പാക്കിസ്ഥാനെതിരെ കടുത്ത മുന്നറിയിപ്പുമായി ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ). ദക്ഷിണേഷ്യയില്‍ മാറ്റം വേണമെന്നും പാക്കിസ്ഥാനെ ആക്രമിക്കാന്‍ തയ്യാറാണെന്നും ബിഎല്‍എ ഞായറാഴ്ച ഇറക്കിയ പത്രകുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യ–പാക്ക് സംഘര്‍ഷ സമയത്ത് അധിനിവേശ ബലൂചിസ്ഥാനില്‍ പാക്കിസ്ഥാന്‍റെ സൈനിക, ഇന്‍റലിജന്‍സ് കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് 51 ഇടത്ത് 71 ആക്രമണങ്ങള്‍ നടത്തിയതായും സംഘം അവകാശപ്പെട്ടു.
മിലിട്ടറി കോണ്‍വേ, ഇന്‍റലിജന്‍സ് കേന്ദ്രങ്ങള്‍, മിനറല്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ എന്നിവയാണ് ലക്ഷ്യമിട്ടതെന്ന് ബിഎല്‍എ വക്താവ് ജീയന്ദ് ബലൂച് പറഞ്ഞു. ഭാവിയിലെ സംഘടിക ആക്രമണത്തിനായി സ്വയം ശക്തിപ്പെടുന്നതിന് സൈന്യത്തിന്‍റെ ഏകോപനം, ഗ്രൗണ്ട് കണ്‍ട്രോള്‍, പ്രതിരോധം എന്നിവ അറിയാന്‍ വേണ്ടിയാണ് പാക്കിസ്ഥാന്‍ സൈന്യത്തെ ലക്ഷ്യംവച്ചുള്ള ആക്രമണമെന്നും ബലൂച് ലിബറേഷന്‍ ആര്‍മി പറയുന്നു.
ലഷ്കറെ തയ്ബെ, ജയ്ഷെ മുഹമ്മദ്, ഐഎസ്ഐഎസ് എന്നി ഭീകരസംഘടനകള്‍ക്ക് വളരാനുള്ള സൗകര്യം ചെയ്യുന്ന രാഷ്ട്രമാണ് പാക്കിസ്ഥാന്‍. ഈ ഭീകര ശ്രംഖലയ്ക്ക് പിന്നില്‍ ഐസ്ഐ ആണെന്നും വൃത്തികെട്ട പ്രത്യയശാസ്ത്രമുള്ള ആണവ രാജ്യമാണ് പാക്കിസ്ഥാനെന്നും ബിഎല്‍എ കുറിപ്പില്‍ പറയുന്നു. പാക്കിസ്ഥാൻ പറയുന്ന സമാധാനം, വെടിനിർത്തൽ, സാഹോദര്യം തുടങ്ങിയ വാക്കുകൾ വെറും വഞ്ചനയും യുദ്ധ തന്ത്രവും മാത്രമാണെന്നും നിലവിലെ ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണയുടെ പശ്ചാത്തലത്തില്‍ ബിഎല്‍എ ഓര്‍മിപ്പിക്കുന്നു. വിദേശ പ്രോക്സി സംഘടനയെന്ന വാദവും ബിഎല്‍എ തള്ളുന്നുണ്ട്.
ലോകത്തിന്‍റെ, പ്രത്യേകിച്ച് ഇന്ത്യയിൽ നിന്നും രാഷ്ട്രീയ, നയതന്ത്ര, പ്രതിരോധ പിന്തുണ ലഭിച്ചാൽ ഈ ഭീകര രാഷ്ട്രത്തെ (പാക്കിസ്ഥാന്‍) ഇല്ലാതാക്കാനും സമാധാനപരവും, സമൃദ്ധവും, സ്വതന്ത്രവുമായ ബലൂചിസ്ഥാന് അടിത്തറ പാകാനും കഴിയുമെന്നും ബിഎല്‍എ കുറിപ്പില്‍ പറയുന്നു.
പാക്കിസ്ഥനെ തകര്‍ക്കാന്‍ ഇന്ത്യ തീരുമാനിച്ചാല്‍, ബിഎല്‍എയും രാജ്യമൊട്ടുക്കും പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്നും പാക്കിസ്ഥാനെ അക്രമിക്കാന്‍ തയ്യാറാണെന്നും കുറിപ്പിലുണ്ട്. കിഴക്കൻ, പടിഞ്ഞാറൻ മേഖലകളിൽ നിന്ന് പാക്കിസ്ഥാനെ വളയുമെന്നും സ്വന്തം രക്തത്തില്‍ പാക്കിസ്ഥാനെ ഇല്ലാതാക്കുമെന്നും ബിഎല്‍എ പറയുന്നു.
'പിന്തുണയില്ലെങ്കില്‍ സ്വയം ബലൂച് രാഷ്ട്രത്തിനുള്ള വിമോചന പോരാട്ടം തുടരും. പാക്കിസ്ഥാനെ നശിപ്പിക്കുകയും മാതൃരാജ്യത്തെ മോചിപ്പിക്കുയും ചെയ്യും. ഇത് വൈകുന്നിടത്തോളം ലോകം കൂടുതൽ രക്തച്ചൊരിച്ചിലും ഭീകരതയും അസ്ഥിരതയും സഹിക്കേണ്ടിവരും' എന്നും ബിഎല്‍എ വ്യക്തമാക്കുന്നു.