ഫയല്‍ ചിത്രം
ഇന്നലെയാണ് ഈസ്റ്റര്‍ ദിനത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിന്‍ രംഗത്തെത്തിയത്. ഈസ്റ്റര്‍ ദിനം അര്‍ധരാത്രിവരെ 30 മണിക്കൂര്‍ വെടിനിര്‍ത്തലാണ് പുടിന്‍ പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപനത്തിന് പിന്നാലെ ഇത് വെറും കൗശലമാണെന്ന് യുക്രെയിന്‍ പ്രസിഡന്‍റ് വൊളോഡിമര്‍ സെലന്‍സ്കി പ്രതികരിച്ചിരുന്നു. ഇന്നിതാ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും റഷ്യന്‍ അതിര്‍ത്തികളില്‍ ആക്രമണം തുടരുകയാണെന്ന് ആരോപിച്ച് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് സെലന്‍സ്കി.
യുക്രെയിന്‍ കമാന്‍ഡര്‍ ഇന്‍ ചീഫിനെ ഉദ്ദരിച്ച് എക്സില്‍ പങ്കുവച്ച് പോസ്റ്റില്‍ കുർസ്ക്, ബെൽഗൊറോഡ് മേഖലകളില്‍ റഷ്യന്‍ ആക്രമണം തുടരുന്നതായി സെലന്‍സ്കി വ്യക്തമാക്കി. ‘എല്ലായിടത്തെയും സ്ഥിതിഗതികള്‍ ഞങ്ങള്‍ നിരീക്ഷിച്ചുവരികയാണ്. പുടിന്റെ ഈസ്റ്റർ പ്രസ്താവനകൾ കുർസ്ക്, ബെൽഗൊറോഡ് മേഖലകളെ ബാധിച്ചിട്ടില്ലെന്ന് തോന്നുന്നു. റഷ്യയുടെ ശത്രുതയും ആക്രമണങ്ങളും തുടരുകയാണ്. റഷ്യൻ നേതാവ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും പലയിടത്തും റഷ്യൻ പീരങ്കികളുടെ ശബ്ദം കേള്‍ക്കാം. റഷ്യന്‍ ഡ്രോണുകളേയും കാണാം’ സെലന്‍സ്കി കുറിച്ചു.
‘30 ദിവസത്തെ പൂർണമായ വെടിനിര്‍ത്തലിനുള്ള കരാര്‍ ഇപ്പോളും മേശപ്പുറത്തിരിക്കുകയാണ്. അതിനുള്ള ഉത്തരം മോസ്കോ നല്‍കണം. കഴിയുന്നത്ര ക്രിയാത്മകമായി സമാധാനത്തിലേക്ക് നീങ്ങാൻ യുക്രെയിന്‍ തയ്യാറാണ്. പക്ഷേ അതേ നിലപാട് റഷ്യയില്‍ നിന്നും പ്രതീക്ഷിക്കുന്നു. ഇപ്പോൾ ഈ യുദ്ധത്തിന്റെ ഉത്തരവാദി ആരാണെന്ന് വ്യക്തമാണ്. ഈ യുദ്ധത്തിന്റെയും അതിന്റെ ദൈർഘ്യത്തിന്റെയും ഏക കാരണം റഷ്യയാണ്’ സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.
നേരത്തെ, അമേരിക്കയുടെ മധ്യസ്ഥതയിലുള്ള ചര്‍ച്ചകളില്‍ 30 ദിവസത്തെ വെടിനിര്‍ത്തലിന് യുക്രെയിന്‍ തയ്യാറായിരുന്നതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ റഷ്യ നിരസിക്കുകയായിരുന്നു. ‘മുപ്പത് മണിക്കൂറിലെ വെടിനിര്‍ത്തല്‍ കൊണ്ട് ഒരു മാറ്റവും ഉണ്ടാകില്ല, അതിന് തലക്കെട്ടുകള്‍ നിര്‍മ്മിക്കാന്‍ മാത്രമേ സാധിക്കൂ. 30 ദിവസത്തിന് സമാധാനം കൊണ്ടുവരാന്‍ സാധിക്കും’. സെലന്‍സ്കി പറഞ്ഞു. പുടിന്‍ പറയുന്നതല്ല പ്രവര്‍ത്തിക്കുന്നതെന്ന് ചരിത്രം തെളിയിക്കുന്നതാണെന്ന് യുക്രെയിന്‍റെ വിദേശകാര്യ മന്ത്രിയും പറഞ്ഞു.
മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തലെന്നും യുക്രെയ്ൻ തങ്ങളുടെ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നുമാണ് ഇന്നവെ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കവേ റഷ്യ പറഞ്ഞത്. എന്നാല്‍ യുക്രെയിന്‍റെ ഭാഗത്തുനിന്ന് വെടിനിർത്തൽ ലംഘനമോ പ്രകോപനമോ ഉണ്ടായാൽ പ്രതിരോധിക്കാനും സൈന്യം മടിക്കില്ലെന്നും പുട്ടിൻ പറഞ്ഞിരുന്നു. അതിനിടെ യുദ്ധത്തിനിടെ തടവിലാക്കപ്പെട്ടവരെ പരസ്പരം കൈമാറുന്നതിന് റഷ്യയും യുക്രെയ്നും ധാരണായിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച 246 തടവുകാരെ ഇരുരാജ്യങ്ങളും പരസ്പരം കൈമാറിയിരുന്നു.