ടറിനെ ഹമാസ് മോചിപ്പിച്ചു. ഇസ്രയേലിനെ ഒഴിവാക്കിയാണ് അമേരിക്ക–ഹമാസ് ചര്‍ച്ച നടന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മറച്ചുവച്ചില്ല. അത്തരമൊരു വാര്‍ത്താക്കുറിപ്പാണ് നെതന്യാഹുവിന്‍റെ ഓഫിസ് പുറത്തുവിട്ടത്.
ഹമാസ് പിടിയിലുള്ള ഇസ്രയേലികളുടെ ബന്ധുക്കള്‍ അമേരിക്കയുടെ പിന്തുണതേടി നടത്തിയ റാലി
ഖത്തറിന്‍റെ ഈജിപ്തിന്‍റെയും സഹായത്തോടെയാണ് അമേരിക്ക ഹമാസുമായി ചര്‍ച്ച നടത്തിയതും ഈഡന്‍റെ മോചനം സാധ്യമാക്കിയതും. ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതും എല്ലാ ബന്ദികളുടെയും മോചനത്തിന് വഴിതുറക്കുന്നതുമാണ് ഈ നടപടിയെന്ന് ട്രംപ് പ്രസ്താവിച്ചു. എന്നാല്‍ ഒരുതരത്തിലുള്ള വെടിനിര്‍ത്തലിനും ഇസ്രയേല്‍ സമ്മതിച്ചിട്ടില്ലെന്ന് നെതന്യാഹുവിന്‍റെ ഓഫിസ് പ്രസ്താവന ഇറക്കി. ഈഡന്‍ അലക്സാണ്ടറിനെ മോചിപ്പിച്ചതിന് പകരം ഇസ്രയേല്‍ തടവിലുള്ള ആരെയും മോചിപ്പിക്കില്ലെന്നും നെതന്യാഹു വ്യക്തമാക്കിയതോടെ അമേരിക്കയും ഇസ്രയേലും രണ്ടുവഴിക്കാണ് നീങ്ങുന്നതെന്ന സൂചന ശക്തമായി.
ഹമാസ് മോചിപ്പിച്ച അമേരിക്കന്‍ യുവാവ് ഈഡന്‍ അലക്സാണ്ടര്‍ കുടുംബാംഗങ്ങളെ കണ്ടപ്പോള്‍
യെമനിലെ ഹൂതി വിമതര്‍ക്കുനേരെ അമേരിക്ക നടത്തുന്ന ആക്രമണം നിര്‍ത്തുമെന്ന ട്രംപിന്‍റെ പ്രഖ്യാപനമാണ് ഇസ്രയേലിനെ ആശങ്കപ്പെടുത്തുന്ന മറ്റൊരു ഘടകം. ഇക്കാര്യത്തിലും ഇസ്രയേലുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല. ഹൂതി മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലിലെ പ്രധാന വിമാനത്താവളത്തിന് കേടുപറ്റിയിട്ട് ദിവസങ്ങളേ ആയിട്ടുള്ളു. ഇറാനുവേണ്ടി നിഴല്‍യുദ്ധം നടത്തുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഹൂതികളോട് അമേരിക്ക നിലപാട് മയപ്പെടുത്തുന്നത് വലിയ സുരക്ഷാ ഭീഷണിയായാണ് ഇസ്രയേല്‍ കരുതുന്നത്. പക്ഷേ ഹൂതികളുടെ കാര്യത്തില്‍ അമേരിക്കയുടെ തീരുമാനം അംഗീകരിക്കാതെ ഇസ്രയേലിന് മറ്റുവഴിയില്ല.
ഹമാസ് പിടിയിലായിരുന്ന അമേരിക്കന്‍ യുവാവ് ഈഡന്‍ അലക്സാണ്ടറെ മോചിപ്പിച്ചപ്പോള്‍ ഇസ്രയേലി പതാക വീശുന്ന അമേരിക്കന്‍ വനിത
ഇറാന്‍റെ ആണവായുധപരിപാടി അവസാനിപ്പിക്കാന്‍ അമേരിക്ക നടത്തുന്ന ചര്‍ച്ചകളെ ഇസ്രയേല്‍ ഇപ്പോള്‍ സംശയത്തോടെയാണ് വീക്ഷിക്കുന്നത്. ഇറാനോടുള്ള വിട്ടുവീഴ്ചയുടെ ഭാഗമാണോ ഹൂതികള്‍ക്കെതിരായ ആക്രമണം നിര്‍ത്താനുള്ള തീരുമാനം എന്നാണ് ഇസ്രയേലിന്‍റെ ആശങ്ക. ഇറാന് സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജം വേണ്ടിവരുമെന്ന യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റൂബിയോയുടെ പ്രസ്താവന ഇതുമായി ചേര്‍ത്തുവായിക്കാം. ഇറാന്‍ ഹമാസിനും ഹിസ്ബുള്ളയ്ക്കും ഹൂതികള്‍ക്കുമുള്ള പിന്തുണ അവസാനിപ്പിച്ചാല്‍ സിവിലിയന്‍ ആണവ കരാര്‍ യാഥാര്‍ഥ്യമാകാനുള്ള സാധ്യത അമേരിക്ക തള്ളിക്കളയുന്നില്ല. ട്രംപിന്‍റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഒമാനില്‍ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ചര്‍ച്ചയിലാണ്. കാര്യങ്ങള്‍ ആ വഴിക്ക് പോയാല്‍ ഇറാനെ സൈനികമായി തീര്‍ത്തുകളയും എന്നെല്ലാമുള്ള ഇസ്രയേലിന്‍റെ ഭീഷണികള്‍ക്ക് വിലയില്ലാതാകും.
ഡോണള്‍ഡ് ട്രംപിന്‍റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് ഇസ്രയേലിലെ ടെല്‍ അവീവില്‍
സിറിയയിലെ പുതിയ സര്‍ക്കാരിന് അംഗീകാരം നല്‍കാനുള്ള ട്രംപിന്‍റെ നീക്കമാണ് ഇസ്രയേലിന് മറ്റൊരു വെല്ലുവിളി. വാഷിങ്ടണില്‍ നിന്ന് പുറപ്പെടും മുന്‍പ് ഇതേപ്പറ്റി ട്രംപ് പറഞ്ഞത് ഇങ്ങനെ. ‘സിറിയയിക്കുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം നീക്കുന്ന കാര്യം ആലോചിക്കുന്നുണ്ട്. അവര്‍ക്ക് ഒരു പുതിയ തുടക്കത്തിനുള്ള അവസരം നല്‍കണം.’ തുര്‍ക്കി പ്രസിഡന്‍റ് റസിപ് തയ്യിപ് എര്‍ദൊഗന്‍ ആണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചതെന്നും ട്രംപ് പറയുന്നു. പുതിയ സിറിയന്‍ പ്രസിഡന്‍റ് അഹമ്മദ് അല്‍–ഷരായുടെ കടുത്ത വിമര്‍ശകനായിരുന്ന ട്രംപിന്‍റെ മലക്കംമറിച്ചില്‍ ഇസ്രയേലിനെ ഞെട്ടിച്ചത് സ്വാഭാവികം. ഡിസംബറില്‍ ബാഷര്‍ അല്‍ അസദ് സര്‍ക്കാരിനെ അട്ടിമറിച്ചാണ് അഹമ്മദ് അല്‍–ഷരാ നയിക്കുന്ന ഹയാത് തഹ്‍രീര്‍ അല്‍–ഷാം സിറിയയില്‍ അധികാരം പിടിച്ചത്.
സിറിയന്‍ പ്രസിഡന്‍റ് അഹമ്മദ് അല്‍–ഷാര ഫ്രഞ്ച് പ്രസിഡന്‍റിനൊപ്പം പാരിസില്‍
ഇതിനെല്ലാം പുറമേയാണ് ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ സൗദി അറേബ്യയില്‍ സമ്മര്‍ദം ചെലുത്തുന്നത് അവസാനിപ്പിച്ച ട്രംപിന്‍റെ നടപടി. സിവില്‍ ആണവ സഹകരണ കരാറിനുള്ള ഉപാധികളില്‍പ്പോലും ഇപ്പോള്‍ ഈ വിഷയം ഇല്ല എന്നത് ഇസ്രയേലിനെ തെല്ലൊന്നുമല്ല നിരാശരാക്കുന്നത്. ഇസ്രയേല്‍ പലസ്തീനുമായി ഒത്തുതീര്‍പ്പുണ്ടാക്കണമെന്ന സൗദിയുടെ കടുംപിടിത്തം ഒഴിവാക്കാന്‍ ഇസ്രയേല്‍ ഇതുവരെ പ്രതീക്ഷിച്ചിരുന്നത് ഈ ഉപാധിയെ ആയിരുന്നു. ട്രംപിന്‍റെ ആദ്യ ടേമില്‍ ഇസ്രയേലും യുഎഇയും ബഹ്റിനും ഒപ്പിട്ട അബ്രഹാം ഉടമ്പടിയില്‍ സൗദിയെക്കൂടി ചേര്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നെതന്യാഹുവിന് വന്‍ നേട്ടമാകുമായിരുന്നു. അതാണ് ഇപ്പോള്‍ അനിശ്ചിതത്വത്തിലായത്.
യുദ്ധത്തില്‍ നാമാവശേഷമായ ഗാസയിലെ അഭയാര്‍ഥി ക്യാംപ്
ട്രംപിന്‍റെ ചുവടുമാറ്റത്തോട് ഇസ്രയേലിന്‍റെ പ്രതികരണം
‘അമേരിക്കയുടെ സന്ദേശം വ്യക്തമാണ്. ഇസ്രയേല്‍ ഇപ്പോള്‍ അമേരിക്കയുടെ പരിഗണനാപട്ടികയില്‍ മുന്നിലുള്ള രാജ്യമല്ലാതായി.’ ഇസ്രലേയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനായി ഇറ്റാമര്‍ എയിഷ്നറുടെ വാക്കുകളിലുണ്ട് അവിടത്തെ ജനവികാരവും സര്‍ക്കാരിന്‍റെ നിരാശയും. ഹൂതികളുടെ കാര്യത്തിലെ ട്രംപിന്‍റെ നിലപാട് ഇസ്രയേലിനെ അവഹേളിക്കലാണെന്ന് സര്‍ക്കാരിലെ ഒരു ഉന്നതന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. നല്ലതിനൊപ്പവും ചീത്തയ്ക്കൊപ്പവും നില്‍ക്കുന്നയാളാണ് ട്രംപ് എന്നും അദ്ദേഹം തുറന്നടിച്ചു. ട്രംപ് ഭരണകൂടത്തില്‍ ഒന്നിനും ഒരു വ്യവസ്ഥയില്ലാത്ത അവസ്ഥയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറയുന്നു.
നെതന്യാഹുവിനെയും ട്രംപിനെയും പ്രതീകാത്മകമായി വിലങ്ങണിയിച്ച് നടത്തുന്ന യെമനിലെ ഹൂതി അനുഭാവികള്‍
ഇസ്രയേല്‍ ഭരണകൂടവും അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ നിലപാടുമാറ്റത്തില്‍ കടുത്ത നിരാശയിലാണ്. ‘ഞങ്ങള്‍ സഹകരിക്കുന്നുണ്ട്. അതിനര്‍ഥം എല്ലാ പ്രശ്നങ്ങളിലും നൂറുശതമാനം അനുകൂലിക്കുന്നു എന്നല്ല.’ എന്നായിരുന്നു ഇസ്രയേല്‍ വിദേശകാര്യമന്ത്രി ഗിഡോണ്‍ സാറിന്റെ പ്രതികരണം. ‘അമേരിക്കയും ഇസ്രയേലും സ്വതന്ത്രപരമാധികാര രാഷ്ട്രങ്ങളാണ്. പക്ഷേ അതിനേക്കാളൊക്കെ അപ്പുറത്ത് വളരെ വലിയ ഒട്ടേറെ വിഷയങ്ങളില്‍ പൊതുനിലപാടുകളോടെ മുന്നോട്ടുപോകുന്ന രാജ്യങ്ങളാണ് രണ്ടും. മുന്‍പെന്നത്തേക്കാളും അമേരിക്കന്‍ ഭരണകൂടത്തില്‍ നിന്ന് അത് പ്രതീക്ഷിക്കുന്നുമുണ്ട്.’ – സാര്‍ പറയുന്നു.
മേയ് 12ന് രാത്രി ഇസ്രയേല്‍ ഗാസയില്‍ നാസര്‍ ആശുപത്രിയില്‍ നടത്തിയ വ്യോമാക്രമണം
ഗാസ യുദ്ധം വംശഹത്യയോളം പോന്ന കൂട്ടക്കുരുതിയായി മാറിയ സമയത്ത് ഇസ്രയേല്‍ ഗാസയില്‍ ഉപയോഗിക്കുന്ന പല ആയുധങ്ങളുടെയും കയറ്റുമതി അമേരിക്ക നിര്‍ത്തിയിരുന്നു. ഒപ്പം വെസ്റ്റ് ബാങ്കിലെ കുടിയേറ്റക്കാര്‍ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. ജോ ബൈഡന്‍ സര്‍ക്കാരിന്‍റെ നിലപാടുകളുടെ തുടര്‍ച്ചയെന്നോണമാണ് ട്രംപിന്‍റെ പുതിയ പ്രഖ്യാപനങ്ങളും തീരുമാനങ്ങളും. ഗാസ യുദ്ധത്തില്‍ ലോകത്തെ ഏതാണ്ടെല്ലാ രാജ്യങ്ങളില്‍ നിന്നും കടുത്ത വിമര്‍ശനം നേരിടുന്ന ഇസ്രയേലിന് അമേരിക്കയുടെ പിന്തുണയില്‍ ഉണ്ടാകുന്ന എത്ര ചെറിയ ഇടിവും വലിയ ആഘാതമാണ്. അത് അവര്‍ എങ്ങനെ നേരിടും, എങ്ങനെ തരണം ചെയ്യും എന്നതെല്ലാം കാണാനിരിക്കുന്നതേയുള്ളു. ട്രംപിന് ഓരോ ദിവസവും ഓരോ നിലപാടാണ് എന്നതില്‍ മാത്രമാണ് അവരുടെ ഇപ്പോഴത്തെ പ്രതീക്ഷ.