Image: JOSEKUTTY PANACKAL

‌സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം ഉണ്ടായെന്ന അവകാശവാദത്തിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രയോഗിച്ച ഫത്താ–II മിസൈല്‍ തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ മിസൈല്‍ വേധ സംവിധാനം. തന്ത്രപ്രധാന മേഖലയെ ലക്ഷ്യമിട്ടെത്തിയ ഫത്താ–II യെ നിഷ്പ്രയാസമാണ് ഇന്ത്യന്‍ മിസൈല്‍ വേധ സംവിധാനം വീഴ്ത്തിയത്. പാക്കിസ്ഥാന്‍റെ കൈവശമുള്ള ആയുധങ്ങളില്‍ വിഐപി ലിസ്റ്റില്‍പെട്ടതാണ് അവര്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഫത്താ-II. 2021 ഡിസംബറിലാണ് പാക്കിസ്ഥാന്‍ ഇത് ഔദ്യോഗികമായി  പരീക്ഷിച്ചത്. കൃത്യത കൂടുതലുള്ള ദീര്‍ഘദൂര മിസൈലാണിതെന്നായിരുന്നു പാക്കിസ്ഥാന്‍റെ അവകാശവാദം. 

Una: The debris of an unidentified projectile which landed amid the conflict between India and Pakistan, near Chintpurni of Una district, Himachal Pradesh, Saturday, May 10, 2025. (PTI Photo)(PTI05_10_2025_000074B)

250 മുതല്‍ 400 കിലോമീറ്ററാണ് ഫത്താ–II മിസൈലിന്‍റെ ദൂരപരിധി. റഡാര്‍ ഇന്‍സ്റ്റലേഷനുകളും ലോജിസിറ്റിക് സംവിധാനങ്ങളും സൈനിക കേന്ദ്രങ്ങളും ആക്രമിക്കുന്നതിന് പര്യാപ്തമായ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതായാണ് ഫത്താ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. തൊടുക്കുന്നതിന്‍റെ അവസാനഘട്ടത്തില്‍ പാത സ്വയം ക്രമീകരിക്കാന്‍ പാകത്തിലുള്ള ടെര്‍മിനല്‍ ഗൈഡന്‍സ് സംവിധാനമാണ് ഫത്താ–II ന് ഉള്ളത്. 

അതിനൂതനമായ പറക്കല്‍ സാങ്കേതികവിദ്യയും ഇനേര്‍ഷ്യല്‍ സാറ്റലൈറ്റ് നാവിഗേഷന്‍ സംവിധാനങ്ങളും സംയോജിപ്പിച്ചാണ് മിസൈലിന്‍റെ ഗതി നിര്‍ണയിക്കുന്നതെന്നും ഇത് കൃത്യതയോടെ ആക്രമണം നടത്താന്‍ സഹായിക്കുമെന്നുമായിരുന്നു അവകാശവാദം. എന്നാല്‍ അതിര്‍ത്തി കടക്കും മുന്‍പ് ഫത്താ–II നെ വീഴ്ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മിസൈല്‍ വേധ സംവിധാനങ്ങള്‍. ഏതു വ്യോമപ്രതിരോധ സംവിധാനത്തെയും മറികടക്കാന്‍ ശേഷിയുണ്ടെന്ന പാക് അവകാശവാദവും പൊളിഞ്ഞുവെന്ന് സാരം. 

പിനാക

തദ്ദേശീയമായി വികസിപ്പിച്ചെടുത്ത പിനാകയും പ്രളയുമാണ് പാക്കിസ്ഥാന്‍റെ ഫത്തേയെ കടത്തിവെട്ടാന്‍ ഇന്ത്യയ്ക്കുള്ളത്. പിനാക മള്‍ട്ടി ബാരല്‍ റോക്കറ്റ് ലോഞ്ചറിന് 75 കിലോ മീറ്റര്‍ വരെ മാത്രമേ ദൂരപരിധിയുള്ളൂവെങ്കിലും ദ്രുതഗതിയില്‍ ശത്രുവിന്‍റെ കേന്ദ്രങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായി ആക്രമണം നടത്താന്‍ ശേഷിയുണ്ട്. പ്രളയ് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാവട്ടെ  500 കിലോമീറ്റര്‍ വരെ ദൂരപരിധിയിലെത്താന്‍ ശേഷിയുള്ളതാണ്. ചൈന,പാക് അതിര്‍ത്തി പ്രതിരോധം ലക്ഷ്യമിട്ടാണ് പ്രളയ് നിര്‍മിച്ചത് തന്നെ. കൃത്യതയാര്‍ന്ന ആക്രമണം നടത്താന്‍ പാകത്തിലുള്ള നാവിഗേഷന്‍ സംവിധാനങ്ങളാണ് പ്രളയിലുള്ളത്. തന്ത്രപ്രധാന കേന്ദ്രങ്ങള്‍ നൊടിയിടയില്‍ തകര്‍ക്കാന്‍ പ്രളയ് പ്രാപ്തമാണെന്ന് ഡിആര്‍ഡിഒ പറയുന്നു. 

മൊബൈല്‍ ലോഞ്ചറില്‍ നിന്ന് വിക്ഷേപിക്കാന്‍ കഴിയുന്നുവെന്നതിനാല്‍ ഏത് ഭൂപ്രക‍ൃതിയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന തരത്തിലാണ് ഫത്ത രൂപകല്‍പന ചെയ്തിരിക്കുന്നതെങ്കില്‍ അതേ തരത്തിലും അനായാസ വിന്യാസത്തില്‍ ഒരുപടി കൂടി മുന്നിലുമാണ് പ്രളയ്. സൈനിക കേന്ദ്രങ്ങള്‍, ആശയവിനിമയ സംവിധാനങ്ങള്‍,വ്യോമ പ്രതിരോധ സംവിധാനങ്ങള്‍ എന്നിവയ്ക്കെതിരെ പ്രയോഗിക്കാന്‍ ഫത്തേയെക്കാള്‍ കൂടുതല്‍ കാര്യക്ഷമമാണ് പ്രളയ്. ഇന്ത്യയുടെ കൈവശമുള്ള റഷ്യന്‍നിര്‍മിത എസ്–400 വ്യോമപ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ പോന്നതാണ് ഫത്തായെന്നും പാക്കിസ്ഥാന്‍ വീരവാദം മുഴക്കിയിരുന്നു. 365 കിലോ പോര്‍മുനയാണ് ഫത്തായ്ക്ക് വഹിക്കാന്‍ കഴിയുക. പ്രളയ് ആവട്ടെ 500 മുതല്‍ ആയിരം കിലോ പോര്‍മുന വഹിക്കും. ഫത്തേയുടെ റേഞ്ചിനെ മറികടക്കുന്ന ബ്രഹ്മോസിന്‍റെ സൂപ്പര്‍ സോണിക് ക്രൂസ് മിസൈലുകളാവട്ടെ 450 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ ശേഷിയുള്ളതും കടല്‍, കര– വ്യോമ താവളങ്ങള്‍ക്ക് നേരെ ആക്രമണം നടത്താന്‍ പര്യാപ്തവുമാണ്. അഗ്നി സീരിസിലെ ബാലിസ്റ്റിക് മിസൈലുകള്‍ ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ളതുമാണ്. 

ENGLISH SUMMARY:

India’s missile defence system successfully intercepted and destroyed Pakistan’s high-precision, long-range Fatah-II missile, designed to strike strategic military targets. The interception disproved Pakistan’s claim that Fatah-II could bypass any air defence system.