ഇന്ത്യയ്ക്കെതിരെ ഭീഷണിയുമായി പാക്കിസ്ഥാന്‍ റെയിൽവേ മന്ത്രി ഹനീഫ് അബ്ബാസി. 130 ആണവായുധങ്ങളും മിസൈലുകളും ഇന്ത്യയ്ക്കു വേണ്ടി മാത്രം സൂക്ഷിച്ചിട്ടുണ്ടെന്ന് ഹനീഫ് അബ്ബാസി മുന്നറിയിപ്പ് നൽകി. ജലവിതരണം നിർത്തിയാൽ യുദ്ധത്തിന് തയ്യാറെടുക്കും. വ്യോമാതിർത്തി അടച്ചിടൽ പാകിസ്താൻ തുടർന്നാൽ ഇന്ത്യൻ വിമാന കമ്പനികൾ തകരുമെന്നും പാക് റെയിൽവേ മന്ത്രി വ്യക്തമാക്കി.സിന്ധു നദീജല കരാർ നിർത്തിവച്ചുകൊണ്ട് പാകിസ്താനിലെ ജലവിതരണം നിർത്താൻ ഇന്ത്യ ധൈര്യപ്പെട്ടാൽ അത് ഒരു പൂർണ്ണ തോതിലുള്ള യുദ്ധത്തിന് തയ്യാറെടുക്കണമെന്ന് അബ്ബാസി പറഞ്ഞു.
പാകിസ്താന്റെ ആണവായുധങ്ങൾ പ്രദർശിപ്പിക്കാനുള്ളതല്ലെന്നും, അവയുടെ സ്ഥാനങ്ങൾ രാജ്യത്തുടനീളം ഒളിഞ്ഞിരിക്കുന്നുവെന്നും, പ്രകോപനമുണ്ടായാൽ ആക്രമിക്കാൻ തയ്യാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ‘അവർ നമുക്കുള്ള ജലവിതരണം നിർത്തിയാൽ, അവർ ഒരു യുദ്ധത്തിന് തയ്യാറാകണം. നമ്മുടെ കൈവശമുള്ള സൈനിക ഉപകരണങ്ങൾ, മിസൈലുകൾ പ്രദർശിപ്പിക്കാനുള്ളതല്ല. രാജ്യത്തുടനീളം നമ്മുടെ ആണവായുധങ്ങൾ എവിടെയാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ആർക്കും അറിയില്ല. ഞാൻ വീണ്ടും പറയുന്നു, ഈ ബാലിസ്റ്റിക് മിസൈലുകൾ, അവയെല്ലാം നിങ്ങളെ ലക്ഷ്യം വച്ചുള്ളതാണ്’ പാക് മന്ത്രി മുന്നറിയിപ്പ് നൽകി.
26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിന് ശേഷം പാകിസ്താനെതിരെ ഇന്ത്യ നിരവധി പ്രത്യാക്രമണങ്ങൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 1960 ലെ സിന്ധു നദീജല കരാർ താൽക്കാലികമായി നിർത്തിവയ്ക്കാനും പാകിസ്ഥാൻ പൗരന്മാർക്കുള്ള എല്ലാ വിസകളും റദ്ദാക്കാനുമുള്ള തീരുമാനം ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.
അതേ സമയം പാക്കിസ്ഥാന്‍ പൗരന്‍മാര്‍ക്ക് ഇന്ത്യവിടാന്‍ അനുവദിച്ച സമയപരിധി ഇന്നവസാനിക്കും. മെഡിക്കല്‍ വിസയൊഴികെയുള്ള എല്ലാ വീസകളും ഇന്നത്തോടെ അസാധുവാകുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. മെഡിക്കല്‍ വീസയില്‍ വന്നവര്‍ക്ക് മടങ്ങാന്‍ ചൊവ്വാഴ്ചവരെ സമയം അനുവദിച്ചിട്ടുണ്ട്. അതേസമയം ദീര്‍ഘകാല വീസയുള്ള ഹിന്ദുക്കളായ പാക് പൗരന്‍മാര്‍ക്ക് ഇന്ത്യയില്‍ തുടരാമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.