Image: facebook/Lufthansa
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ ഏതുനിമിഷവും തിരിച്ചടി നല്‍കിയേക്കുമെന്ന ആശങ്ക കനപ്പെട്ടത്തോടെ പാക് വ്യോമമേഖല ഒഴിവാക്കി പറന്ന് യൂറോപ്യന്‍ വിമാനക്കമ്പനികള്‍. യാത്രാക്കാരുടെ സുരക്ഷയെ കരുതിയാണ് നീക്കം. ലുഫ്താന്‍സ, എയര്‍ ഫ്രാന്‍സ്, ബ്രിട്ടിഷ് എയര്‍വെയ്സ്, സ്വിസ് ഫ്ലൈറ്റ്സ് എന്നിവയാണ് ഏപ്രില്‍ 30 മുതല്‍ പാക് വ്യോമമേഖല സ്വയമേ ഒഴിവാക്കി പറക്കുന്നത്. ഫ്ലൈറ്റ് റഡാര്‍24 ആണ് ഇക്കാര്യം വ്യക്തമാക്കി സമൂഹമാധ്യമമായ എക്സില്‍ കുറിപ്പിട്ടത്. ലുഫ്താന്‍സ, ഐടിഎ എയര്‍വെയ്സ്, എല്‍ഒടി എന്നിവയും പാക് വ്യോമമേഖല ഇന്നലെ മുതല്‍ ഒഴിവാക്കിയിട്ടുണ്ട്.
ലുഫ്താന്‍സയുടെ മ്യൂണിക്–ഡല്‍ഹി, ഫ്രാങ്ക്ഫര്‍ട് –മുമൈ, ഫ്രാങ്ക്ഫര്‍ട്– ഹൈദരാബാദ്, ബാങ്കോക്–മ്യൂണിക്, എല്‍ഒടിയുടെ വാഴ്സോ–ഡല്‍ഹി, ഐടിഎയുടെ റോം–ഡല്‍ഹി സര്‍വീസുകളും പാക് വ്യോമമേഖല ഒഴിവാക്കിയാണ് രണ്ടുദിവസമായി സര്‍വീസ് നടത്തുന്നത്. ഇതോടെ യാത്രാസമയത്തില്‍ ഒരു മണിക്കൂറിന്‍റെ വര്‍ധന ഉണ്ടായി.
ഇന്ത്യ–പാക് സ്ഥിതി സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും ഒരുതരത്തിലും യാത്രക്കാരുടെ സുരക്ഷിതത്വത്തില്‍ വിട്ടുവീഴ്ച ചെയ്യാന്‍ ഉദ്ദേശമില്ലാത്തതിനാലാണ് ചെലവ് വകവയ്ക്കാതെ ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്നും മുന്‍കൂട്ടി ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതോടെ അവസാന നിമിഷത്തെ ആശയക്കുഴപ്പവും ഒഴിവാക്കാമെന്നും വിമാനക്കമ്പനി വക്താക്കളിലൊരാള്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.