Pakistan s Defence Minister Khawaja Muhammad Asif looks on during an interview with Reuters in Islamabad, Pakistan April 28, 2025. REUTERS/Waseem Khan
പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുള്ള ഇന്ത്യന്‍ തിരിച്ചടിയില്‍ അടിമുടി ഉലഞ്ഞ് പാക്കിസ്ഥാന്‍. ഇന്ത്യ തുടരാക്രമണങ്ങള്‍ നടത്താതിരിക്കുകയാണെങ്കില്‍ പാക്കിസ്ഥാന്‍ പിന്‍മാറാമെന്നും സ്വയം പ്രതിരോധിക്കേണ്ട ആവശ്യം പാക്കിസ്ഥാനുണ്ടെന്നും ഒരഭിമുഖത്തില്‍ പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് പറഞ്ഞു. അതേസമയം, ഇന്ത്യന്‍ നടപടി യുദ്ധസമാനമായ പ്രവര്‍ത്തിയാണെന്നായിരുന്നു പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫിന്‍റെ പ്രതികരണം. പാക്കിസ്ഥാന്‍ തിരിച്ചടിക്കുമെന്നും ഇന്ത്യയുടെ താല്‍കാലിക സന്തോഷത്തിന് ശാശ്വതമായ ദുഃഖം നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാനാണെന്ന് ഇന്ത്യ സ്ഥിരീകരിച്ചതിന് പിന്നാലെ പാക് പ്രതിരോധമന്ത്രിയായ ഖ്വാജ ആസിഫ് പ്രകോപന പ്രസംഗം നടത്തിയിരുന്നു.
അതേസമയം, കൃത്യവും പക്വവും അളന്ന് തിട്ടപ്പെടുത്തിയതുമായ ആക്രമണമാണ് നടത്തിയതെന്നും പാക്ക് സൈനിക കേന്ദ്രങ്ങളെയോ സാധാരണക്കാരെയോ ലക്ഷ്യമിട്ടിട്ടില്ലെന്നും ഔദ്യോഗിക വാര്‍ത്താസമ്മേളനത്തില്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്ര വ്യക്തമാക്കി. പുലര്‍ച്ചെ ഒരു മണിക്ക് ശേഷമാണ് 25 മിനിറ്റ് നീണ്ട് നിന്ന ആക്രമണം ഇന്ത്യന്‍ സൈന്യം നടത്തിയത്. യുദ്ധത്തിലേക്ക് നയിക്കുന്ന ഒന്നും ഇന്ത്യ ചെയ്തിട്ടില്ലെന്നും തീര്‍ത്തും ആനുപാതികമായ തിരിച്ചടിയാണ് നല്‍കിയതെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, പാക്കിസ്ഥാന്‍ സാഹസത്തിന് മുതിര്‍ന്നാല്‍ ഇന്ത്യയും തയ്യാറാണെന്നും വിക്രം മിശ്ര മുന്നറിയിപ്പും നല്‍കി.
ഇന്ത്യന്‍ സൈന്യം നടത്തിയ ഓപറേഷന്‍ സിന്ദൂര്‍ ഒന്‍പതിടങ്ങളിലെ പാക് ഭീകര കേന്ദ്രങ്ങളാണ് തകര്‍ത്തത്. ലഷ്കര്‍, ഹിസ്ബുള്‍, ജയ്ഷെ കേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തില്‍ സയീദ് മസൂറിന്‍റെ കുടുംബാംഗങ്ങളടക്കം കൊല്ലപ്പെട്ടു. സൈനികനടപടി പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക വസതിയിലിരുന്ന് നിരീക്ഷിച്ചു. നീതി നടപ്പാക്കിയെന്നായിരുന്നു തിരിച്ചടിക്ക് പിന്നാലെ ഇന്ത്യന്‍ സൈന്യം പ്രതികരിച്ചത്.