റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട്. രാത്രി എട്ടിന് പാക്കിസ്ഥാന്‍ സൂപ്പര്‍ലീഗ് മല്‍സരം നടക്കാനിരിക്കെയാണ് ആക്രമണം. പിഎസ്‍എല്ലില്‍ പെഷവാര്‍ സാല്‍മിയും കറാച്ചി കിങ്സും തമ്മിലാണ് ഇന്നത്തെ മല്‍സരം. ഇന്ത്യയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ ബാക്കിയുള്ള പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങളെല്ലാം ദോഹ, ദുബായ് എന്നിവിടങ്ങളിലേക്ക് മാറ്റാന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചു. റാവല്‍പിണ്ടില്‍ ഇന്ന് നടക്കേണ്ട മല്‍സരം റദ്ദാക്കി.
കഴിഞ്ഞ ദിവസം ലഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ സുരക്ഷാ വിഭാഗവും സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസി ഉടമകളും നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെയാണ് തീരുമാനമെന്ന് ഡെയ്‍ലി പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു. കറാച്ചിയിലും രാവിലെ സ്ഫോടനം നടന്നതായി റിപ്പോര്‍ട്ടുണ്ട്. കറാച്ചി,ലഹോര്‍,സിയാല്‍കോട്ട് വിമാനത്താവളങ്ങള്‍ അടച്ചു.
ഇന്ത്യയിലെ 15 സൈനിക കേന്ദ്രങ്ങളില്‍ ഡ്രോണുകളും മിസൈലുകളും തൊടുത്ത് ആക്രമിക്കാനുള്ള പാക്ക് ശ്രമത്തിന് പിന്നാലെയാണ് റാവില്‍പിണ്ടിയിലെ തിരിച്ചടി. സൈനികകേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ പാക്കിസ്ഥാനുള്ള പാക്ക് ശ്രമങ്ങളെ റഷ്യന്‍ നിര്‍മ്മിത എസ്–400 വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന്‍ ചക്ര ഉപയോഗിച്ചു നേരിട്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ഇതിന് പിന്നാലെ രാവിലെ ഇന്ത്യന്‍ സേന തിരിച്ചടിച്ചു. നിരവധി സ്ഥലങ്ങളില്‍ ആക്രമണം നടത്തിയെന്ന് പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
ലഹോറിലെ പാക് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ തകര്‍ത്തു. സംഘര്‍ഷം രൂക്ഷമാക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം തകര്‍ത്തെന്നും സൈന്യം വ്യക്തമാക്കി.