romania-car-accident

യൂറോപ്പ്യന്‍ രാജ്യമായ റൊമാനിയയിൽ ഡ്രൈവര്‍ ബോധരഹിതനായതിന് പിന്നാലെ അമിതവേഗതയിലായിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഒരു ബസിനും രണ്ട് കാറുകൾക്കും മുകളിലൂടെ അക്ഷരാര്‍ഥത്തില്‍ ‘പറന്ന്’ പെട്രോൾ പമ്പിന് സമീപം ഇടിച്ചിട്ടാണ് കാര്‍ നിന്നത്. അപകടത്തിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഒരു മെഴ്‌സിഡസ് കാറാണ് അപകടത്തില്‍പ്പെട്ടത്. ഇതോടെ മെഴ്‌സിഡസ് ഒരു ‘എയർ മെഴ്‌സിഡസ്’ ആയി മാറിയെന്ന് വിഡിയോത്ത് താഴെ കമന്‍റുകള്‍.

ഡിസംബർ 3 ന് ഒറാഡിയ നഗരത്തിലാണ് അപകടമുണ്ടായത്. അതിവേഗതയിൽ എത്തിയ കാർ തെറ്റായ വഴിയിലൂടെ ഒരു റൗണ്ട് എബൗട്ടിലേക്ക് പ്രവേശിക്കുകയും പിന്നാലെ കെർബിൽ (നടപ്പാതയുടെ അരിക്) ഇടിച്ച് ഉയര്‍ന്ന് പൊങ്ങുകയുമായിരുന്നു. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളില്‍ റോഡിലെ രണ്ട് കാറുകള്‍ക്കും ഒരു ബസിനും മുകളിലൂടെ കാര്‍ ‘പറക്കുന്നതായി’ കാണാം. പിന്നാലെ തൊട്ടടുത്തുള്ള പെട്രോൾ പമ്പിന് ഏതാനും മീറ്റർ അകലെയുള്ള ഒരു ഇരുമ്പ് തൂണിൽ ഇടിച്ചുകയറുകയായിരുന്നു. പെട്രോള്‍ പമ്പില്‍ ഇടിക്കാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, 55 കാരനായ ഡ്രൈവർ പ്രമേഹ ബാധിതനായിരുന്നു. ഇയാള്‍ വാഹനമോടിക്കുന്നതിനിടെ ബോധരഹിതനാകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. നിയന്ത്രണം നഷ്ടപ്പെടുന്നതിന് തൊട്ടുമുന്‍പ് ഇയാള്‍ ഒരു റൗണ്ട് എബൗട്ടില്‍വച്ച് വാഹനം വെട്ടിത്തിരിക്കുകയും നടപ്പാതയുടെ അരികില്‍ ഇടിച്ചുയരുകയുമായിരുന്നു. കാര്‍ ഇടിക്കുമ്പോള്‍ വലിയൊരു മുഴക്കം കേട്ടതായി സമീപവാസികളും പറയുന്നു.

അടിയന്തര രക്ഷാസേന ഉടന്‍ സ്ഥലത്തെത്തിയിരുന്നു. ഡ്രൈവറെ കാറിന്‍റെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഒന്നിലധികം എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ടെങ്കിലും ഡ്രൈവര്‍ക്ക് ജീവന് ഭീഷണിയായ പരിക്കുകളൊന്നുമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. അന്വേഷണ വിധേയമായി ഡ്രൈവറുടെ ലൈസൻസ് 90 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യുകയും 1,600 റൊമാനിയൻ ലിയു (ഏകദേശം 27,000 രൂപ) പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ENGLISH SUMMARY:

A terrifying accident was caught on CCTV in Oradea, Romania, when a 55-year-old Mercedes driver, suffering from diabetes, fainted while driving. The high-speed car hit a kerb at a roundabout, causing it to launch over a bus and two other cars before crashing into a metal pole near a petrol station, narrowly averting a major disaster. The driver sustained multiple bone fractures but his injuries are not life-threatening. Police have suspended his license for 90 days and fined him 1,600 RON (approx. ₹27,000) while a full investigation is underway. The viral video of the Mercedes 'flying' has sparked widespread online discussion.