ഹാരി എസ് ട്രൂമാന്‍.
ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ യുഎസ് വിമാനവാഹിനി കപ്പലായ യുഎസ്എസ് ഹാരി എസ്. ട്രൂമാനില്‍ നിന്ന് യുദ്ധവിമാനം കടലില്‍ വീണു. ഹൂതികളുടെ ആക്രമണത്തെ മറികടക്കാന്‍ വിമാനവാഹിനിക്കപ്പല്‍ വലിയ തോതില്‍ ചരിച്ചതോടെയാണ് യുദ്ധവിമാനം നഷ്ടമായതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.
കപ്പലിലുണ്ടായിരുന്ന സൈനികരെല്ലാം സുരക്ഷിതരാണ്. ഒരാള്‍ക്ക് നിസാര പരിക്കേറ്റതായി നേവി അറിയിച്ചു. കപ്പലിലെ ഹാംഗര്‍ ബേയില്‍ എഫ്/എ-18ഇ വലിച്ചുകൊണ്ടുവരുന്നതിനിടെ കപ്പലിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടെന്നും വിമാനവും ടോ ട്രാക്ടറും കടലില്‍ വീണെന്നും നാവികസേന അറിയിച്ചു. തിങ്കളാഴ്ച യുഎസ്എസ് ഹാരി ട്രൂമാന് നേരെ ഡ്രോണ്‍, മിസൈല്‍ ആക്രമണം നടത്തിയിരുന്നതായി ഹൂതികള്‍ അവകാശപ്പെട്ടു. ഹൂതികള്‍ക്ക് നേരെ ചെങ്കടലില്‍ നടക്കുന്ന യുഎസ് വ്യോമാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് ഈ പടക്കപ്പലാണ്.
കടലില്‍ വീണ യുദ്ധവിമാനം മുങ്ങിപ്പോയെന്നാണ് റിപ്പോര്‍ട്ട്. ഒരു എഫ്/എ 18 യുദ്ധവിമാനത്തിന് 60 മില്യണ്‍ ഡോളര്‍ ചിലവ് വരും. ഏകദേശം 510 കോടി രൂപ. ഇതാദ്യമായല്ല ചെങ്കടലില്‍ യുഎസ് സൈന്യത്തിന് എഫ്/എ-18 വിമാനം നഷ്ടമാകുന്നത്. കഴിഞ്ഞ വര്‍ഷാവസാനം യുഎസ്എസ് ഗെറ്റിസ്ബര്‍ഗ് ഗൈഡഡ് മിസൈല്‍ ക്രൂയിസര്‍ അബദ്ധത്തില്‍ ഒരു യുദ്ധ വിമാനം വെടിവെച്ചിട്ടിരുന്നു.