രണ്ടാം ലോകമഹായുദ്ധത്തിൽ സോവിയറ്റ് യൂണിയനും സഖ്യകക്ഷികളും നേടിയ വിജയത്തിന്റെ 80ാം വാര്‍ഷികത്തിന്‍റെ ഭാഗമായി യുക്രെയിനില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. മെയ് 8 ന് അർദ്ധരാത്രി മുതൽ മെയ് 10 വരെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മെയ് 9 നാണ് രണ്ടാം ലോകമഹായുദ്ധത്തിന്‍റെ വിജയ ദിനം റഷ്യ ആഘോഷിക്കുന്നത്.
ഈ ദിവസങ്ങളില്‍ എല്ലാ സൈനിക നടപടികളും അവസാനിപ്പിക്കുമെന്നും യുക്രെയിനും ഈ മാതൃക പിന്തുടരുമെന്ന് റഷ്യ വിശ്വസിക്കുന്നതായും ഭരണകൂടം പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ യുക്രെയിന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും തരത്തിലുള്ള വെടിനിര്‍ത്തല്‍ ലംഘനങ്ങളുണ്ടായാല്‍ അതേനാണയത്തില്‍ തിരിച്ചടിക്കുമെന്നും റഷ്യ പറയുന്നു.
ഈ മാസം ആദ്യം ഈസ്റ്റര്‍ ദിനത്തിലും പുടിന്‍ യുക്രെയിനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. ഈസ്റ്റര്‍ ദിനം അര്‍ധരാത്രിവരെ 30 മണിക്കൂര്‍ വെടിനിര്‍ത്തലാണ് പുടിന്‍ പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ ഇത് വെറും കൗശലമാണെന്ന് യുക്രെയിന്‍ പ്രസിഡന്‍റ് വൊളോഡിമര്‍ സെലന്‍സ്കി പ്രതികരിച്ചിരുന്നു. പിന്നാലെ ഈസ്റ്റര്‍ ദിനത്തിലും റഷ്യന്‍ അതിര്‍ത്തികളില്‍ ആക്രമണം തുടരുകയാണെന്ന് ആരോപിച്ച് സെലന്‍സ്കി രംഗത്തെത്തുകയും ചെയ്തു.
അതേസമയം കഴിഞ്ഞയാഴ്ച മോസ്കോയിൽ വെച്ച് യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിനോട് യുക്രെയിനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പുടിൻ പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും ഒത്തുതീർപ്പിലെത്താൻ റഷ്യയ്ക്ക് ഉദ്ദേശ്യമില്ലെന്നാണ് യുഎസിന്‍റെ അനുമാനം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു കാരണവുമില്ലാതെ സിവിലിയൻ പ്രദേശങ്ങളിലേക്കും നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും റഷ്യ മിസൈലുകൾ തൊടുത്തുവിടുന്നുണ്ട്. യുദ്ധം നിർത്താൻ അദ്ദേഹത്തിന് താൽപ്പര്യമില്ലായിരിക്കാം. കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ വ്യത്യസ്ത വഴികള്‍ നോക്കേണ്ടി വരുമെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഇതിനിടെ ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിനിടെ സെലെൻസ്‌കിയെ ട്രംപ് കാണുകയും ചെയ്തിരുന്നു.