Cardinal Luis Antonio Tagle, center, takes part in the procession carrying the body of Pope Francis to St. Peter's Basilica at the Vatican (File photo)

ഏഷ്യയില്‍ നിന്നൊരു പോപ്പ് വരുമോ? വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാരില്‍ 23പേര്‍ ഏഷ്യയില്‍ നിന്നാണ്. ഇതില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പെടെ നാല് ഇന്ത്യാക്കാരുണ്ട്. ഏഷ്യയില്‍ നിന്നെങ്കില്‍ ഇന്ത്യയില്‍ നിന്നൊരു പോപ്പിനെ ലഭിക്കുമോ? 

കഴിഞ്ഞ പേപ്പല്‍ കോണ്‍ക്ലേവിനെ അപേക്ഷിച്ച് യൂറോപിന് ശക്തി കുറഞ്ഞതാണ് ഏഷ്യയില്‍ നിന്നോ ആഫ്രിക്കയില്‍ നിന്നോ ഒരാള്‍ പോപ്പ് ആകാനുള്ള സാധ്യതയിലേക്ക് എത്തുന്നത്. കത്തോലിക്ക സമൂഹം കൂടുതല്‍ വേഗത്തില്‍ വളരുന്നത് ഏഷ്യയിലാണ്. ഫിലിപ്പൈന്‍സില്‍ നിന്നുള്ള കര്‍ദിനാള്‍ ലുയി അന്റോണിയോ ടാഗ്‌ലെ ആണ് സാധ്യതാ പട്ടികയില്‍ മുന്നില്‍. വോട്ടവകാശമുള്ള 135 കര്‍ദിനാള്‍മാരില്‍ 53പേരാണ് യൂറോപ്പില്‍ നിന്നുള്ളത്.  ഇതില്‍ രണ്ടുപേര്‍ പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നില്ല.133പേരാണ് പങ്കെടുക്കുന്നത്.2013ല്‍  ഇത് 60പേരായിരുന്നു. 2013ല്‍ 10 പേരാണ് ഏഷ്യയില്‍ നിന്നുണ്ടായിരുന്നത്. ഇക്കുറി അത് 23പേരായി. 

ഏഷ്യയില്‍ നിന്നെങ്കില്‍ അത് ആരായിരിക്കും? ഫിലിപ്പൈന്‍സില്‍ നിന്നുള്ള ലൂയി അന്റോണിയോ ടാഗ്‌ലെയാണ് ഏഷ്യയില്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന കര്‍ദിനാള്‍. 2012ല്‍ ബെനഡിക്ട് പതിനാറാമനാണ് ടാഗ്‌ലെയെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 2013ലെ പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുത്ത ടാഗ്‌ലെയുടെ രണ്ടാം പേപ്പല്‍ കോണ്‍ക്ലേവാണിത്. 67കാരനായ ടാഗ്‌ലെ ഏഷ്യന്‍ ഫ്രാന്‍സിസ് എന്നാണ് അറിയപ്പെടുന്നത്. പുരോഗമന വാദിയായ ‌ടാഗ്‌ലെ ഫ്രാന്‍സിസ് പാപ്പയുടെ നിലപാടുകളെ അനുകൂലിച്ചിരുന്നു.  അവിവാഹിതരായ അമ്മമാരെയും വിവാഹ മോചിതരെയും  അഭിസംബോധന ചെയ്യുന്നതിന് സഭ പുതിയ ഭാഷ വികസിപ്പിക്കേണ്ടതുണ്ട് എന്നാണ് 2015ല്‍ ഒരു അഭിമുഖത്തില്‍ കര്‍ദിനാള്‍ ടാഗ്്ലെ പറഞ്ഞത്. എന്നാല്‍ ഫിലിപ്പൈന്‍സിലെ ലഹരിമരുന്ന് കച്ചവടത്തെപ്പറ്റിയും പുരോഹിതരുടെ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചും ‌ടാഗ്‌ലെ വേണ്ടത്ര ശബ്ദം ഉയര്‍ത്തിയിട്ടില്ല എന്ന വിമര്‍ശനവും ഉണ്ട്. മനിലയുടെ ആര്‍ച്ച് ബിഷപ്പായിരുന്ന ടാഗ്്ലെയുടെ പിതാവിന്റെ കുടുംബം സ്പെയിനില്‍ നിന്നുള്ളതാണ്.

കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഇന്ത്യയില്‍ നിന്നാവുമോ?

ഇന്ത്യയില്‍ നിന്ന് നാലുപേര്‍ക്കാണ് പേപ്പല്‍ കോണ്‍ക്ലേവില്‍ വോട്ടവകാശം. ഇതില്‍ നാലുപേരും ഇതാദ്യമായാണ് പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. സിറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് ബാവ രണ്ടാം വട്ടമാണ് പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. 2012ല്‍ ബെനഡിക്ട് പതിനാറാമന്‍ ആണ് മാര്‍ ക്ലീമിസിനെ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. 65കാരനായ ക്ലീമിസ് രണ്ടാംവട്ടം സിസ്റ്റൈന്‍ ചാപ്പലെ പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.

ഹൈദരാബാദില്‍ നിന്നുള്ള കര്‍ദിനാള്‍ ആന്തണി പൂലക്ക് ഇതാദ്യമായാണ് പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. 63 കാരനായ ആന്തണി പൂലയെ ഫ്രാന്‍സിസ് പാപ്പ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത് 2022ലാണ്. ഗോവയില്‍ നിന്നുള്ള കര്‍ദിനാള്‍ ഫിലിപ്പ് നേരിയാണ് വോട്ടവകാശമുള്ള മറ്റൊരു കര്‍ദിനാള്‍. ഇതാദ്യമായാണ് ഫിലിപ്പ് നേരിയും പേപ്പല്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. 

2022ല്‍ ഫ്രാന്‍സിസ് പാപ്പയാണ് 72കാരനായ ഫിലിപ്പ് നേരിയെയും കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. ഇന്ത്യയില്‍ നിന്നുള്ള കര്‍ദിനാള്‍മാരില്‍ ഏറ്റവും ജൂനിയര്‍ കേരളത്തില്‍ നിന്നുള്ള മാര്‍ ജോര്‍ജ് കൂവക്കാടാണ്. 2024 ഡിസംബറിലാണ് 51കാരനായ മാര്‍ കൂവക്കാടിനെ ഫ്രാന്‍സിസ് പാപ്പ കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്. നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നൊരാള്‍ കത്തോലിക്കാ സഭയു‌െട പരമാധ്യക്ഷനാകാന്‍ സാധ്യതയില്ല

ENGLISH SUMMARY:

Will the next pope be from Asia?