പ്രതീകാത്മ ചിത്രം (എ.ഐ ജനറേറ്റഡ്).
ഒരു ജോലിക്കായുള്ള അഭിമുഖത്തില്‍ ‘നിങ്ങളുടെ ഫാമിലി പ്ലാനിങ്ങിനെ കുറിച്ച് പറയൂ, എന്നിട്ട് വേണം ടീം പ്ലാനിങ്ങ് തീരുമാനിക്കാന്‍’ എന്ന് കമ്പനിയുടെ എച്ച്.ആര്‍ പറഞ്ഞാല്‍ എന്തായിരുക്കും അവസ്ഥ? അങ്ങനെയൊരു സാഹചര്യത്തില്‍ കൂടി കടന്നുപോയതിനെക്കുറിച്ച് സമൂഹമാധ്യമത്തില്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഒരു യുവതി. ഈ ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം പകച്ചുപോയി എന്നാണ് യുവതി പറയുന്നത്.
ജോലിക്കായുള്ള ഇന്‍റര്‍വ്യൂവിന്‍റെ ഫൈനല്‍ റൗണ്ടില്‍ വച്ചാണ് അപ്രതീക്ഷമായി ചോദ്യം എച്ച്.ആറിന്‍റെ ഭാഗത്തുനിന്നുണ്ടായത് എന്ന് യുവതി പറയുന്നു. ടെക്നിക്കല്‍, മാനേജ്മെന്‍റ് തലത്തിലുള്ള കാര്യങ്ങളും ശമ്പളത്തിന്‍റെ കാര്യത്തിലുമെല്ലാം കമ്പനിയുടെ ഭാഗത്ത് നിന്ന് കൃത്യമായ നീക്കങ്ങളാണുണ്ടായത്. ഇന്‍റര്‍വ്യൂവില്‍ എല്ലാ ചോദ്യങ്ങള്‍ക്കും ഏറ്റവും നന്നായി തന്നെ മറുപടി നല്‍കാനായി. എന്നാല്‍ അവസാനം എച്ച്. ആര്‍ ചോദിച്ചത് കേട്ട് അമ്പരന്നു പോയി എന്നാണ് യുവതി പറയുന്നത്.
വരും വര്‍ഷങ്ങളില്‍ നിങ്ങള്‍ പ്രസവിക്കാന്‍ പ്ലാന്‍ ചെയ്തിട്ടുണ്ടോ? എന്നാണ് എച്ച്.ആര്‍ ഡയറക്ടര്‍ ചോദിച്ചത്. ഒരു നിമിഷം സ്തബ്ധയായി നിന്നതിനു ശേഷം വീണ്ടും ചോദ്യം ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. കേട്ടത് തെറ്റിപ്പോയോ എന്നറിയാനായിരുന്നു അത്. അദ്ദേഹം വീണ്ടും ചോദ്യം ആവര്‍ത്തിച്ചു, നിങ്ങളുടെ ഫാമിലി പ്ലാനിങ്ങിനെ കുറിച്ച് അറിയാന്‍ താല്‍പര്യമുണ്ട്. അതനുസരിച്ച് വേണം ടീം പ്ലാനിങ് നടത്താന്‍’ എന്നായിരുന്നു എച്ച്.ആര്‍ പറഞ്ഞതെന്ന് യുവതി പറയുന്നു.
ഈ ചോദ്യത്തിന് മറുപടി പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്ന് മറുപടി നല്‍കി. ഇതോടെ അതുവരെ നന്നായി പൊയ്ക്കൊണ്ടിരുന്ന ഇന്‍റര്‍വ്യൂ താറുമാറായി. പക്ഷേ ഒരിക്കലും അംഗീകരിക്കാവുന്നതോ, നിയമപരമോ ആയ ചോദ്യമല്ല ഇതെന്നും യുവതി കൂട്ടിച്ചേര്‍ത്തു. റെഡ്ഡിറ്റിലാണ് യുവതിയുടെ പ്രതികരണമുണ്ടായിരിക്കുന്നത്. ഇങ്ങനെ ചോദ്യങ്ങളെ ന്യായീകരിക്കാനാകില്ല എന്നാണ് പോസ്റ്റിന് പലരും കമന്‍റ് ചെയ്തിരിക്കുന്നത്. കമ്പനിക്കെതിരെ നിയമനടപടി വേണമെന്നടക്കം ആവശ്യപ്പെടുന്നവരുമുണ്ട്.