പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരിഫ്, ഉപപ്രധാനമന്ത്രി ഇഷാഖ് ധര്‍
പാകിസ്ഥാന്‍റെ ആക്രമണവും ഇന്ത്യയുടെ പ്രത്യാക്രമണവും രൂക്ഷമായ സാഹചര്യത്തില്‍ ഉന്നതതലയോഗം വിളിച്ച് പാക് പ്രധാനമന്ത്രി. ന്യൂക്ലിയര്‍– മിസൈല്‍ നയത്തില്‍ തീരുമാനമെടുക്കുന്ന നാഷണല്‍ കമാന്‍ഡ് അതോറിറ്റിയുടെ യോഗം വിളിച്ചതായി പാക് സൈന്യത്തെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ ആണവായുധ ശേഖരവുമായി ബന്ധപ്പെട്ടതുള്‍പ്പടെയുള്ള സുരക്ഷാ തീരുമാനങ്ങൾ എടുക്കുന്ന സിവിലിയൻ, സൈനിക ഉദ്യോഗസ്ഥരുടെ ഉന്നത സമിതിയാണ് നാഷണല്‍ കമാന്‍ഡ് അതോറിറ്റി. സര്‍വസജ്ജമെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ധര്‍ പ്രതികരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, ജമ്മു കശ്മീരിലും പഞ്ചാബിലും ഇന്ത്യന്‍ വ്യോമസേന താവളങ്ങള്‍ ലക്ഷ്യമിട്ടുളള്ള പാക് മിസൈല്‍ ആക്രമണനീക്കം തുടരുകയാണ്. ജമ്മു, ശ്രീനഗര്‍, ഉധംപൂര്‍, പഠാന്‍കോട്ട് വ്യോമതാവളങ്ങള്‍ ലക്ഷ്യമിട്ട് പുലര്‍ച്ചെ എത്തിയ പാക് മിസൈലുകള്‍ ഇന്ത്യ തകര്‍ത്തു. ജമ്മു– പഞ്ചാബ് അതിര്‍ത്തി മേഖലയില്‍ ഇന്ത്യ–പാക് പോര്‍വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നു എന്നാണ് റിപ്പോര്‍ട്ട്. ശ്രീനഗറിലും വടക്കന്‍ കശ്മീരിലുമായി പാക് യുദ്ധവിമാനങ്ങള്‍ ഇന്ത്യ വെടിവച്ചിട്ടെന്നും റിപ്പോര്‍ട്ടുണ്ട്. അതിര്‍ത്തി മേഖലകളിലാകെ ഇന്നലെ രാത്രി തുടങ്ങിയ ഷെല്ലാക്രമണം ഇപ്പോഴും തുടരുകയാണ്. ഹരിയാനയിലെ സിര്‍സയിലും പാക് മിസൈല്‍ തകര്‍ത്തു. ജമ്മു ആപ് ശംഭു ക്ഷേത്രത്തിന് തൊട്ടടുത്ത് ആക്രമണശ്രമമുണ്ടായി. അപായ സൈറണ്‍ മുഴങ്ങിയതിനാല്‍ വിശ്വാസികള്‍ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറി.
പാക് ആക്രമണത്തിന് ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കുന്നത്. പാക് ഡ്രോണ്‍ ലോഞ്ച് പാഡും സൈനിക പോസ്റ്റും തകര്‍ത്തു. പാക്കിസ്ഥാനിലെ നാല് എയര്‍ബേസുകള്‍ ഇന്ത്യ ആക്രമിച്ചു. നൂര്‍ ഖാന്‍, മുരിദ്, റഫീഖി എയര്‍ബേസുകളിലാണഅ് മിസൈല്‍ ആക്രമണം നടന്നെന്ന് പാക്ക് സൈന്യം അറിയിച്ചു. ഇസ്ലാമാബാദിലും ലഹോറിലുമടക്കം ആറിടങ്ങളില്‍ സ്ഫോടനം നടത്തി. പാക്കിസ്ഥാന്‍ വ്യോമപാത പൂര്‍ണമായി അടച്ചു. ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്ക് അഭേദ്യമായ മതില്‍' എന്ന് അര്‍ഥം വരുന്ന ഓപ്പറേഷന് ‘ബുര്യാന്‍ ഉള്‍ മറൂസ്’ എന്നാണ് പാകിസ്ഥാന്‍ പേരിട്ടിരിക്കുന്നത്.