TOPICS COVERED

കുടിയേറ്റനിരക്ക് കുറയ്ക്കാന്‍ ശക്തമായ നീക്കവുമായി ബ്രിട്ടിഷ് സർക്കാർ. ഇമിഗ്രേഷൻ പരിഷ്കാരങ്ങളുടെ ഭാഗമായി വിദേശ റിക്രൂട്ട്‌മെന്റിനുള്ള കെയർ വർക്കർ വീസ യുകെ സർക്കാർ നിർത്തലാക്കാൻ പോകുകയാണെന്ന് ആഭ്യന്തര സെക്രട്ടറി യുവെറ്റ് കൂപ്പർ. ഇതുമായി ബന്ധപ്പെട്ട ബിൽ ഇന്ന് പാർലമെന്റിൽ അവതരിപ്പിക്കും. വിദേശത്തുനിന്നുള്ള കെയർ വർക്കേഴ്സിന്റെ നിയമനം പൂർണമായും തടയുന്നതിനുള്ള നിർദേശങ്ങൾ ബില്ലിൽ ഉണ്ടാകുമെന്നും ആഭ്യന്തര സെക്രട്ടറി വ്യക്തമാക്കി. ഓരോ വർഷവും 50,000 കെയറർമാർ ഉൾപ്പെടെയുള്ള കുറഞ്ഞ വൈദഗ്ധ്യമുള്ള വീസകൾ കുറയ്ക്കുന്ന തരത്തിലുള്ള നിർദേശങ്ങളാണ് ബില്ലിൽ ഉള്ളതെന്നാണ് സൂചന.

കെയർ മേഖലയിൽ ഇപ്പോഴും ധാരാളം തൊഴിൽ സാധ്യതകളുണ്ടെങ്കിലും ഇത് പരിഹരിക്കാൻ ഹോം ഉടമകൾ ബ്രിട്ടിഷ് പൗരന്മാരെ ആശ്രയിക്കുകയോ അല്ലെങ്കിൽ നിലവിൽ ബ്രിട്ടനിലുള്ള വിദേശ വീസക്കാർക്ക് എക്സ്റ്റൻഷൻ നടപടികൾ പരിഗണിക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് യുവെറ്റ് കൂപ്പർ പറയുന്നു. സർക്കാരിന്റെ പ്രധാന ലക്ഷ്യം വർഷം തോറുമുള്ള കുടിയേറ്റനിരക്ക് ഗണ്യമായി കുറയ്ക്കുക എന്നതാണ്. ഇതിന്റെ ഭാഗമായി വിദഗ്ധ വീസകൾക്ക് ആവശ്യമായ വിദ്യാഭ്യാസ യോഗ്യതകൾ ഉയർത്തുന്നതും ശമ്പള പരിധി വർധിപ്പിക്കുന്നതും പുതിയ നിയമത്തിൽ ഉൾപ്പെടും. 

കുറഞ്ഞ തൊഴിൽ ലഭ്യതയുള്ള ലിസ്റ്റിലുള്ള ജോലികൾ ചുരുക്കം ചില മേഖലകളിലേക്ക് മാത്രമായി പരിമിതപ്പെടുമെന്നും ആഭ്യന്തര സെക്രട്ടറി മുന്നറിയിപ്പ് നൽകി. രാജ്യാന്തര വിദ്യാർഥികളുടെയും ബിരുദധാരികളുടെയും കാര്യത്തിലും നിലവിലുള്ള നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരും. 2023 ഓഗസ്റ്റിൽ 18,300 കെയർ വീസ അപേക്ഷകളാണ് ആഭ്യന്തര ഓഫിസിന് ലഭിച്ചത്. എന്നാൽ കെയറർമാർക്ക് കുടുംബത്തെ ഒപ്പം കൂട്ടാൻ കഴിയില്ലെന്ന നിയമം വന്നതോടെ ഈ വർഷം ഏപ്രിൽ മാസത്തിൽ ഇത് 1,700 ആയി കുറഞ്ഞു. നിയമങ്ങളിലെ ഈ മാറ്റത്തിലൂടെ മാത്രമേ കുടിയേറ്റം നിയന്ത്രിക്കാൻ സാധിക്കൂ എന്ന തിരിച്ചറിവാണ് കൂടുതൽ ശക്തമായ നിയമനിർമാണത്തിലേക്ക് സർക്കാരിനെ നയിക്കുന്നത്. കുടിയേറ്റ വിരുദ്ധ വികാരം വളര്‍ത്തി രാഷ്ട്രീയ മുന്നേറ്റം നേടുന്ന റിഫോം യുകെ പാർട്ടിയുടെ മുന്നേറ്റമാണ് ഇത്തരം കർശന നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിക്കുന്നതെന്ന് വിലയിരുത്തലുകളുണ്ട്. 

കോവിഡ് കാലത്ത് കെയർ ഹോം മേഖലയിലെ തൊഴിൽ ക്ഷാമം പരിഹരിക്കാന്‍ 2020 ലാണ് ഹെൽത്ത് ആൻഡ് കെയർ വീസ അവതരിപ്പിച്ചത്. എന്നാൽ ഈ വീസ വ്യാപകമായി ദുരുപയോഗം ചെയ്യുന്നു എന്ന കണ്ടെത്തലിനെ തുടർന്ന് കൂടിയാണ് പുതിയ  നീക്കം.

ENGLISH SUMMARY:

UK government moves to curb immigration sharply. As part of immigration reforms, the UK government is planning to scrap the care worker visa for foreign recruitment, said Home Secretary Yvette Cooper. A bill related to this will be introduced in Parliament today. The Home Secretary also stated that the bill will include proposals to completely ban the recruitment of care workers from abroad. Reports suggest that the bill includes recommendations to reduce around 50,000 low-skilled visas, including those for care workers, every year