• ഓട്സുണ്ടാക്കുന്ന, ഓഹരിക്കച്ചവടം നടത്തുന്ന ഒരു സൈന്യം
  • ഒരു നാട്ടിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരായ സൈന്യം
  • പാക്കിസ്ഥാന്‍ സൈന്യം കെട്ടിപ്പൊക്കിയ ബിസിനസ് സാമ്രാജ്യത്തിന്‍റെ കഥ

പാക്കിസ്ഥാനില്‍ ഏറ്റവും കൂടുതല്‍ വില്‍ക്കപ്പെടുന്ന ഓട്സ് ബ്രാന്‍ഡാണ് ഫൗജി ഓട്സ്. ഇതും പഹൽഗാം ഭീകരാക്രമണവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? – ഉണ്ട്. രണ്ടും പാക്കിസ്ഥാനിലെ ഏറ്റവും വലിയ ബിസിനസ് സ്ഥാപനത്തിന്‍റെ ഉൽപന്നങ്ങളാണ്. പക്ഷേ പഹൽഗാമിൽ നടന്നത് ഭീകരാക്രമണമല്ലേ? – അതെ, അതും ഈ സ്ഥാപനത്തിന് ബിസിനസാണ്. ടെററിസം എന്നുപറയും. അങ്ങനെയൊക്കെ ഒരു ബിസിനസ് സ്ഥാപനത്തിന് ചെയ്യാൻ കഴിയുമോ? – കഴിയും. അതിന്‍റെ പേരാണ് പാക്കിസ്ഥാൻ ആർമി.

പാക്കിസ്ഥാന്‍ സൈന്യത്തിന്‍റെ ഉടമസ്ഥതയിലുള്ള ഫൗജി സെറീല്‍സിന്‍റെ ഉല്‍പന്നങ്ങള്‍

ഒരു രാജ്യത്തിന് ഒരു സൈന്യം. അതാണ് നമ്മളൊക്കെ കേട്ടിട്ടുള്ളതും നമുക്ക് ഉള്ളതും. പക്ഷേ പാക്കിസ്ഥാന്‍റെ കാര്യം അങ്ങനെയല്ല. അവിടെ ഒരു സൈന്യത്തിന് ഒരു രാജ്യം, അതാണ് അവസ്ഥ. അവിടെ സൈന്യമാണ് എല്ലാം. എല്ലാം എന്നുപറഞ്ഞാൽ എല്ലാമെല്ലാം. സൈന്യത്തെ ട്രോളിയാൽ ഉറപ്പായും അകത്താകും. ജീവനോടെ പുറത്തെത്തുമെന്ന് ഒരു ഉറപ്പുമില്ല. സൈന്യത്തെ എതിർത്ത രണ്ട് പ്രധാനമന്ത്രിമാർ കൊല്ലപ്പെട്ട രാജ്യമാണ്. ഒരു പ്രധാനമന്ത്രിപോലും അഞ്ചുവർഷം തികയ്ക്കാത്ത രാജ്യം. സ്വാതന്ത്ര്യത്തിന് ശേഷമുള്ള 77  വർഷത്തിൽ 34 വർഷം സൈന്യം നേരിട്ടും ബാക്കിയുള്ള കാലം പിൻവാതിലിലൂടെയും ഭരിച്ച രാജ്യം. അതാണ് പാക്കിസ്ഥാൻ.

പാക്കിസ്ഥാൻ കടംകയറി മുടിഞ്ഞ രാജ്യമല്ലേ? പിന്നെ എങ്ങനെയാണ് അവരുടെ സൈന്യം ഇത്ര പവർഫുൾ ആകുന്നത്?

സ്വാതന്ത്യം കിട്ടിയ കാലം മുതൽ പാക്കിസ്ഥാനിൽ കാര്യങ്ങൾ ഇങ്ങനെയാണ്. 1958ൽ മുഹമ്മദ് അയൂബ് ഖാൻ അധികാരം പിടിച്ചെടുത്തതാണ് ആദ്യത്തെ പട്ടാള അട്ടിമറി. അദ്ദേഹം 13 വർഷം ഭരിച്ചു. 1977ൽ ജനറൽ സിയാ ഉൾ ഹഖ്, സുൽഫിക്കർ അലി ഭൂട്ടോയെ അട്ടിമറിച്ച് ഭരണമേറ്റെടുത്തു. അദ്ദേഹവും ഭരിച്ചു 11 വർഷം. ഭൂട്ടോയെ തൂക്കിലേറ്റുകയും ചെയ്തു. 1999ൽ ജനറൽ പർവേസ് മുഷാറഫ് ആണ് അട്ടിമറിയിലൂടെ അധികാരത്തിലെത്തിയ ഒടുവിലത്തെ പട്ടാളമേധാവി. 2008 വരെ മുഷാറഫ് പാക്കിസ്ഥാന്‍റെ സർവാധിപതിയായി തുടർന്നു. അതിനുശേഷവും, ഈ പട്ടാളഭരണങ്ങൾക്കിടയിലും സൈന്യം പിന്തുണച്ചവർ മാത്രമേ പാക്കിസ്താനിൽ അധികാരം കയ്യാളിയിട്ടുള്ളു. തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രധാനമന്ത്രിയും കാലാവധി പൂർത്തിയാക്കാത്തതിന് കാരണവും, ഏതെങ്കിലും ഘട്ടത്തിൽ സൈന്യത്തിന്‍റെ പിന്തുണ നഷ്ടപ്പെടുന്നതാണ്. അതിന് ഒടുവിലത്തെ ഉദാഹരണമാണ് ഇമ്രാൻ ഖാൻ.

ഇമ്രാന്‍ ഖാന്‍

സൈന്യത്തിന്‍റെ ജോലി രാജ്യത്തിന്‍റെ സുരക്ഷയും അതിർത്തി സംരക്ഷണവുമല്ലേ?

നമ്മുടെ അനുഭവം അങ്ങനെയാണ്. കാരണം നമ്മുടെ സൈന്യം നമ്മുടേതാണ്. ജനങ്ങൾ തിരഞ്ഞെടുത്ത സർക്കാരിന്‍റേതാണ്. അവിടെ സൈന്യം തിരഞ്ഞെടുത്ത സർക്കാരും സൈന്യം നിയന്ത്രിക്കുന്ന രാജ്യവുമാണ് ഉള്ളത്. അതുകൊണ്ട് രാജ്യസുരക്ഷയും അതിർത്തി സംരക്ഷണവുമൊക്കെ വേണ്ടപോലെ ചെയ്യുന്നതിന്‍റെ കൂട്ടത്തിൽ സൈന്യം മറ്റ് കച്ചവടങ്ങൾക്കിറങ്ങിയാൽ ആരാണ് ചോദിക്കാൻ? അങ്ങനെ കച്ചവടം ചെയ്തുചെയ്ത് പാക്കിസ്ഥാനിലെ ഏറ്റവും വലിയ കുത്തക ബിസിനസ് ഗ്രൂപ്പായി അവരങ്ങ് മാറി. 

അതിര്‍ത്തിയില്‍ സൈനികരെ അഭിസംബോധന ചെയ്യുന്ന പാക് പട്ടാളമേധാവി ജനറല്‍ ആസിഫ് മുനീര്‍

എന്താണ് അവരുടെ ബിസിനസ്?

മുൻപൊരിക്കൽ പാക്കിസ്ഥാൻ സെനറ്റിൽ പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി സെനറ്ററുടെ ചോദ്യത്തിന് മറുപടിയായി അന്നത്തെ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് കുറച്ചുവിവരങ്ങൾ നൽകി. അതിൽ പറയുന്നതനുസരിച്ച് പാക്കിസ്ഥാൻ പട്ടാളത്തിന് അൻപതിലേറെ വൻകിട ബിസിനസ് സ്ഥാപനങ്ങളും പദ്ധതികളുമുണ്ട്. ഈ വർഷം സൈന്യം കൃഷിയിലേക്കും ഇറങ്ങുകയാണ്. കോർപ്പറേറ്റ് ഫാമിങ്! ചുരുക്കിപ്പറഞ്ഞാൽ പാക്കിസ്താൻ സൈന്യം തൊടാത്ത ബിസിനസ് സംരംഭങ്ങളൊന്നും ആ രാജ്യത്തില്ല.

ഇതൊക്കെ എങ്ങനെ സാധിക്കുന്നു?

സൈനികരുടെയും വിമുക്തഭടന്മാരുടെയും രക്തസാക്ഷി കുടുംബങ്ങളുടെയും ക്ഷേമത്തിനും പുരോഗതിക്കും വേണ്ടി രൂപീകരിച്ച 5 ചാരിറ്റബിൾ ട്രസ്റ്റുകള്‍ വഴിയാണ് പാക്കിസ്ഥാൻ സൈന്യത്തിന്‍റെ എല്ലാ ബിസിനസുകളും. 

1. ആർമി വെൽഫെയർ ട്രസ്റ്റ്

2. ഫൗജി ഫൗണ്ടേഷൻ

3. ഷഹീൻ ഫൗണ്ടേഷൻ

4. ബഹ്‍രിയ ട്രസ്റ്റ്

5. ഡിഫൻസ് ഹൗസിങ് അതോറിറ്റികൾ

ആര്‍മി വെല്‍ഫെയര്‍ ട്രസ്റ്റിന്‍റെ ഓഫിസ്

ആർമി വെൽഫെയർ ട്രസ്റ്റ് 

നാലായിരം കോടി രൂപ മൂല്യമുള്ള കമ്പനി എന്നാണ് ആർമി വെൽഫെയർ ട്രസ്റ്റ് സ്വയം അവകാശപ്പെടുന്നത്. 28,000 ജീവനക്കാര്‍. 20 ബിസിനസ് യൂണിറ്റുകള്‍...അതങ്ങനെ വളര്‍ന്നുവളര്‍ന്ന് പോകുന്നു.

ചെരുപ്പുകച്ചവടം മുതല്‍ തുണിക്കച്ചവടം വരെ...

ഷുഗർമില്ലുകൾ, ചെരുപ്പുകമ്പനി, തുകൽ ഉൽപ്പന്നങ്ങൾ, റിസോര്‍ട്ടുകള്‍, രണ്ട് കുതിര ഫാമുകൾ, റിയൽ എസ്റ്റേറ്റ്, ജനറൽ ഇൻഷുറൻസ് കമ്പനി, വ്യോമയാനസേവനങ്ങൾ, സെക്യൂരിറ്റി സർവീസ്, സിഎൻജി വിതരണം, പെട്രോൾ പമ്പുകൾ, വിത്ത് കച്ചവടം, തുണിക്കച്ചവടം എന്നുവേണ്ട സകലമാന കച്ചവടവും ആർമി വെൽഫെയർ ട്രസ്റ്റ് നടത്തുന്നുണ്ട്. 

ഫൗജി ഫൗണ്ടേഷൻ

ഓട്സ് ഉൾപ്പെടെ ഫുഡ് പ്രോഡക്ട്സ് വില്‍ക്കുന്ന ഫൗജി സെറീൽസ്, പാചകവാതകം, വളം നിർമാണം, സിമന്‍റ് കമ്പനി, ഫൗജി ഓയിൽ ടെർമിനൽ, ഡിസ്റ്റിലറി, വൈദ്യുതിക്കമ്പനികൾ, ബാങ്ക്, വിൻഡ് എനർജി, മറീൻ ടെർമിനൽ തുടങ്ങി ഇറച്ചിവിൽപന വരെയുണ്ട് ഫൗജി ഫൌണ്ടേഷന്. മൊറോക്കോയിൽ പ്രവർത്തിക്കുന്ന പാക്കിസ്ഥാൻ മൊറോക് ഫോസ്ഫോർ എന്ന ഓഫ്ഷോർ കമ്പനിയും ഫൗജി ഫൗണ്ടേഷൻറേതാണ്.

ഫൗജി ഫുഡ്സ് ഉല്‍പന്നങ്ങളുടെ പരസ്യങ്ങള്‍

ഷഹീൻ ഫൗണ്ടേഷൻ

എയർപോർട്ട് സർവീസസ്, ഓഹരിവിപണി, നിറ്റ് വെയർ, കൊമേഴ്സ്യൽ കോംപ്ലക്സുകൾ, മെഡിക്കൽ സർവീസ്, ആശുപത്രികൾ, പരസ്യക്കമ്പനി, സ്കൂളുകൾ, കോളജുകൾ, ഏവിയേഷൻ അക്കാഡമി, ഹൗസിങ് സ്കീമുകൾ അങ്ങനെ നീളുന്നു ഷഹീൻ ഫൗണ്ടേഷന്റെ ആസ്തികൾ.

ഇക്കണ്ട ബിസിനസുകളൊന്നും ചാരിറ്റിക്കുവേണ്ടി ചെയ്യുന്നതല്ല. മിക്ക ഉൽപ്പന്നങ്ങളും വിൽപനയിലും ഉപയോഗത്തിലും ആ രാജ്യത്ത് ഒന്നാംസ്ഥാനത്തുണ്ട്. മൽസരിക്കുന്നവരെയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് സൈന്യത്തെ ആരെങ്കിലും പഠിപ്പിക്കണോ?

മൊറോക്കോയില്‍ പാക് സൈന്യത്തിന്‍റെ നിയന്ത്രണത്തിലുള്ള മൊറോക് ഫോസ്ഫോര്‍ കമ്പനി

വാസ്തവത്തില്‍ ഇതൊന്നുമല്ല പാക്കിസ്ഥാൻ സൈന്യത്തിന്‍റെ യഥാർഥ ആസ്തി. അത് ഭൂമിയാണ്. ഒരു അതിശയോക്തിയുമില്ലാതെ പറയാം, പാക്കിസ്ഥാന്റെ ആകെ ഭൂവിസ്തൃതിയുടെ (881,913 ചതുരശ്ര കിലോമീറ്റർ) 12 ശതമാനം (105,829 ചതുരശ്ര കിലോമീറ്റർ) സൈന്യത്തിന്‍റെ കൈവശമാണ്. ലഹോറും ഇസ്ലാമാബാദും കറാച്ചിയും ഉൾപ്പെടെയുള്ള വൻനഗരങ്ങളിലെ കണ്ണായ ഭൂമി അടക്കമാണിത്. 2012ൽ ലഹോർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുഹമ്മദ് കാസിം ഖാൻ നടത്തിയ ഒരു പരാമർശം കൂടി ഓർക്കുന്നത് നന്നായിരിക്കും. 'പാക്കിസ്ഥാനിലെ ഏറ്റവും വലിയ ഭൂമി കയ്യേറ്റക്കാരാണ് സൈന്യം' എന്നാണ് ജസ്റ്റിസ് ഖാൻ പറഞ്ഞത്.

എന്തിനാണ് സൈന്യത്തിന് ഇത്രയും ഭൂമി?

ആർമിയാണ് പാക്കിസ്ഥാനിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് കച്ചവടക്കാർ. പാക്കിസ്ഥാനിലുടനീളം സൈന്യം നിയന്ത്രിക്കുന്ന അൻപതോളം ഹൗസിങ് പ്രൊജക്ടുകളുണ്ട്. ഇസ്ലാമബാദിലെ ഡിഫൻസ് ഹൗസിങ് അതോറിറ്റിയുടെ പക്കലുള്ള ഭൂമിയുടെ വിസ്തൃതി കേട്ടാൽ ഞെട്ടും. 16000 ഏക്കർ. കറാച്ചി ഡിഎച്ച്എയുടെ പക്കൽ 12000 ഏക്കർ ഭൂമിയുണ്ട്. എല്ലാം കണ്ണായ സ്ഥലങ്ങൾ. സർക്കാർ സൗജന്യമായി സൈന്യത്തിന് നൽകുന്നതാണ് ഈ ഭൂമിയെല്ലാം. അവിടെ ഹൗസിങ് പ്രൊജക്ടുകൾ നടപ്പാക്കി ജനങ്ങൾക്ക് വൻതുകയ്ക്ക് വിൽക്കും. കൊള്ളലാഭം കൊയ്യും.

പാക് സൈന്യം നിയന്ത്രിക്കുന്ന ഡിഫന്‍സ് ഡവലപ്മെന്‍റ് അതോറിറ്റി നിര്‍മിച്ച ഭവനപദ്ധതി

സൈന്യത്തിൽ നിന്ന് വിരമിക്കുന്ന മുതിർന്ന ഉദ്യോഗസ്ഥർക്ക് ഏക്കർ കണക്കിന് സ്ഥലം പതിച്ചുനൽകുന്ന രീതിയാണ് മറ്റൊന്ന്. അടുത്തിടെ വിരമിച്ച ഒരു മേജർ ജനറലിന് ലഭിച്ചത് 240 ഏക്കർ നല്ല ഒന്നാന്തരം ജലസേചനസൗകര്യമുള്ള കൃഷിഭൂമിയായിരുന്നു. തൊട്ടുമുൻപ് വിരമിച്ച പട്ടാളമേധാവി ജനറൽ ഖമർ ജാവേദ് ബാജ്‍വ സ്ഥാനമൊഴിയുമ്പോഴേക്കും അദ്ദേഹവും ബന്ധുക്കളും ശതകോടീശ്വരന്മാരായിരുന്നു. ബാജ്‍വയുടെ സഹോദരന്‍റേതാണ് 4 രാജ്യങ്ങളിൽ 133 റസ്റ്ററന്‍റുകൾ നടത്തുന്ന പാപ്പാ ജോൺസ് പീറ്റ്സ ഫ്രാഞ്ചൈസി. 2021ൽ ഇന്‍റർനാഷണൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റിവ് ജേണലിസ്റ്റ്സ് പുറത്തുവിട്ട ‘പാൻഡോറ പേപ്പറു’കളിൽ പാക്കിസ്ഥാനിലെ മുൻ സേനാമേധാവികളും സൈന്യത്തിലെ ഉന്നതരും നടത്തിയ വൻ അഴിമതിയുടെ വിവരങ്ങൾ ഉണ്ടായിരുന്നു.

പാക് ആര്‍മി വെല്‍ഫെയര്‍ ട്രസ്റ്റ് നടത്തുന്ന ബ്ലൂ ലഗൂണ്‍ റിസോര്‍ട്ട്

ഇത്രയും ബിസിനസുകളുള്ള പാക്കിസ്ഥാൻ സൈന്യത്തിൻറെ ആസ്തി ഭയങ്കരമായിരിക്കുമല്ലോ?

പിന്നല്ലാതെ! പാക്കിസ്ഥാന്‍റെ 2024ലെ മൊത്തം ആഭ്യന്തര ഉൽപാദനം അഥവാ ജിഡിപി 346 ബില്യൺ ഡോളർ ആണ്. അതായത് ഏതാണ്ട് 29 ലക്ഷം കോടി ഇന്ത്യൻ രൂപ. അവരുടെ സൈന്യത്തിന്‍റെ മൊത്തം വരുമാനം 40 ബില്യൺ ഡോളറിൽ കുറയില്ലെന്നാണ് റിപ്പോര്‍ട്ട്. അതായത് മൂന്നുലക്ഷത്തി മുപ്പത്തേഴായിരം കോടി. രാജ്യത്തിന്‍റെ ജിഡിപിയുടെ 11.5 ശതമാനം. ഇതൊക്കെ ലഭ്യമായ വിവരങ്ങള്‍ വച്ചുള്ള അനുമാനം മാത്രമാണ്. യഥാർഥ ആസ്തി ഇതിലും വളരെ അധികമാകാം.

സൈന്യത്തിന്‍റെ വരുമാനം 3.37 ലക്ഷം കോടി

ഈ പണമൊക്കെ സൈന്യം എന്തുചെയ്യും?

പാക് മാധ്യമങ്ങളും വിദേശമാധ്യമങ്ങളും പലപ്പോഴും ഉപയോഗിക്കുന്ന ഒരു വാക്കുണ്ട്. ‘മിൽബസ്’. മിലിറ്ററി ബിസിനസ് എന്നാണ് അർഥം. സൈന്യത്തിന്‍റെ കച്ചവടങ്ങളെയാകെ വിശേഷിപ്പിക്കുന്നത് ഈ വാക്കുപയോഗിച്ചാണ്. സൈന്യം നടത്തുന്ന ബിസിനസുകളെല്ലാം ട്രസ്റ്റുകളുടെ നിയന്ത്രണത്തിലാണല്ലോ. ഈ ട്രസ്റ്റുകളിലെ നടത്തിപ്പുകാരും ജീവനക്കാരുമെല്ലാം വിരമിച്ച സൈനികരോ അവരുടെ ഉറ്റവരോ ആണ്. ശരിക്കുപറഞ്ഞാൽ കര, വ്യോമ, നാവികസേനകളിൽ നിന്ന് വിരമിച്ച ഉന്നതരിൽ 50 ശതമാനം പേർ നേരിട്ട് ഈ ട്രസ്റ്റുകളുടെ ഭാഗമാകും. 30 ശതമാനം പേർ വിദേശകാര്യസർവീസ് ഉൾപ്പെടെയുള്ള സർക്കാർ സർവീസുകളിലേക്ക് പോകും. ശേഷിച്ച 20 ശതമാനം വലിയ സർക്കാർ പദ്ധതികളുടെയോ പൊതുമേഖലാസ്ഥാപനങ്ങളുടെയോ ഭാഗമാകും. മാത്രമല്ല, ട്രസ്റ്റുകൾ നിയന്ത്രിക്കുന്ന ബിസിനസ് സ്ഥാപനങ്ങളുടെ ഉയർന്ന പദവികളിലെല്ലാം നിയമിക്കപ്പെടുന്നതും വിരമിച്ച സൈനികരും ബന്ധുക്കളും തന്നെയാണ്. ഈ സകലമാന സ്ഥാപനങ്ങളും ആസ്തികളും അവയുമായി ബന്ധപ്പെട്ട രഹസ്യങ്ങളും സൈന്യത്തിന്‍റെ സമ്പൂർണ നിയന്ത്രണത്തിൽത്തന്നെയാണെന്ന് ചുരുക്കം. അതിനൊപ്പം സർക്കാരിന്‍റെ നയങ്ങളും നിയന്ത്രിക്കാം. ബിസിനസ് വളർത്താൻ വേറെന്തുവേണം?

ആര്‍മി വെല്‍ഫെയര്‍ ട്രസ്റ്റിന് കീഴിലുള്ള അസ്കരി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി

പാക്കിസ്ഥാൻ സൈന്യത്തിന്‍റെ നിയന്ത്രത്തിലുള്ള ബിസിനസ് സ്ഥാപനങ്ങളുടെ വാർഷികവളർച്ച 20 മുതൽ 30 ശതമാനം വരെയാണ്. ഇത്രയും ലാഭകരമായ ബിസിനസ് ലോകത്ത് അധികമുണ്ടാകില്ല. പാക്കിസ്ഥാനിലെ മറ്റ് ബിസിനസുകളെല്ലാം കടംകയറി മുടിയുന്ന സമയത്താണിതെന്നോർക്കണം. ചാരിറ്റബിൾ ട്രസ്റ്റുകളുടെ കീഴിലുള്ള സ്ഥാപനങ്ങളായതിനാൽ നികുതിവെട്ടിക്കാനും എളുപ്പം. ലോകത്ത് ഏറ്റവും സാമ്പത്തിക സ്വയംഭരണം അനുഭവിക്കുന്ന സൈന്യം ഏതാണെന്ന് ചോദിച്ചാൽ മറ്റൊരു ഉത്തരമില്ല. പാക്കിസ്ഥാൻ ആർമി.

പിന്നെ എന്തിനാണ് പാക്കിസ്ഥാൻ സൈന്യം യുദ്ധം യുദ്ധം എന്നുപറഞ്ഞ് ബഹളം വയ്ക്കുന്നത്?

ബിസിനസ് ഒക്കെ നല്ല നിലയ്ക്ക് നടക്കുന്നുണ്ടെങ്കിലും അടുത്തിടെയായി പാക്കിസ്ഥാനിൽ സൈന്യത്തിന്‍റെ വിശ്വാസ്യതയിലും ജനപ്രീതിയിലും കനത്ത ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഭൂമി പിടിച്ചെടുക്കലും കയ്യേറ്റങ്ങളും പൊതുജനങ്ങളെ പ്രോസിക്യൂട്ട് ചെയ്യലും തട്ടിക്കൊണ്ടുപോകല്‍ കൊലപാതകങ്ങളും രാഷ്ട്രീയനേതാക്കളെ തുറുങ്കിലടക്കുന്നതുമെല്ലാം ഇതിന് കാരണമാണ്. എല്ലാറ്റിനും പുറമേ ആകാശത്തോളം മുട്ടിയ വിലക്കയറ്റവും ദാരിദ്ര്യവും.

ഇമ്രാൻ ഖാനെ പുറത്താക്കി ജയിലിലടച്ചതോടെ ഇപ്പോഴത്തെ സൈനികമേധാവി ജനറല്‍ സയദ് അസീം മുനീറിനെ പഞ്ചാബുകാര്‍ക്ക് കണ്ടുകൂട! പാക്കിസ്ഥാനിലെ ഏറ്റവും രാഷ്ട്രീയ, സാമ്പത്തികസ്വാധീനമുള്ള പ്രവിശ്യയാണ് പഞ്ചാബ്. അവിടത്തുകാരുടെ അനിഷ്ടം കുറയ്ക്കാൻ മുനീര്‍ കണ്ടെത്തിയ വഴിയാണ് കനാല്‍ നിര്‍മാണം. രാജ്യത്തിന്‍റെ മറ്റിടങ്ങളിൽ നിന്ന് കനാലുകള്‍ വഴി പഞ്ചാബിലേക്ക് കൂടുതൽ വെള്ളമെത്തിക്കുക. 6 കനാലുകളുടെ നിര്‍മാണം തുടങ്ങിയതോടെ സിന്ധിൽ കനത്ത കര്‍ഷക പ്രക്ഷോഭം ആരംഭിച്ചു. എല്ലായിടത്തും പ്രതിഷേധം ആളിക്കത്തുകയാണ്. 

മേയ് ദിനത്തില്‍ പാക്കിസ്ഥാനില്‍ നടന്ന പ്രതിഷേധറാലി

ആളുന്ന പ്രതിഷേധം; ശ്രദ്ധ തിരിക്കാന്‍ ഇന്ത്യാവിരോധം

രാഷ്ട്രീയക്കാർ അഴിമതിക്കാരാണ്, സൈന്യം മാത്രമാണ് വിശ്വാസ്യതയുള്ള, രാജ്യത്തിൻറെയും മതത്തിൻറെയും സംരക്ഷകരാകാൻ കെൽപ്പുള്ള ഏക സ്ഥാപനം എന്ന പ്രതിച്ഛായ ബോധപൂർവം വളർത്തിയെടുത്താണ് മാറിമാറി വന്ന സൈനികനേതൃത്വങ്ങൾ ജനപിന്തുണ ഉറപ്പിച്ചുനിർത്തിയത്. പക്ഷേ ആ അടിത്തറ ഒലിച്ചുപോകുന്നു എന്ന തിരിച്ചറിവാണ് വീണ്ടും ഇന്ത്യാവിരുദ്ധതയിലേക്കും കശ്മീരിലേക്കും ജനശ്രദ്ധ തിരിക്കാൻ പാക് സൈനികനേതൃത്വത്തെ നിർബന്ധിതരാക്കിയത്. അതിന്റെ ഫലമാണ് പഹൽഗാം. 

പഹൽഗാം എങ്ങനെയാണ് ബിസിനസ് ആകുന്നത്?

ഭീകരസംഘടനകളെ സൃഷ്ടിക്കലും ഭീകരത വിറ്റ് പണമുണ്ടാക്കലും പാക് സൈന്യത്തിന്‍റെ പ്രധാന വരുമാനമാർഗങ്ങളിൽ ഒന്നാണ്.  അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അമേരിക്കയും റഷ്യയും തമ്മിലുള്ള ശീതയുദ്ധകാലത്താണ് പാക്കിസ്ഥാൻ സൈന്യം ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനിൽ കടന്നുകയറിയപ്പോൾ സോവിയറ്റ് വിരുദ്ധ പോരാളികളെ ശക്തിപ്പെടുത്താന്‍ അമേരിക്ക ഉപയോഗിച്ചത് പാക്കിസ്ഥാനെയാണ്. പാക് സൈന്യത്തെ ഇടനിലക്കാരാക്കി അമേരിക്ക അഫ്ഗാൻ പോരാളികൾക്ക് പണവും ആയുധങ്ങളും അയച്ചു. ഇതിൽ ചെറിയൊരുശതമാനം മാത്രമേ എത്തേണ്ടിടത്ത് എത്തിയുള്ളു. ബാക്കിയെല്ലാം ജനറൽ സിയ ഉൾ ഹഖിന്‍റെയും വിശ്വസ്തരുടെയും പോക്കറ്റിലായി.

ജനറല്‍ സിയ ഉള്‍ ഹഖ് പാക്കിസ്ഥാനില്‍ അധികാരം പിടിച്ചെടുത്തശേഷം വാര്‍ത്താസമ്മേളനം നടത്തുന്നു

പിന്നീട് ന്യൂയോർക്കിലെ 9/11 ഭീകരാക്രമണത്തിനുശേഷം അൽ ഖൈദ വിരുദ്ധ പോരാട്ടത്തിന്‍റെ പേരിലും പാക്കിസ്ഥാൻ സൈന്യവും സൈനികനേതൃത്വവും വൻതോതിൽ പണമുണ്ടാക്കി. ഭീകരരെ സൃഷ്ടിക്കുകയും വളർത്തുകയും വിന്യസിക്കുകയും ചെയ്യുന്ന രാജ്യത്തിനും അവരുടെ സൈന്യത്തിനുമാണ് അമേരിക്ക ഇങ്ങനെ പണം വാരിക്കോരി നല്‍കിയതെന്ന് ഓര്‍ക്കണം. എന്നാൽ ബരാക് ഒബാമ അധികാരത്തിലെത്തിയശേഷം പാക്കിസ്ഥാനുള്ള സൈനിക സഹായം കുറഞ്ഞു. ജോ ബൈഡനും ട്രംപും അത് ഏറെക്കുറെ ഇല്ലാതാക്കുകയും ചെയ്തു. അൽഖൈദ വിരുദ്ധപോരാട്ടത്തിന് പണം വാങ്ങിയശേഷം സാക്ഷാൽ ഒസാബ ബിൻ ലാദനെ സംരക്ഷിച്ച ചരിത്രം ആർക്ക് മറക്കാനാകും?

ഒസാമ ബിന്‍ ലാദന്‍ അഫ്ഗാനിസ്ഥാനില്‍ – 1998ല്‍ എടുത്ത ചിത്രം

അമേരിക്കൻ ഫണ്ട് കുറഞ്ഞാലും പണമുണ്ടാക്കാന്‍ പാക് സൈന്യത്തിന് വഴികൾ പിന്നെയുമുണ്ട്. വിദേശരാജ്യങ്ങളിൽ സുരക്ഷയ്ക്കും പോരാട്ടങ്ങളിലുമെല്ലാം പണം വാങ്ങി പാക്കിസ്ഥാൻ സൈനികർ പോകുന്നുണ്ട്. ഖത്തറിലും സൗദിയിലും വരെ അത് കണ്ടു. അനധികൃത ആയുധവിൽപനയാണ് ലാഭകരമായ മറ്റൊരു ബിസിനസ്. സ്വന്തം ശേഖരത്തിൽ നിന്നോ മറ്റുള്ളവരുടെ ആയുധക്കടത്തിന് ഇടനിലക്കാരായോ കള്ളക്കടത്ത് നടത്തിയോ ഒക്കെയാണ് നേട്ടമുണ്ടാക്കുന്നത്. യുക്രെയ്ൻ മുതൽ കശ്മീർ വരെ ഇതിന്‍റെ തെളിവുകൾ കിടപ്പുണ്ട്.

പാക്കിസ്ഥാന്‍ സൈനികമേധാവി ജനറല്‍ സയദ് അസിം മുനീര്‍

ഇത്രവലിയ ആസ്തികളുടെ ബലവും അതിൽ നിന്ന് ലഭിക്കുന്ന സൗകര്യങ്ങളും അനുഭവിച്ച് ശീലിച്ച പാക് പട്ടാള മേധാവികൾ അങ്ങനെയൊന്നും അത് വിട്ടുകളയാൻ തയാറാവില്ല. അരനൂറ്റാണ്ടിലേറെക്കാലംകൊണ്ട് കെട്ടിപ്പടുത്തതും വെട്ടിപ്പിടിച്ചതുമാണ് എല്ലാം. ജനറൽ അസീം മുനീർ നേരിട്ടുള്ള വിദേശനിക്ഷേപം തേടി ഇറങ്ങുന്നതിന്‍റെ ഗുട്ടൻസും മറ്റൊന്നല്ല. അതിനെക്കാളൊക്കെ മുനീറിന്‍റെ അധികാരമോഹമാണ് പാക്കിസ്ഥാൻ ഇനി നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി. പാക്കിസ്ഥാന്‍റെ ചരിത്രത്തിലെ ആദ്യത്തെ യഥാർഥ ഇസ്ലാമിസ്റ്റ് സൈനികമേധാവി എന്നാണ് മുനീർ വിശേഷിപ്പിക്കപ്പെടുന്നത്. അത് ഏതെല്ലാം തരത്തിൽ പാക്കിസ്ഥാനെയും അവിടത്തെ രാഷ്ട്രീയത്തെയും സ്വാധീനിക്കുമെന്ന് വൈകാതെ വെളിപ്പെടും. ഇന്ത്യ-പാക് ഇടപെടലുകളിൽ ഉറപ്പായും മുനീറിന്‍റെ ഓരോ നീക്കവും വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യും.

ENGLISH SUMMARY:

Pakistan's military, particularly through entities like the Fauji Foundation and other charitable trusts, controls a vast business empire spanning agriculture, real estate, energy, consumer goods, and more. It owns approximately 12% of the country’s land and earns revenue equaling around 11.5% of the national GDP, all while avoiding taxes under the guise of welfare organizations. Retired military personnel dominate leadership roles in these enterprises, blurring the line between military and state. Pakistan’s army has also profited historically from geopolitical conflicts, including U.S.-funded operations during the Soviet-Afghan war and the War on Terror. As public trust in the military wanes domestically, the leadership uses anti-India sentiment and incidents like Pahalgam to divert attention and maintain control.