ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹര്‍, സഹോദരന്‍ അബ്ദുല്‍ അസര്‍ റൗഫ്
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുല്‍ അസര്‍ റൗഫും എന്ന് റിപ്പോര്‍ട്ടുകള്‍. മസൂദ് അസ്ഹറിനോളം കൊടും ഭീകരനായ സഹോദരന്‍. യഥാര്‍ഥത്തില്‍ ആരാണീ അബ്ദുല്‍ അസര്‍ റൗഫ്?
1999 ലെ കാണ്ഡഹാര്‍ ഹൈജാക്കിന്‍റെ മുഖ്യസൂത്രധാരനാണ് അബ്ദുല്‍ അസര്‍ റൗഫ്. അന്ന് ക്രിസ്മസ് തലേന്ന് കാഠ്മണ്ഡുവിൽ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാമധ്യേയാണ് ഇന്ത്യൻ എയർലൈൻസ് വിമാനം IC-814 ഭീകരര്‍ റാഞ്ചുന്നത്. 176 യാത്രക്കാരാണ് അന്ന് വിമാനത്തിലുണ്ടായിരുന്നത്. താലിബാൻ നിയന്ത്രിത അഫ്ഗാനിസ്ഥാനിലാണ് ഭീകര്‍ വിമാനമെത്തിച്ചത്. യാത്രക്കാരെ വിട്ടുനല്‍കാന്‍ ഭീകരര്‍ ഉന്നയിച്ച ആവശ്യം മൂന്ന് ഭീകരവാദികളുടെ മോചനമായിരുന്നു. അബ്ദുല്‍ അസര്‍ റൗഫിന്‍റെ സഹോദരന്‍ മസൂദ് അസ്ഹർ, മസൂദ് അസ്ഹറിന്‍റെ അനുയായി അഹമ്മദ് ഒമർ സയീദ് ഷെയ്ഖ്, അൽ-ഉമർ മുജായ്ദീൻ മുഖ്യ കമാൻഡർ മുസ്താഖ് അഹമ്മദ് സർഗർ എന്നിവരുടെ മോചനം. ഒടുവില്‍ ഇന്ത്യന്‍ സര്‍ക്കാറിന് മൂന്ന് പേരെയും മോചിപ്പിക്കേണ്ടിയും വന്നു.
ഐസി-814 റാഞ്ചലിന്റെ സൂത്രധാരന്‍ എന്നതിനപ്പുറം ജെയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ തലവന്‍ കൂടിയാണ് അബ്ദുല്‍ അസര്‍ റൗഫ്. 2002 ൽ വാൾസ്ട്രീറ്റ് ജേണൽ പത്രപ്രവർത്തകനായ ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലും അബ്ദുല്‍ അസര്‍ റൗഫിന് പങ്കുണ്ട്. പാക്ക് ചാരസംഘടനയായ ഐഎസ്ഐയും അൽ ഖായിദയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് തയാറാക്കിവരുകയായിരുന്ന വാൾ സ്ട്രീറ്റ് ജേണൽ ദക്ഷിണേഷ്യാ ചീഫ് ഓഫ് ബ്യൂറോ ഡാനിൽ പേളിനെ ഭീകരർ കഴുത്തറുത്തു കൊല്ലുകയായിരുന്നു. കാണ്ഡഹാർ വിമാനറാഞ്ചലില്‍ യാത്രക്കാരെ വിട്ടുകിട്ടാന്‍ വേണ്ടി ഇന്ത്യ മോചിപ്പിച്ച ഭീകരറില്‍ ഒരാളായ പാക് വംശജനും ബ്രിട്ടീഷ് പൗരനുമായ അഹമ്മദ് ഒമർ സയീദ് ഷെയ്ഖാണ് ഡാനിയേൽ പേളിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുന്നത്.
ഡാനിയേല്‍ പേള്‍
2002 ജനുവരി 23 ന് പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നാണ് അന്വേഷണാത്മക പത്രപ്രവർത്തകനായിരുന്ന പേൾ അപ്രത്യക്ഷനാകുന്നത്. ഒരു കഫേയ്ക്ക് സമീപം വെച്ച് ചാരനാണെന്ന് ആരോപിച്ച് പേളിനെ ഭീകരര്‍ പിടികൂടുകയായിരുന്നു. അമേരിക്ക തടവിലാക്കപ്പെട്ട പാകിസ്ഥാനികളെ മോചിപ്പിക്കണമെന്നാണ് പേളിന്‍റെ ജീവന്‍ വച്ച് ഭീകരര്‍ വിലപേശിയത്.
ഇന്ത്യ തേടിയ കൊടുംഭീകരരില്‍ ഒരാളാണ് അബ്ദുല്‍ അസര്‍ റൗഫ്. അമേരിക്കയും ഇയാളെ കൊടുംഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഓപ്പറേഷന്‍ സിന്ദൂരില്‍ കൊല്ലപ്പെട്ടവരില്‍ ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന്‍റെ സഹോദരന്‍ അബ്ദുല്‍ അസ്ഹര്‍ റൗഫും എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍. ജെയ്ഷെ മുഹമ്മദിനേറ്റ കനത്ത പ്രഹരമാകുകയാണ് ഇന്ത്യയുടെ ഓപ്പറേഷന്‍ ‘സിന്ദൂര്‍’.