പാക്കിസ്ഥാനിലെ ലഹോറില്‍ രാവിലെ മൂന്ന് സ്ഫോടനങ്ങള്‍ നടന്നെന്ന് റിപ്പോര്‍ട്ട്. വിമാനത്താവളത്തിന് സമീപമുള്ള വാള്‍ട്ടണ്‍ എയര്‍ഫീല്‍ഡിലായിരുന്നു സ്ഫോടനം. നാവികസേന കോളജില്‍നിന്ന് പുക ഉയര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. ഡ്രോണ്‍ ആക്രമണമാണെന്നും ഡ്രോണ്‍ വെടിവച്ചിട്ടെന്നും പാക് പൊലീസ് വൃത്തങ്ങള്‍ പറയുന്നു. ആളുകളെ ഒഴിപ്പിക്കാന്‍ സൈറണുകള്‍ മുഴങ്ങി. പാക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്. ലഹോറില്‍ പാക്കിസ്ഥാന്‍ പടയൊരുക്കം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സംഘര്‍ഷസാഹചര്യത്തില്‍ രാജ്യത്തെ 27 വിമാനത്താവളങ്ങള്‍ രണ്ടുദിവസംകൂടി അടച്ചിടും. അമൃത്സര്‍ വിമാനത്താവളം ഇനിയൊരു അറിയിപ്പുണ്ടാകും വരെ അടച്ചു. 430 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ജനങ്ങളെ ലക്ഷ്യമിട്ട് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവയ്പ് തുടരുകയാണ്. കുപ്‍വാര, ബാരാമുള്ള, ഉറി, അഖ്നൂര്‍ മേഖലകളില്‍ രാത്രിയില്‍ വെടിവയ്പ്പുണ്ടായി. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജസ്ഥാനിലെ ജോധ്പുര്‍ ജില്ലയില്‍ വിദ്യാലയങ്ങള്‍ അനിശ്ചിതകാലത്തേക്ക് അടച്ചു. പഞ്ചാബിലെ ആറ് അതിര്‍ത്തി ജില്ലകളിലും സ്കൂളുകള്‍ അടച്ചു. ജമ്മുകശ്മീരിലെ പത്ത് ജില്ലകളില്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. അതിനിടെ, ചെനാബ് നദിയിലെ സലാല്‍ ഡാമിന്‍റെ ഒരു ഷട്ടര്‍ ഇന്ത്യ തുറന്നു. സിന്ധു നദീജല ഉടമ്പടി മരവിപ്പിച്ചതിന് പിന്നാലെ മുഴുവന്‍ ഷട്ടറുകളും അടച്ചിരുന്നു.
ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷി യോഗം ആരംഭിക്കും. പാർലമെന്റ് അനക്സിൽ വെച്ചാണ് യോഗം. ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്, കേന്ദ്രമന്ത്രി കിരൺ റിജിജു എന്നിവരുടെ നേതൃത്വത്തിലാണ് യോഗം . പ്രധാനമന്ത്രി ഇത്തവണയും പങ്കെടുക്കാനിടയില്ല. യോഗത്തിലേക്ക് പ്രധാനമന്ത്രി നേരിട്ട് എത്തി അഭിപ്രായങ്ങൾ കേൾക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.
ഭീകരതയ്ക്കെതിരായ പോരാട്ടം തുടരണം, വ്യക്തമായ നയം രൂപീകരിക്കണം, ബൈസരണിൽ വെടിയുതിർത്ത ഭീകരരെ പിടികൂടണം തുടങ്ങിയ ആവശ്യങ്ങൾ പ്രതിപക്ഷം ഉന്നയിച്ചേക്കും 'ഭീകരതയ്ക്കെതിരായ പോരാട്ടത്തിൽ സർക്കാരിനൊപ്പമാണെന്നും സൈന്യത്തിന് പൂർണ്ണ പിന്തുണ എന്നും പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽ നിന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖർഗകയും സർവകക്ഷി യോഗത്തിൽ പങ്കെടുക്കും. ലീഗിൽ നിന്ന് ഇ.ടി. മുഹമ്മദ് ബഷീറാണ് യോഗത്തിന് എത്തുക.
Google Trending News Lahore Blast