Police officers work at the scene, after a vehicle drove into a crowd at the Lapu Lapu day block party, in which police say multiple people were killed and injured, in Vancouver, Canada April 26, 2025. REUTERS/Chris Helgren

TOPICS COVERED

  • ധാരാളം പേര്‍ക്ക് പരുക്കേറ്റു
  • ഡ്രൈവറെ കസ്റ്റഡിയിലെടുത്തെന്ന് വാന്‍കൂവര്‍ പൊലീസ്
  • അപകടം ലാപുലാപു ആഘോഷത്തിനിടെ

കാനഡയില്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കാര്‍ പാഞ്ഞുകയറി നിരവധിപ്പേര്‍ കൊല്ലപ്പെട്ടു. വാന്‍കൂവറില്‍ നടന്ന ലാപുലാപു ആഘോഷത്തില്‍ പങ്കെടുത്തിരുന്ന ജനക്കൂട്ടത്തിനിടയിലേക്കാണ് പ്രാദേശിക സമയം രാത്രി എട്ടുമണിയോടെ കാര്‍ പാഞ്ഞുകയറിയത്. എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഡ്രൈവറെ കസ്റ്റഡിയലെടുത്തതായി വാന്‍കൂവര്‍ പൊലീസ് സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു. നിരവധിപ്പേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും വിശദവിവരങ്ങള്‍ ലഭ്യമാകുന്നത് അനുസരിച്ച് പങ്കുവയ്ക്കുമെന്നും വാന്‍കൂവര്‍ പൊലീസിന്‍റെ ട്വീറ്റില്‍ വ്യക്തമാക്കുന്നു. 

ഏകദേശം മുപ്പത് വയസ് പ്രായം വരുന്ന വാന്‍കൂവര്‍ സ്വദേശിയാണ് കസ്റ്റഡിയിലായതെന്നാണ് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഫിലിപ്പിനോ വിഭാഗത്തിന്‍റെ പ്രധാന ആഘോഷമായ ലാപു ലാപുവില്‍ പങ്കുചേരാന്‍ ആയിരത്തിലധികം പേരാണ് റോഡില്‍ തടിച്ചുകൂടിയിരുന്നതെന്നും ഇവര്‍ക്കിടയിലേക്ക് അമിതവേഗത്തില്‍ എത്തിയ എസ്​യുവി പാഞ്ഞുകയറുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തിയതായി വാന്‍കൂവര്‍ സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരിപാടി കഴിഞ്ഞതിന് പിന്നാലെയാണ് ഫുഡ് ട്രക്കുകളും കച്ചവടവും നടക്കുന്ന സ്ട്രീറ്റില്‍ അപകടം ഉണ്ടായതെന്നും റിപ്പോര്‍ട്ട് വിശദമാക്കുന്നു. 

അപകടം തന്നെ നടുക്കമുളവാക്കുന്നതാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാമെന്നും കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍നി പ്രതികരിച്ചു. വംശീയ ആക്രമണമാണോ അതോ ഭീകരാക്രമണമാണോ എന്നതിലടക്കം വിവരങ്ങള്‍ വിശദമായ അന്വേഷണത്തിന് ശേഷമേ പുറത്തുവരികയുള്ളൂവെന്നും അധികൃതര്‍ വ്യക്തമാക്കി

എന്താണ് ലാപുലാപു ആഘോഷം? ഫിലിപ്പീന്‍സിലെ സാമ്രാജ്യത്വ വിരുദ്ധ ധീരനേതാവായിരുന്ന ലാപുലാപുവിന്‍റെ സ്മരണാര്‍ഥം നടത്തുന്ന ആഘോഷമാണ് ലാപുലാപു ഡേ.1521 ല്‍ പോര്‍ച്ചുഗീസ് പര്യവേഷകനായിരുന്ന ഫെര്‍ഡിനന്‍റ് മഗല്ലനെ യുദ്ധത്തില്‍ പരാജയപ്പെടുത്തിയ ധീരനാണ് ഫിലിപ്പീന്‍സുകാര്‍ക്ക് ലാപുലാപു. ലാപുലാപു ദിവസം സാധാരണയായി ചലച്ചിത്ര പ്രദര്‍ശനം, സംഗീത–നൃത്ത നിശ എന്നിവയാണ് സാധാരണയായി സംഘടിപ്പിക്കാറുള്ളത്. ഇക്കുറി ആഘോഷങ്ങളെല്ലാം കഴിഞ്ഞ് ആളുകള്‍ പിരിയുന്നതിനിടയിലാണ് അപകടം ഉണ്ടായത്.

ENGLISH SUMMARY:

Tragedy strikes Vancouver as a car speeds into a crowd during the Lapu Lapu celebration, causing multiple deaths and injuries. Police have taken the driver into custody and investigations are ongoing.