ശനിയാഴ്ച നടക്കുന്ന ഓസ്ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പ് മലയാളികൾക്ക് അൽപം അഹങ്കാരത്തോടെ, അഭിമാനത്തോടെ കാണാം. കാരണം ഓസ്ട്രേലിയൻ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുന്നത് കേരളത്തിൽ വേരുകളുള്ള ഹന്ന തോമസാണ്. പത്തനംതിട്ട തിരുവല്ല സ്വദേശികളായ കെ.തോമസിന്‍റെയും വിജയമ്മ തോമസിന്‍റെയും കൊച്ചുമകളായ ഹന്ന തകർപ്പൻ വിജയം നേടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് നാട്.
മലേഷ്യൻ മുൻ അറ്റോണി ജനറൽ ടോണി തോമസിന്‍റെ മകളായ ഹന്നാ തോമസ് മലേഷ്യയിലാണ് ജനിച്ചു വളർന്നത്. 2009ൽ വിദ്യാർഥി വിസയിൽ ഓസ്ട്രേലിയയിലെത്തി. പതിയെ ഗ്രീൻ പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്കും. വിദേശത്താണെങ്കിലും വീഡിയോ കോളിലൂടെ നാട്ടിലെ ബന്ധുക്കളുമായി ബന്ധം ഊട്ടിയുറപ്പിക്കുന്ന ആളാണ് ഹന്നയെന്ന് ബന്ധുക്കൾ ഓർക്കുന്നു.
കാലാവസ്ഥ മാറ്റം, ജീവിതച്ചെലവിലെ വർധന, പാർപ്പിടം, പഠനം തുടങ്ങി ചെറുപ്പക്കാരെ ബാധിക്കുന്ന വിവിധ വിഷയങ്ങൾ മുന്നോട്ടുവെച്ചാണ് ഗ്രീൻസ് പാർട്ടിക്ക് വേണ്ടി ഹന്ന മത്സരിക്കുന്നത്. രണ്ടാമതും അധികാരത്തിലെത്താൻ ശ്രമിക്കുന്ന ലേബർ പാർട്ടിക്കാരനായ പ്രധാനമന്ത്രി അന്റോണി ആൽബനീസിന് ഹന്ന കടുത്ത വെല്ലുവിളി ഉയർത്തുമെന്ന് കുടുംബാംഗങ്ങൾ.
ഗ്രെയ്ൻഡ്‌ലറിൽ മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥി കൂടിയാണ് 29കാരി ഹന്ന. 1.8 കോടിയോളമുള്ള വോട്ടർമാർ വിധിയെഴുതുമ്പോൾ ഹന്ന അഭിമാനകരമായ വിജയം കൊയ്യുമെന്ന ഉറപ്പിലാണ് നാട്ടുകാർ.