‘മാളികപ്പുറം’ സിനിമയുടെ വിജയത്തിന്ശേഷം മുന്‍കാമുകി ഫോണില്‍ വിളിച്ച് അഭിനയിക്കാന്‍ അവസരം ചോദിച്ച രസകരമായ അനുഭവം പങ്കുവച്ച് സിനിമയുടെ തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. താന്‍ നല്‍കിയ മറുപടി കേട്ടശേഷം അവള്‍ ഫോണ്‍ കട്ട് ചെയ്ത് പോയെന്നും അഭിലാഷ് പറയുന്നു. ‘ഷെഫ് നളന്‍’ എന്ന യൂട്യൂബ് ചാനലിലാണ് അഭിലാഷ് തന്‍റെ പ്രണയാനുഭവങ്ങളെക്കുറിച്ചും, സഹോദരന്‍റെ ആത്മഹത്യയെക്കുറിച്ചും അമ്മയെക്കുറിച്ചുമെല്ലാം തുറന്നു പറഞ്ഞത്.
‘കോളജിൽ പഠിച്ചിരുന്ന സമയത്ത് ഒരു പെണ്‍കുട്ടിയെ സീരിയസായി പ്രണയിച്ചിരുന്നു, ആ ഇഷ്ടം മുന്നോട്ട് പോയിരുന്നെങ്കില്‍ അവളെ തന്നെ കല്യാണം കഴിച്ചേനേ. പക്ഷേ തേപ്പെന്ന് ഒന്നും പറയുന്നില്ല, ഓരോരുത്തരുടെ മാനസികാവസ്ഥയാണ്. ചിലപ്പോൾ അവർക്ക് അത് വർക്കാകാത്തതുകൊണ്ടാകും പ്രണയം തകർന്നു. അതിന്‍റെ വാശിക്ക് അവളുടെ റൂം മേറ്റിനെ തന്നെ ആറ് വര്‍ഷത്തോളം പ്രണയിച്ച് കല്യാണം കഴിച്ചു.’ അഭിലാഷ് പിള്ള പറയുന്നു.
‘മാളികപ്പുറം’ സിനിമ ചെയ്തുകഴിഞ്ഞപ്പോള്‍ പഴയ കാമുകി വീണ്ടും മെസേജ് ഇട്ടു. പിന്നെ നമ്പര്‍ വാങ്ങി വിളിച്ചു. അവള്‍ ഇപ്പോള്‍ വിദേശത്താണ്. സിനിമയില്‍ അഭിനയിക്കാന്‍ ഒരു വേഷം തരുമോ എന്ന് ചോദിച്ചു. ജീവിതത്തില്‍ താന്‍ ഒരു വേഷം അവള്‍ക്കായി മാറ്റിവച്ചിരുന്നുവെന്നും അതിപ്പോള്‍ ഒരാള്‍ വീട്ടില്‍ വളരെ നന്നായി ചെയ്യുന്നുണ്ടെന്നും പറഞ്ഞു. മറുപടി കേട്ടതും അവള്‍ കോള്‍ കട്ട് ചെയ്ത് പോയെന്നും അഭിലാഷ് പറഞ്ഞു. എല്ലാ പ്രണയവും പൂവണിയണമെന്നല്ല. സഫലമായ എല്ലാ പ്രണയവും നിലനില്‍ക്കണമെന്നുമില്ല എന്നും അഭിലാഷ് പറഞ്ഞു. അകാലത്തില്‍ സംഭവിച്ച സഹോദരന്‍റെ ആത്മഹത്യ ജീവിതത്തിലിപ്പോഴും ഉണങ്ങാത്ത മുറിവാണെന്നും ചേട്ടന്‍റെ ഫൊട്ടോ എപ്പോഴും കയ്യില്‍ കൊണ്ട് നടക്കാറുണ്ടെന്നും അഭിലാഷ് അഭിമുഖത്തില്‍ മനസ്സ് തുറക്കുന്നുണ്ട്. ലോകത്ത് എവിടെ പോയാലും മിസ് ചെയ്യാറ് അമ്മയുണ്ടാക്കുന്ന ചോറും പുളിശേരിയും മാങ്ങാ അച്ചാറുമാണെന്നും അഭിലാഷ് പിള്ള പറയുന്നു.
‘സുമതി വളവ്’ ആണ് മാളികപ്പുറത്തിനുശേഷം അഭിലാഷ് തിരക്കഥയെഴുതിയ സിനിമ. ആ സിനിമയുടെ റീലീസ് സമയത്ത് നേരിട്ട സോഷ്യൽ മീഡിയ ആക്രമണങ്ങളില്‍ തളരാതെ തന്നെ പിടിച്ചു നിർത്തിയത് പൃഥ്വിരാജ് നൽകിയ മോട്ടിവേഷൻ ആയിരുന്നുവെന്നും അഭിലാഷ് വെളിപ്പെടുത്തി. 'ശീലം ഇല്ലാത്തതു കൊണ്ടാണ് ശീലം ആകുമ്പോൾ മാറിക്കോളും സങ്കടം, നിന്‍റെ ജോലി നീ ചെയ്തു’ എന്ന് പൃഥ്വിരാജ് പറഞ്ഞുവെന്നും അഭിലാഷ് പറഞ്ഞു.